| Tuesday, 26th August 2025, 8:26 am

മോർട്ട്ഗേജ് തട്ടിപ്പ് കേസ്; ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ പുറത്താക്കി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: മോർട്ട്ഗേജ് തട്ടിപ്പ് ആരോപണങ്ങൾക്കിടെ ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ നീക്കം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തട്ടിപ്പ് നടന്നുവെന്ന് കൃത്യമായി തെളിയിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് ട്രംപിന്റെ ഈ നടപടി.

ഫെഡറൽ റിസർവിന്റെ ബോർഡ് ഓഫ് ഗവർണർമാരിൽ ഒരാളായ ലിസ കുക്കിനെ യു.എസ് ഭരണഘടനയ്ക്കും 1913ലെ ഫെഡറൽ റിസർവ് നിയമത്തിനും കീഴിലുള്ള അധികാരങ്ങൾക്കനുസൃതമായി പിരിച്ചുവിടുകയാണെന്ന് ഇന്നലെ (തിങ്കളാഴ്ച) രാത്രി തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത കത്തിൽ ട്രംപ് പറഞ്ഞു.

മോർട്ട്ഗേജ് ഭീമന്മാരായ ഫാനി മേയെയും ഫ്രെഡി മാക്കിനെയും നിയന്ത്രിക്കുന്ന ഏജൻസിയിലേക്ക് ട്രംപ് നിയമിച്ച ബിൽ പുൾട്ടെ കഴിഞ്ഞ ആഴ്ചയാണ് ആരോപണങ്ങൾ ഉന്നയിച്ചത്. കുറഞ്ഞ പലിശ നിരക്ക് കിട്ടാൻ വേണ്ടി 2021ൽ ആൻ അർബറിലും മിഷിഗണിലും അറ്റ്ലാന്റയിലുമുള്ള രണ്ട് പ്രാഥമിക വസതികൾ കുക്ക് ആവശ്യപ്പെട്ടുവെന്നാണ് പുൾട്ടെ ആരോപിച്ചത്. രണ്ടാമതായി വാങ്ങിയ വീടുകൾക്കും വാടകയ്ക്ക് എടുക്കുന്ന വീടുകൾക്കും മോർട്ട്ഗേജ് നിരക്കുകൾ പലപ്പോഴും കൂടുതലാണ്.

ഒന്നോ അതിലധികമോ മോർട്ട്ഗേജ് കരാറുകളിൽ ഗവർണർ ലിസ കുക്ക് തെറ്റായ പ്രസ്താവനകൾ നടത്തിയിരിക്കാമെന്ന് വിശ്വസിക്കാൻ മതിയായ കാരണമുണ്ടെന്ന് ബിൽ പുൾട്ടെയെ ഉദ്ധരിച്ച് ട്രംപ് പറഞ്ഞു. പലിശ നിരക്കുകൾ നിശ്ചയിക്കുന്നതിലും റിസർവ് ബാങ്കിനെയും അതിലെ അംഗ ബാങ്കുകളെയും നിയന്ത്രിക്കുന്നതിലും ഫെഡറൽ റിസർവിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും ട്രംപ് കത്തിൽ പറഞ്ഞു.

മുൻ പ്രസിഡന്റ് ജോ ബൈഡനാണ് ലിസ കുക്കിനെ നിയമിച്ചത്. മുൻ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസറാണ് ലിസ. ഫെഡറൽ റിസർവിലെ ഏഴ് അംഗങ്ങളിൽ ഒരാളായ ലിസ കുക്ക് ഈ സ്ഥാനത്തെത്തുന്ന അമേരിക്കയിലെ ആദ്യ കറുത്ത വംശജയായ വനിതകൂടിയാണ്.

രാജിവെക്കണമെന്ന് കുക്കിനോട് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ രാജിവെക്കില്ലെന്ന് കുക്ക് അറിയിച്ചതോടെയാണ് അവരെ പുറത്താക്കിയത്.

ട്രംപിന്റെ ഈ നടപടിയിൽ ഇതുവരെയും ബാങ്കിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. പലിശനിരക്ക് കുറയ്ക്കുന്നതിന് വേണ്ടി പ്രസിഡന്റിന്റെ കടുത്ത സമ്മർദം നേരിടുന്ന ഫെഡറൽ റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ട്രംപിന്റെ ഈ നീക്കം. വാഷിങ്ടണിലെ അവശേഷിക്കുന്ന ചുരുക്കം ചില സ്വതന്ത്ര ഏജൻസികളിൽ ഒന്നിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ശ്രമമാണിതെന്ന ആക്ഷേപം ഉയരുന്നുണ്ട്. കുറച്ചുകാലത്തേക്കായി പലിശ നിരക്ക് കുറയ്ക്കാത്തതിന് ട്രംപ് ഫെഡ് ചെയർമാൻ ജെറോം പവലിനെ ആവർത്തിച്ച് ആക്രമിക്കുകയും അദ്ദേഹത്തെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Content Highlight: Mortgage fraud case; Trump fires Federal Reserve Governor Lisa Cook

We use cookies to give you the best possible experience. Learn more