ലഖ്‌നൗ: എസ്.ഐ.ആര്‍ പൗരത്വത്തെ പോലും ചോദ്യം ചെയ്യുന്ന വേളയില്‍ ഉത്തര്‍ പ്രദേശിലെ മുസ്‌ലിങ്ങള്‍ക്കിടയിലെ ആശങ്കകള്‍ ദുരീകരിക്കാന്‍ സഹായവുമായി പള്ളികളും മദ്രസകളും.
എസ്.ഐ.ആര്‍ ഫോമുകള്‍ പൂരിപ്പിക്കാനായി യു.പിയിലെ ഷെര്‍കോട്ട്, നാഗിന, നജീബാബാദ്, ധാംപൂര്‍ എന്നിവിടങ്ങളിലെ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുന്ന കാഴ്ചയും പതിവാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിസ്‌കാരത്തിന്റെ സമയമറിയിക്കാനായി ബാങ്ക് വിളിക്കുന്ന പള്ളി മൈക്കുകളിലൂടെ എസ്.ഐ.ആറിനെ കുറിച്ചുള്ള ആശങ്കകള്‍ അകറ്റുന്ന ആശ്വാസവാക്കുകളും കേള്‍പ്പിക്കുന്നുണ്ട്.
ഒട്ടും വൈകിപ്പിക്കരുത്, എസ്.ഐ.ആര്‍ അത്യാവശ്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് മൈക്കിലൂടെ വിളിച്ചുപറയുന്ന വാക്കുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കുന്നത് എങ്ങനെയാണെന്നും ഏതൊക്കെ രേഖകളാണ് കൊണ്ടുവരേണ്ടതെന്നും വിശദീകരിച്ച് പള്ളി മൈക്കുകള്‍ മുഴങ്ങുന്നുണ്ട്.
വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കിടെ ഉയര്‍ന്ന ആശങ്കയാണ് ഇങ്ങനെയൊരു നീക്കത്തിന് കാരണമായതെന്ന് ഇമാം മുഹമ്മദ് അബ്രാര്‍ പറഞ്ഞു.
ചിലര്‍ ഭയത്തോടെ സംസാരിച്ചതോടെയാണ് ഉച്ചഭാഷിണിയിലൂടെ സംസാരിക്കാന്‍ തുടങ്ങിയത്. ഒരു ഫോം ഒരാളുടെ വ്യക്തിത്വത്തെ ബാധിക്കുമ്പോള്‍ പള്ളിക്ക് ഇനിയും നിശബ്ദത പാലിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
2027ലാണ് യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നത്. അതുകൊണ്ട് തന്നെ വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം സാധാരണമായ ഒരു പ്രക്രിയ മാത്രമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, സി.എ.എ, എന്‍.ആര്‍.സി തുടങ്ങിയവ കാരണം ആശങ്കയിലായ യു.പിയിലെ മുസ്‌ലിം സമൂഹം എസ്.ഐ.ആറിനെയും ആശങ്കയോടെയാണ് കാണുന്നത്.
അതുകൊണ്ട് തന്നെ എസ്.ഐ.ആര്‍ പൂര്‍ത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍. മിക്ക പള്ളികള്‍ക്ക് മുന്നിലും ഇവിടെ എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കാനുള്ള സഹായം ലഭിക്കും എന്ന ബോര്‍ഡും കാണാം. താത്ക്കാലികമായി ഏര്‍പ്പെടുത്തിയ ക്യാമ്പുകള്‍ വഴിയും വൊളണ്ടിയര്‍മാര്‍ ഫോം പൂരിപ്പിക്കാനുള്ള സഹായങ്ങള്‍ നല്‍കുന്നുണ്ട്.
ഒഴിവുസമയങ്ങളില്‍ മദ്രസ വിദ്യാര്‍ത്ഥികളും, കോളേജ് വിദ്യാര്‍ത്ഥികളുമൊക്കെയാണ് വൊളണ്ടിയര്‍മാരായി ഫോം പൂരിപ്പിച്ച് തങ്ങളാല്‍ കഴിയും വിധം സഹായങ്ങള്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ക്യൂ.ആര്‍. കോഡുകള്‍ സ്‌കാന്‍ ചെയ്യാനും പി.ഡി.എഫ് ഫയലുകള്‍ അപ്‌ലോഡ് ചെയ്യാനും തെറ്റുകള്‍ തിരുത്താനും സഹായിക്കുന്നതുമെല്ലാം ഇവരാണ്. മീററ്റിലും മുസാഫര്‍ നഗറിലും സമാനമായ രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
മിരാപുരിലെ ഒരു വിരമിച്ച ഉറുദു അധ്യാപകന്‍ അദ്ദേഹത്തിന്റെ ഡ്രോയിങ് റൂം ചെറിയ സഹായ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരത്തില്‍ ചെറിയ ചെറിയ മുറികളും അടച്ചുപൂട്ടിയ കടകളും മദ്രസകളുടെ ഇടനാഴികളും കൗണ്‍സിലര്‍മാരുടെ വീട്ടുവരാന്തകളുമെല്ലാം എസ്.ഐ.ആര്‍ സഹായ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
Content Highlight: To fill SIR forms: Mosque imams and madrasa students to provide assistance to Muslims in UP