സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ വീണ്ടും തോല്‍വി മുമ്പില്‍ കാണുകയാണ്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 489 റണ്‍സിന്റെ ഒന്നാം ഇന്നിങ്,സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 201ന് പുറത്തായി. ഇന്ത്യയെ ഫോളോ ഓണിനയക്കാതെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക മൂന്നാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 26 എന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്.
സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)
സൗത്ത് ആഫ്രിക്ക: 489 & 26/0
ഇന്ത്യ: 201
97 പന്തില്‍ 58 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ഹോം ഗ്രൗണ്ടിന്റെ അഡ്വാന്റേജ് മുതലാക്കാന്‍ വീണ്ടും ഇന്ത്യയ്ക്ക് സാധിക്കാതെ പോയ കാഴ്ചയ്ക്കാണ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയം സാക്ഷിയായത്. ക്യാപ്റ്റന്‍ റിഷബ് പന്ത് അടക്കമുള്ളവര്‍ ചെറുത്തുനില്‍ക്കാന്‍ പോലും പ്രയാസപ്പെട്ടു. വെറും എട്ട് പന്ത് മാത്രമാണ് റിഷബ് പന്തിന് ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചത്.
ഇന്ത്യന്‍ നിരയില്‍ വെറും നാല് താരങ്ങള്‍ മാത്രമാണ് 50+ പന്തുകള്‍ നേരിട്ടത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ടത്. പേസര്‍മാരും സ്പിന്നര്‍മാരും മാറി മാറി ഭീഷണി ഉയര്‍ത്തിയെങ്കിലും 134ാം പന്തില്‍ മാത്രമാണ് ചൈനാമാന്‍ സ്പിന്നറെ മടക്കാന്‍ പ്രോട്ടിയാസിന് സാധിച്ചത്. ഇന്ത്യന്‍ നിരയില്‍ നൂറ് പന്ത് നേരിട്ട ഏക താരവും കുല്‍ദീപ് തന്നെ.
ഇതോടെ മത്സരത്തില്‍ ഒരു ചരിത്ര നേട്ടവും പിറവിയെടുത്തു. ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഏഴാം നമ്പറോ അതിന് ശേഷമോ കളത്തിലിറങ്ങുന്ന താരങ്ങള്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട മത്സരമെന്ന നേട്ടമാണ് ഗുവാഹത്തി ടെസ്റ്റ് സ്വന്തമാക്കിയത്.
സേനുരന്‍ മുത്തുസ്വാമി (206), കൈല്‍ വെരായ്‌നെ (91), സൈമണ്‍ ഹാര്‍മര്‍ (17), കേശവ് മഹാരാജ് (31) എന്നിവര്‍ സൗത്ത് ആഫ്രിക്കന്‍ നിരയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ കൂടുതല്‍ പന്ത് നേരിട്ട് ചെറുത്തുനിന്നപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി (18), വാഷിങ്ടണ്‍ സുന്ദര്‍ (92), കുല്‍ദീപ് യാദവ് (134), ജസ്പ്രീത് ബുംറ (17), മുഹമ്മദ് സിറാജ് (6) എന്നിവര്‍ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരെയും ചെറുത്തുനിന്നു.
ഇന്ത്യ വേദിയാകുന്ന ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഏഴാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഏറ്റവുമധികം പന്തുകള്‍
(ടീമുകള്‍ – പന്ത് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ഇന്ത്യ & സൗത്ത് ആഫ്രിക്ക – 734 – ഗുവാഹത്തി – 2025*
ഇന്ത്യ & ഇംഗ്ലണ്ട് – 710 – ദല്‍ഹി – 1984
ഇന്ത്യ & ഇംഗ്ലണ്ട് – 664 – മൊഹാലി – 2016
ഇന്ത്യ & പാകിസ്ഥാന്‍ – 633 – അഹമ്മദാബാദ് – 1987
പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി ചോദിച്ചുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിലും തോല്‍വി മുമ്പില്‍ കാണുകയാണ്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ 314 റണ്‍സിന് മുമ്പിലാണ്.
പരമ്പര കൈവിടാതെ കാക്കാന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. എന്നാല്‍ ഗുവാഹത്തി ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാല്‍ പോലും പ്രോട്ടിയാസിന് പരമ്പര സ്വന്തമാക്കാം.
Content Highlight: Most balls faced by number 7 & lower batter in the first innings in India in Tests