| Wednesday, 2nd September 2026, 2:30 pm

മസ്ജിദിന് തീവെച്ചു, പ്രാര്‍ത്ഥനയ്ക്കിടെ കണ്ണീര്‍വാതകം പ്രയോഗിച്ചു: വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ ആക്രമണം

അഞ്ജു ചന്ദ്രന്‍

റാമല്ല: വെസ്റ്റ് ബാങ്കിലെ രണ്ട് മസ്ജിദുകള്‍ക്ക് നേരെ ഇസ്രഈല്‍ സേനയുടെയും കുടിയേറ്റക്കാരുടെയും ആക്രമണം. വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഗ്രാമമായ ബസാരിയയിലെ ‘നൂര്‍ അല്‍-ദിന്‍ സാങ്കി’ മസ്ജിദിന് നേരെ ഇസ്രഈലി കുടിയേറ്റക്കാര്‍ തീകൊളുത്തുകയും വംശീയ അധിക്ഷേപ സന്ദേശങ്ങള്‍ ഭിത്തികളില്‍ എഴുതിവെക്കുകയും ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സമീപത്തുള്ള മറ്റൊരു പള്ളിയില്‍ പ്രാര്‍ത്ഥനയിലായിരുന്ന വിശ്വാസികള്‍ക്ക് നേരെ ഇസ്രഈല്‍ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് മസ്ജിദിനുള്ളിലുണ്ടായിരുന്ന നിരവധിയാളുകള്‍ക്ക് ശ്വാസം മുട്ടലുണ്ടായി.

ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരം ആസൂത്രിതമായ ആക്രമണങ്ങള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണെന്നും മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഫലസ്തീന്‍ മതകാര്യമന്ത്രാലയവും പ്രസിഡന്‍സിയും മുന്നറിയിപ്പ് നല്‍കി.

2023 ഒക്ടോബര്‍ ഏഴിനും 2026 ജൂലൈ 24 നും ഇടയില്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 1,122 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി യു.എന്‍ ദുരിതാശ്വാസ ഏജന്‍സിയായ ഒ.സി.എച്ച്.എയുടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 76 പേര്‍ ഈ വര്‍ഷമാണ് കൊല്ലപ്പെട്ടത്.

ജൂലൈ 28 നും ഓഗസ്റ്റ് മൂന്നിനും ഇടയില്‍ മാത്രം ഇസ്രഈലി സൈന്യമോ ഇസ്രഈലി കുടിയേറ്റക്കാരോ നടത്തിയ ആക്രമണങ്ങളില്‍ വെസ്റ്റ്ബാങ്കില്‍ 37 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഒ.സി.എച്ച്.എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കുടിയേറ്റക്കാര്‍ 35 ആക്രമണങ്ങള്‍ ഈ ദിവസങ്ങളില്‍ നടത്തിയതായും കണക്കുകള്‍ പറയുന്നു.

2026ന്റെ തുടക്കം മുതല്‍ ഏകദേശം 13 പള്ളികള്‍ക്ക് നേരെ ഇസ്രഈലി സൈന്യമോ കുടിയേറ്റക്കാരോ അക്രമണം നടത്തിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. സംഭവത്തില്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഫലസ്തീന്‍ ആവശ്യപ്പെട്ടു.

Content Highlights: Mosque set on fire, tear gas fired during prayers: Israeli attack in the West Bank.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more