| Wednesday, 17th December 2025, 8:39 am

30 ലക്ഷത്തില്‍ നിന്ന് കോടികളിലേക്ക്; പണം വാരി യുവതാരങ്ങള്‍!

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ന് മുന്നോടിയായുള്ള മിനി താരലേലം കഴിഞ്ഞ ദിവസമാണ് ദുബായിയില്‍ നടന്നത്. ഏറ്റവും മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ഓരോ ഫ്രാഞ്ചൈസിയും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്. വമ്പന്‍മാരെ ടീമിലെത്തിക്കാന്‍ ഏറ്റവും കൂടുതല്‍ തുകയെറിഞ്ഞത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്സുമാണ്.

മിനി ലേലത്തില്‍ ഏറ്റവും വിലയേറിയ താരമായത് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ്. താരത്തെ 25.20 കോടി നല്‍കിയാണ് കെ.കെ.ആര്‍ ടീമിലെത്തിച്ചത്. ഈ ലിസ്റ്റില്‍ രണ്ടാമതുള്ളത് ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയാണ്. താരം നേടിയതാകട്ടെ 14 കോടിയും. ഇവര്‍ മാത്രമല്ല, പല ഇന്ത്യന്‍ അണ്‍ ക്യാപ്പ്ഡ് താരങ്ങളും ലേലത്തില്‍ നേട്ടം കൊയ്തു. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനങ്ങളാണ് ഈ താരങ്ങളുടെ എല്ലാം ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്.

പ്രശാന്ത് വീറും കാർത്തിക് ശർമയും . Photo: Chennai Super Kings/x.com

അതില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്പിന്‍ ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറാണ്. വെറും 30 ലക്ഷം ബേസ് പ്രൈസില്‍ എത്തിയ താരം നേടിയെടുത്തത് 14. 20 കോടിയാണ്. മുംബൈ ഇന്ത്യന്‍സ് (എം.ഐ), ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് (എല്‍.എസ്.ജി), രാജസ്ഥാന്‍ റോയല്‍സ് (ആര്‍.ആര്‍), സണ്‍റൈസേഴ്സ് ഹൈദരാബാദ് (എസ്.ആര്‍.എച്ച്) എന്നിവരുടെ കടുത്ത പോരാട്ടത്തെ മറികടന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സ് യു.പി താരത്തെ സ്വന്തം തട്ടകത്തിലെത്തിച്ചത്.

അണ്‍ ക്യാപ്പ്ഡ് താരങ്ങളില്‍ കൂടുതല്‍ തുക നേടിയവരില്‍ രണ്ടാമെത്തിയത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കാര്‍ത്തിക് ശര്‍മയാണ്. സി.എസ്.കെ തന്നെയാണ് താരത്തെയും റാഞ്ചിയത്. 30 ലക്ഷം തന്നെയായിരുന്നു മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തിന്റെ ബേസ് പ്രൈസ്. പ്രശാന്ത് വീറിനെ പോലെ തന്നെ എം.ഐ, എല്‍.എസ്.ജി, കെ.കെ.ആര്‍, എസ്.ആര്‍.എച്ച് എന്നീ ടീമുകളും താരത്തിന് വേണ്ടി രംഗത്തെത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല.

ആഖിബ് നബി ദാർ. Photo: Delhi Capitals/x.com

ഇവര്‍ രണ്ട് പേര് മാത്രമല്ല, മറ്റ് ചില ഇന്ത്യന്‍ അണ്‍ക്യാപ്പ്ഡ് താരങ്ങളും തങ്ങളുടെ സാലറി വര്‍ധിപ്പിച്ചിട്ടുണ്ട്. ജമ്മു കാശ്മീര്‍ താരം ആഖിബ് നബി ദാര്‍, മധ്യപ്രദേശ് താരം മങ്കേഷ് യാദവ്, തേജസ്വി സിങ് എന്നിവരാണ് കോടികള്‍ വാരിയത്. ഇവരുടെയെല്ലാം ബേസ് പ്രൈസ് 30 ലക്ഷ്യമായിരുന്നു എന്നതാണ് കൗതുകം.

ആഖിബ് നബി 8.40 കോടിയാണ് നേടിയെടുത്തത്. ദല്‍ഹി ക്യാപിറ്റല്‍സാണ് താരത്തെ സ്വന്തമാക്കിയത്. ആര്‍.ആര്‍, ആര്‍.സി.ബി എന്നിവരും താരത്തിനായി രംഗത്തുണ്ടായിരുന്നു. അതേസമയം, മങ്കേഷ് 5.20 കോടി നേടിയപ്പോള്‍ തേജസ്വി മൂന്ന് കോടിയാണ് സ്വന്തമാക്കി. യഥാക്രമം ആര്‍.സി.ബി, കെ.കെ.ആര്‍ എന്നിവരാണ് ഈ താരങ്ങളെ തങ്ങളുടെ സ്‌ക്വാഡില്‍ ചേര്‍ത്തത്.

Content Highlight: Most expensive Indian Uncapped players in IPL Mini Auction 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more