| Monday, 19th May 2025, 11:18 pm

ഉക്രൈന്‍ അനുകൂല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് 'ആംനസ്റ്റി ഇന്റര്‍നാഷണല്‍ നിയമവിരുദ്ധമെന്ന്' പ്രഖ്യാപിച്ച് റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: റുസോഫോബിയ ആരോപിച്ച് മനുഷ്യാവകാശ സംഘടനായ ആംനസ്റ്റി ഇന്റര്‍നാഷണലിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് റഷ്യ. ഉക്രൈന്‍ അനുകൂല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് സംഘടനക്കെതിരായ റഷ്യയുടെ നടപടി.

റുസോഫോബിയ എന്നത് റഷ്യന്‍ വിരുദ്ധ വികാരം അഥവാ റഷ്യ, റഷ്യന്‍ ജനത, റഷ്യന്‍ സംസ്‌കാരം എന്നിവയോടുള്ള ഇഷ്ടക്കേടിനെയും ഭയത്തെയുമാണ് സൂചിപ്പിക്കുന്നത്. നിലവില്‍ റൂസോഫോബിയ ആരോപിച്ചാണ് ആംനസ്റ്റി ഇന്റര്‍നാഷണലിനെ റഷ്യ നിയമവിരുദ്ധ സംഘടനയായി മുദ്രകുത്തിയത്.

ആംനസ്റ്റിയുടെ ലണ്ടന്‍ ഓഫീസ് ആഗോള റുസോഫോബിക് പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള കേന്ദ്രമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് റഷ്യന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉക്രൈന്‍ സര്‍ക്കാരിന്റെ സഹായികളാണ് ആംനസ്റ്റിയ്ക്ക് ഇതിനായി പണം നല്‍കുന്നതെന്നും റഷ്യ ആരോപിക്കുന്നു.

2022 മുതല്‍ റഷ്യയെ രാഷ്ട്രീയമായും സാമ്പത്തികമായും ഒറ്റപ്പെടുത്താന്‍ ആംനസ്റ്റി ശ്രമിക്കുന്നുണ്ടെന്നും റഷ്യ ആരോപിച്ചു. ഉക്രൈനും റഷ്യയും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ശക്തമാക്കാന്‍ സാധ്യമായതെല്ലാം അന്താരാഷ്ട്ര സംഘടന ചെയ്യുന്നുണ്ടെന്നും ആരോപണമുണ്ട്. തീവ്രവാദ സംഘടനകളെ പിന്തുണക്കുന്നു, വിദേശ ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു തുടങ്ങിയ ആരോപണങ്ങളും ആംനസ്റ്റിക്കെതിരെ ഉയരുന്നുണ്ട്.

റഷ്യയുടെ നടപടി അനുസരിച്ച് സംഘടനയുടെ രാജ്യത്തെ ഏതൊരു പ്രവര്‍ത്തനവും ആംനസ്റ്റി അവസാനിപ്പിക്കേണ്ടി വരും. പുതിയ പ്രഖ്യാപനം നിലനില്‍ക്കെ സംഘടനയുമായി ബന്ധപ്പെടുന്നവര്‍ ക്രിമിനല്‍ പ്രോസിക്യൂഷന് വിധേയരാകേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആംനസ്റ്റിയുടെ ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നവരും നിയമനടപടി നേരിടും.

അതേസമയം റഷ്യയുടെ നടപടിയില്‍ പ്രതികരിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. വിയോജിപ്പുകളെ നിശബ്ദമാക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് റഷ്യയുടെ തീരുമാനമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കല്ലമാര്‍ഡ് പറഞ്ഞു.

റഷ്യയിലായാലും ഉക്രൈനിലായാലും മറ്റെവിടെയായാലും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായാല്‍ തങ്ങള്‍ ഇടപെടുമെന്നും നീതിക്കായുള്ള തങ്ങളുടെ പോരാട്ടത്തെ ഒരു സ്വേച്ഛാധിപത്യ ശക്തിക്കും നിശബ്ദമാക്കാന്‍ കഴിയില്ലെന്നും ആഗ്‌നസ് വ്യക്തമാക്കി.

മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പോരാട്ടത്തില്‍ നിന്നും ആംനസ്റ്റി ഒരിക്കലും പിന്നോട്ട് പോകില്ലെന്നും ആഗ്‌നസ് പറഞ്ഞു.

നിലവിലെ കണക്കുകള്‍ പ്രകാരം, 223 സ്ഥാപനങ്ങളെ റഷ്യ നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ പാശ്ചാത്യ പിന്തുണയുള്ള വാര്‍ത്താ ഏജന്‍സികളും അവകാശ ഗ്രൂപ്പുകളും ഉള്‍പ്പെടുന്നുണ്ട്. യു.എസ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബര്‍ട്ടി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

Content Highlight: Moscow outlaws Amnesty International for ‘Russophobia’ amid Ukraine war

We use cookies to give you the best possible experience. Learn more