| Sunday, 2nd August 2026, 3:30 pm

നീലവാന ചോലയില്‍ മുതല്‍ ഏതോ പ്രിയരാഗം വരെ; മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട മൊഴിമാറ്റ ഗാനങ്ങള്‍, വൈറലായി പോസ്റ്റ്

അശ്വിന്‍ രാജേന്ദ്രന്‍

അന്യഭാഷ ചിത്രങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റുള്ള ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ നിന്നും മൊഴിമാറ്റിയെത്തുന്ന ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് കേരളത്തിലെ സാറ്റലൈറ്റ് ചാനലുകളില്‍ ലഭിക്കാറുള്ളത്. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റിയ ചിത്രങ്ങള്‍ക്ക് വര്‍ഷങ്ങള്‍ മുമ്പ് തന്നെ ഇത്തരത്തില്‍ വലിയ ആരാധക പിന്തുണ ലഭിച്ചിരുന്നു. അടുത്തിടെ റീ റിലീസ് ചെയ്ത താരത്തിന്റെ ഹാപ്പി ബി ഹാപ്പിയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.

ചിത്രത്തിലെ ഗാനരംഗങ്ങള്‍ക്ക് തിയേറ്ററുകളില്‍ ചുവടുവെയ്ക്കുന്ന കാണികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളം ഗാനങ്ങളെന്ന് തോന്നുന്ന വിധത്തിലായിരുന്നു ചിത്രത്തിലെ ഗാനങ്ങളെല്ലാം അണിയറപ്രവര്‍ത്തകര്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിരുന്നത്. ഹാപ്പിയിലേത് മാത്രമല്ല അല്ലു അര്‍ജുന്റേതായി പുറത്തിറങ്ങിയ മറ്റ് മൊഴിമാറ്റ ചിത്രങ്ങളിലെ ഗാനങ്ങളെല്ലാം തന്നെ വലിയ പ്രേക്ഷക പിന്തുണ നേടിയവയാണ്. ഇത്തരത്തില്‍ മലയാളത്തില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട മൊഴിമാറ്റിയ ഗാനങ്ങളെ കുറിച്ചുള്ള കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

Photo: X.com

ഫേസ്ബുക്ക് പേജായ മൂവി സ്ട്രീറ്റില്‍ അരുണ്‍ പോള്‍ അളക്കലാണ് ഇത്തരത്തില്‍ മലയാളത്തിലെ ഏറ്റവും മികച്ച മൊഴിമാറ്റ ഗാനങ്ങളെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചത്. വരികളുടെ അര്‍ത്ഥം അതേപടി വിവര്‍ത്തനം ചെയ്യുമ്പോള്‍ പാട്ടിന്റെ ഈണം തെറ്റാന്‍ സാധ്യതയുണ്ടെന്നിരിക്കെ മറ്റൊരു ഭാഷയില്‍ ഒരുക്കിയ പാട്ടാണെന്ന് തോന്നിപ്പിക്കാത്ത വിധത്തില്‍ വിവര്‍ത്തനം ചെയ്ത ഗാനങ്ങളെ കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്.

ഇതില്‍ ആദ്യ രണ്ട് സ്ഥാനവും നല്‍കിയിരിക്കുന്നത് അല്ലു അര്‍ജുന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കാണെന്ന് കാണാം. 2004ല്‍ പുറത്തിറങ്ങിയ ആര്യയിലെ ‘ഏതോ പ്രിയരാഗം മൂളി ഞാന്‍’ എന്ന ഗാനമാണ് ആദ്യ സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്താകട്ടെ അല്ലു അര്‍ജുന്‍ നായകനായി 2008ല്‍ പുറത്തിറങ്ങിയ ‘ചെമ്പനീര്‍ പൂവേ നീ’ ആണ്.

മൂന്നാം സ്ഥാനത്തുള്ളത് ഒരു തെലുങ്ക് ചിത്രത്തില്‍ നിന്നും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ഗാനമായ ‘നിനക്കായി സ്‌നേഹത്തിന്‍ മൗനജാലകം തുറന്നൂ ഞാന്‍’ ആണ്. കേരളത്തില്‍ വലിയ വിഭാഗം ആരാധകരുള്ള ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലേതാണ് ഗാനം. ദുല്‍ഖര്‍ ചിത്രമായ സീതാരാമത്തിലെ ‘ആരോമല്‍ പൂവ് പോലെന്നില്‍’ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തുണ്ട്. ശ്യാം സിംഗ റോയിയിലെ ‘ഓ ചന്ദ്രിക’ എന്ന ഗാനമാണ് അടുത്തതായി പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Photo: X.com

അതേസമയം പോസ്റ്റില്‍ പത്താം സ്ഥാനത്തുള്ള ‘നീലവാന ചോലയില്‍ എന്ന ഗാനമാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. പലര്‍ക്കും ഒരു മൊഴിമാറ്റ ഗാനമെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള പാട്ടായിരുന്നു ഇത്. കമല്‍ഹാസനും ശ്രീദേവിയും പ്രധാനവേഷത്തിലെത്തിയ പ്രേമാഭിഷേകം എന്ന തമഴ് ചിത്രത്തിലെ ഗാനം മലയാളത്തിലേക്ക് മെഴിമാറ്റിയത് അവിശ്വസിനീയമായ രീതിയിലാണ്. ഇന്നും മലയാളികളുടെ പ്ലേലിസ്റ്റില്‍ ഇടം പിടിച്ച ഗാനങ്ങളിലൊന്നാണ് നീലവാന ചോലയില്‍.

Content Highlight: Most liked Malayalam movie songs that translated from another language

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more