ന്യൂയോർക്ക്: രണ്ടുമാസം മുമ്പ് പ്രാബല്യത്തിൽ വന്ന വെടിനിർത്തലിന് ശേഷവും ഗസയിൽ പോഷകാഹാരക്കുറവ് തുടരുകയാണെന്ന് ഐക്യരാഷ്ട്ര സഭ. ഒക്ടോബറിൽ പോഷകാഹാരക്കുറവ് മൂലം 9,000-ത്തിലധികം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യു.എൻ റിപ്പോർട്ട് ചെയ്തു.
രണ്ട് മാസം മുമ്പ് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രഈൽ ഇപ്പോഴും സഹായ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടെന്ന് സഹായ ഏജൻസികൾ പറഞ്ഞെന്നും യു.എൻ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഗസയിലെ 2.2 ദശലക്ഷം ഫലസ്തീനികളുടെ അടിയന്തര ക്ഷാമം കുറഞ്ഞെങ്കിലും മാനുഷിക സഹായ കയറ്റുമതിയിൽ ഇസ്രഈലിന്റെ നിയന്ത്രണങ്ങൾ തുടരുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭയും മറ്റുസഹായ എജൻസികളും നേരത്തെ പറഞ്ഞിരുന്നു.
ഗസയിലെ ആശുപത്രികളിൽ ഒരു കിലോഗ്രാമിൽ താഴെ ഭാരമുള്ള നിരവധി നവജാതശിശുക്കളെ താൻ കണ്ടിട്ടുണ്ടെന്ന് യൂണിസെഫ് വാക്താവ് ടെസ് ഇൻഗ്രാം പറഞ്ഞു.
യൂണിസെഫിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ 14,000 കുട്ടികൾക്കായിരുന്നു ചികിത്സ നൽകിയിരുന്നത്. ഒക്ടോബറിൽ 9,300 കുട്ടികൾക്കാണ് ചികിത്സ നൽകിയത്. ഇപ്പോഴും ഇത് ഞെട്ടിപ്പിക്കുന്ന സംഖ്യയാണെന്നും ഇൻഗ്രാം കൂട്ടിച്ചേർത്തു.
ഒക്ടോബറിൽ ഏകദേശം 8,300 ഗർഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും കടുത്ത പോഷകാഹാരകുറവ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
ഇത് ഗുരുതരമായ ഒരു മുന്നറിയിപ്പാണെന്നും വരും മാസങ്ങളിൽ ഗസയിൽ ഭാരക്കുറവുള്ള കുട്ടികൾ ജനിക്കാൻ ഈ പോഷകാഹാരകുറവ് കാരണമാകുമെന്നും ഇൻഗ്രാം പറഞ്ഞു.
ഒക്ടോബർ 10 ലെ വെടിനിർത്തൽ കരാറിന് മുമ്പുള്ളതിനേക്കാൾ കൂടുതൽ സഹായങ്ങൾ യൂണിസെഫിന് ഗസയിലേക്ക് ഇറക്കുമതി ചെയ്യാൻ കഴിയുന്നുണ്ടെങ്കിലും തടസ്സങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രോസിംഗുകളിലെ കാലതാമസവും ചരക്ക് നിഷേധവും നിലവിലുള്ള സുരക്ഷാ വെല്ലുവിളികളും ഇതിന് കാരണമാണെന്ന് ഇൻഗ്രാം ചൂണ്ടിക്കാട്ടി.
ഗസയിലെ ഓരോ കുട്ടിയും ആക്രമണങ്ങൾക്ക് വിധേയരായിട്ടുണ്ടെന്നും വർഷങ്ങളായി തുടരുന്ന നിരന്തരമായ ആക്രമണങ്ങൾ കുട്ടികളിൽ ആഘാതമുണ്ടാക്കിയിട്ടുണ്ടെന്നും യൂണിസെഫ് നേരത്തെ പറഞ്ഞിരുന്നു.
വ്യക്തിഗത കൗൺസിലിങ്, ഗ്രൂപ്പ് ശേഷനുകൾ എന്നിവയിലൂടെ അവർക്ക് മാനസികരോഗ്യ പിന്തുണ നൽകുന്നുണ്ടെന്നും യൂണിസെഫ് പറഞ്ഞിരുന്നു.
Content Highlight: More than 9,000 children hospitalized for malnutrition in Gaza: UN report