| Thursday, 26th November 2026, 1:02 pm

യു.കെ സര്‍വകലാശാലകളില്‍ മൂന്നിലൊന്നിലധികം മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്‌ലാമോഫോബിയ നേരിടേണ്ടി വരുന്നു: റിപ്പോര്‍ട്ട്

നിഷാന. വി.വി

ലണ്ടന്‍: യു.കെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ കടുത്ത വിവേചനവും ഇസ്‌ലാമാഫോബിയയും നേരിടുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്റ് ഇസ്‌ലാമിക് സൊസൈറ്റീസ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പുറത്തിറക്കിയ ‘ബിലോംഗിംഗ് ഇന്‍ ക്വസ്റ്റ്യന്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനം മുസ്‌ലിം വിദ്യാര്‍ത്ഥികളും ക്യാമ്പസുകളില്‍ ഇസ്‌ലാമോഫോബിയ അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. 2005-ല്‍ നടത്തിയ സമാനമായ സര്‍വ്വേയില്‍ ഇത് 25 ശതമാനമായിരുന്നു.

യു.കെയിലെ 34 നഗരങ്ങളിലായി 63 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 715 മുസ്‌ലിം വിദ്യാര്‍ത്ഥികളെയും, 21 സര്‍വ്വകലാശാലകളിലെ 26 ഇസ്ലാമിക് സൊസൈറ്റി ഭാരവാഹികളെയും ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്.

ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട ദുരനുഭവങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. മുഖത്ത് തുപ്പുക, വധഭീഷണി മുഴക്കുക, സമാധാനപരമായ ഒത്തുചേരലുകളില്‍ പങ്കെടുക്കുമ്പോള്‍ ‘തീവ്രവാദികള്‍’ എന്ന് വിളിക്കുക തുടങ്ങിയ അതിക്രമങ്ങള്‍ പലര്‍ക്കും നേരിടേണ്ടി വന്നു. ഹിജാബ് ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ മൂത്രം ഒഴിച്ച സംഭവമുണ്ടായതായും, എന്നാല്‍ സര്‍വ്വകലാശാല അധികൃതര്‍ ഇത് വിദ്വേഷ കുറ്റകൃത്യമായി അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ക്ലിനിക്കല്‍ പ്ലേസ്മെന്റുകള്‍ക്ക് മുമ്പ് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെട്ടതായും, വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ഇടവേള ചോദിച്ച വിദ്യാര്‍ത്ഥിയെ ലബോറട്ടറിയില്‍ നിന്ന് പുറത്താക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.കെയിലെ പ്രമുഖ ഗവേഷണ സര്‍വ്വകലാശാലകളുടെ കൂട്ടായ്മയായ റസ്സല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ വിവേചനം വളരെ കൂടുതലാണ്. മറ്റ് സ്ഥാപനങ്ങളില്‍ ഇത് 33.6 ശതമാനമാണെങ്കില്‍ റസ്സല്‍ ഗ്രൂപ്പ് സര്‍വ്വകലാശാലകളില്‍ 44.4 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്‌ലാമോഫോബിയ നേരിടേണ്ടി വന്നു.

പുരുഷന്മാരെ അപേക്ഷിച്ച് (34.4%) മുസ്‌ലിം സ്ത്രീകളാണ് (42.1%) കൂടുതല്‍ വിവേചനം നേരിടുന്നത്. റസ്സല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളിലെ മുസ്‌ലിം വിദ്യാര്‍ത്ഥിനികളില്‍ 53 ശതമാനം പേരും ഇസ് ലാമോഫോബിയ അനുഭവിച്ചിട്ടുണ്ട്.

ദക്ഷിണേഷ്യന്‍ വംശജരായ സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതല്‍ (45.6%). പ്രാദേശികമായി നോക്കുമ്പോള്‍ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലാണ് ഏറ്റവും കൂടുതല്‍ വിവേചനം റിപ്പോര്‍ട്ട് ചെയ്തത് (54.1%). നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് മേഖലകളില്‍ ഇത് 47 ശതമാനത്തോളവും ലണ്ടനില്‍ 35.9 ശതമാനവുമാണ്.

വിവേചനം നേരിട്ട 68 ശതമാനം വിദ്യാര്‍ത്ഥികളും ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ ഭയപ്പെടുന്നവരാണ്. പരാതി നല്‍കിയാല്‍ ആരും നടപടിയെടുക്കില്ലെന്ന തോന്നലാണ് ഇതിന് കാരണം. പരാതി നല്‍കാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിയോട് ‘യു.കെയില്‍ ജീവിക്കാന്‍ ഇഷ്ടമല്ലെങ്കില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാന്‍’ അധികൃതര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. പരാതി നല്‍കിയ 32 ശതമാനം പേരില്‍, 55 ശതമാനം പേര്‍ക്ക് മാത്രമാണ് തങ്ങളുടെ പരാതികള്‍ ശരിയായ രീതിയില്‍ പരിഹരിക്കപ്പെട്ടതായി തോന്നിയത്.

ഫലസ്തീന്‍ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ ഭയപ്പെടുന്നതായി അഞ്ചില്‍ മൂന്ന് വിദ്യാര്‍ത്ഥികളും വ്യക്തമാക്കി. ക്യാമ്പസുകളില്‍ ആചാരങ്ങള്‍ പിന്തുടരുന്നാലോ മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലൂടെയോ തീവ്രവാദ മുദ്രകുത്തപ്പെടുമോ എന്ന് 20.4 ശതമാനം വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടുന്നു. മുസ്‌ലിം പ്രഭാഷകര്‍ക്ക് പരിപാടികളില്‍ വിലക്കേര്‍പ്പെടുത്തുന്ന സാഹചര്യം കണ്ടിട്ടുണ്ടെന്ന് 21.5 ശതമാനം പേര്‍ വെളിപ്പെടുത്തി.

പഠന സമയക്രമം കാരണം നിത്യേനയുള്ള നമസ്‌കാരങ്ങള്‍ക്കും വെള്ളിയാഴ്ച ജുമുഅയ്ക്കും ഒട്ടും സമയം ലഭിക്കുന്നില്ലെന്ന് 21 ശതമാനം വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിവേചനം നേരിട്ടവരില്‍ 45.3 ശതമാനം പേരുടെയും മാനസികാരോഗ്യത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

പത്തില്‍ ഒന്‍പത് വിദ്യാര്‍ത്ഥികളും മാധ്യമങ്ങള്‍ ഇസ് ലാമിനെ മോശമായാണ് ചിത്രീകരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ‘തങ്ങളെ ഉള്‍ക്കൊള്ളേണ്ട ക്യാമ്പസുകളില്‍ പോലും തങ്ങള്‍ അന്യരാണെന്ന തോന്നലാണ് പല വിദ്യാര്‍ത്ഥികളും പങ്കുവെക്കുന്നത്. ഉത്തരവാദിത്തമില്ലായ്മയാണ് ഏറ്റവും വലിയ ആശങ്ക’ എന്ന് ഫോസിസ് വൈസ് പ്രസിഡന്റ് റഹ്‌മ ഹെഗി പ്രതികരിച്ചു.

അടുത്ത 12 മാസത്തിനുള്ളില്‍ നടപ്പിലാക്കേണ്ട നിരവധി നിര്‍ദേശങ്ങള്‍ ഫോസിസ് സര്‍വകലാശാലകള്‍ക്കും വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കും സര്‍ക്കാരിനും മുന്നില്‍ വെച്ചിട്ടുണ്ട്. ബ്രിട്ടീഷ് മുസ്ലിംകള്‍ക്കായുള്ള സര്‍വകക്ഷി പാര്‍ലമെന്ററി ഗ്രൂപ്പ് തയ്യാറാക്കിയ ഇസ് ലാമോഫോബിയ നിര്‍വ്വചനം ഔദ്യോഗികമായി അംഗീകരിക്കുക, റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലുകളില്‍ ‘ഇസ്ലാമോഫോബിയ’ എന്ന പ്രത്യേക വിഭാഗം ഉള്‍പ്പെടുത്തുക, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും നിര്‍ബന്ധിത ബോധവത്ക്കരണ പരിശീലനം നല്‍കുക എന്നിവ ഇതില്‍ പ്രധാനമാണ്.

കൂടാതെ, വെള്ളിയാഴ്ച ജുമുഅ സമയത്ത് നിര്‍ബന്ധിത ക്ലാസുകള്‍ ഒഴിവാക്കുക, പെരുന്നാള്‍ ദിവസങ്ങളില്‍ പരീക്ഷകള്‍ വെക്കാതിരിക്കുക, മുസ്‌ലിം ചാപ്ലെയിന്‍സിക്ക് (Chaplaincy) ഫണ്ട് അനുവദിക്കുക, ഇസ്‌ലാമിക് സൊസൈറ്റി പരിപാടികള്‍ക്ക് മേലുള്ള അനാവശ്യ നിരീക്ഷണങ്ങള്‍ നിര്‍ത്തലാക്കുക, സര്‍ക്കാരിന്റെ ‘പ്രിവന്റ്’ (Prevent) നയത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നു.

Content Highlight: More than a third of Muslim students in UK universities face Islamophobia: Report

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more