| Sunday, 22nd March 2026, 6:39 pm

പൊള്ളാര്‍ഡേ വാര്‍ണറേ സെയ്ഫല്ല; റെക്കോഡുകള്‍ കടപുഴക്കാന്‍ സഞ്ജുവിറങ്ങുന്നു

ആദര്‍ശ് എം.കെ.

ഐ.പി.എല്‍ പൂരത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കാലെടുത്ത് വെക്കാന്‍ ഇനി കേവലം ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. മാര്‍ച്ച് 28ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഓപ്പണിങ് മാച്ചില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

ഇക്കഴിഞ്ഞ ടി-20 ലോകകപ്പില്‍ സിക്സറുകള്‍ കൊണ്ട് ആകാശം നിറച്ച സഞ്ജുവടക്കമുള്ള വെടിക്കെട്ട് വീരന്‍മാരുടെ മിന്നും പ്രകടനത്തിന് തന്നെയാണ് ആരാധകര്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നത്.

ടി-20 ലോകകപ്പിലെ സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാമനായ സഞ്ജു ഐ.പി.എല്ലിലെ സിക്‌സറടി വീരന്‍മാരുടെ പട്ടികയില്‍ എട്ടാമനാണ്. 2013ല്‍ ആരംഭിച്ച ഐ.പി.എല്‍ കരിയറില്‍ രാജസ്ഥാന്‍ റോയല്‍സിനും ദല്‍ഹി ക്യാപ്പിറ്റല്‍സിനും (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) വേണ്ടി 172 ഇന്നിങ്സില്‍ നിന്നും 219 സിക്സറുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.

ഈ ലോകകപ്പിലെ അഞ്ച് ഇന്നിങ്സില്‍ നിന്നും 24 സിക്സറുകളുമായി ഒന്നാമതെത്തിയ സഞ്ജു അതേ ഫോം തന്നെ ഐ.പി.എല്ലിലും തുടര്‍ന്നാല്‍ ടോപ്പ് ഫൈവിലും സ്ഥാനം പിടിക്കാന്‍ അവസരമൊരുങ്ങും.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ താരങ്ങള്‍

(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 141 – 357

രോഹിത് ശര്‍മ – 267 – 302

വിരാട് കോഹ്‌ലി – 259 – 291

എം.എസ്. ധോണി – 242 – 264

എ.ബി. ഡി വില്ലിയേഴ്സ് – 170 – 264

ഡേവിഡ് വാര്‍ണര്‍ – 184 – 236

ആന്ദ്രേ റസല്‍ – 115 – 223

കെയ്റോണ്‍ പൊള്ളാര്‍ഡ് – 171 – 223

സഞ്ജു സാംസണ്‍ – 172 – 219

കെ.എല്‍. രാഹുല്‍ – 136 – 208

സുരേഷ് റെയ്ന – 200 – 203

രാജസ്ഥാന്‍ റോയല്‍സിനൊപ്പം

പുതിയ സീസണില്‍ പുതിയ ടീമിനൊപ്പമാണ് സഞ്ജു കളത്തിലിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ ലെജന്‍ഡ് സ്റ്റാറ്റസ് നേടിയെടുത്തതിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമാണ് സഞ്ജു ഐ.പി.എല്‍ 2026ല്‍ കളത്തിലിറങ്ങുക.

ഈ സീസണോടെ എം.എസ്. ധോണി ഐ.പി.എല്ലിനോട് വിടപറയുകയും വിക്കറ്റ് കീപ്പര്‍ ഗ്ലൗവും ക്യാപ്റ്റന്‍സിയും സഞ്ജുവിന് സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സൂപ്പര്‍ കിങ്സിന്റെ ആദ്യ മത്സരം എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി. മാര്‍ച്ച് 30നാണ് മത്സരം.

Content highlight: Most sixes For Indian Premier League; Sanju Samson on 8th

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more