ന്യുദൽഹി: കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമവും ആരോഗ്യ മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കലും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം രാജ്യസഭാംഗം ഡോ. വി. ശിവദാസൻ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള രാജ്യത്തെ ദേശീയ പ്രാധാന്യമുള്ള 28 ആരോഗ്യ സ്ഥാപനങ്ങളിലായി 23,000ത്തിലധികം അനുവദിക്കപ്പെട്ട തസ്തികകൾ നികത്താതെ കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.എം.പി സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ പ്രധാന ചികിത്സാ കേന്ദ്രമായ എയിംസ് ന്യൂഡൽഹിയിൽ മാത്രം 2,921 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 2026ലെ കണക്കുകൾ പ്രകാരം സ്ഥാപനത്തിലെ 1,313 അംഗീകൃത ഫാക്കൽറ്റി തസ്തികകളിൽ 873 എണ്ണം മാത്രമാണ് നികത്തിയത്. 440 അധ്യാപക തസ്തികകൾ, അതായത് ഏകദേശം 34 ശതമാനം, ഇപ്പോഴും ഒഴിവാണ്.
നോൺ-ഫാക്കൽറ്റി വിഭാഗത്തിലും സ്ഥിതി വ്യത്യസ്തമല്ല. 13,913 അംഗീകൃത തസ്തികകളിൽ 11,432 പേർ മാത്രമാണ് നിലവിലുള്ളത്. 2,481 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു, ഇത് ആ വിഭാഗത്തിലെ ആകെ തസ്തികകളുടെ ഏകദേശം 18 ശതമാനമാണ്. ഫാക്കൽറ്റി, നോൺ-ഫാക്കൽറ്റി ഒഴിവുകൾ ഒരുമിച്ച് കണക്കാക്കുമ്പോഴാണ് ഡൽഹി എയിംസിലെ 2,921 എന്ന എണ്ണം വരുന്നത്.
18 എയിംസുകളിലും വ്യാപകമായ അധ്യാപക ക്ഷാമം കൂടി നേരിടുന്നുണ്ട്.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) വഴി രാജ്യത്ത് പ്രവർത്തിക്കുന്ന 18 എയിംസുകളിലും ഫാക്കൽറ്റി ഒഴിവുകൾ വലിയ തോതിലാണുള്ളത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അനുവദിച്ച 4,808 ഫാക്കൽറ്റി തസ്തികകളിൽ 3,171 എണ്ണം മാത്രമാണ് നികത്തിയത്. 1,637 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. അതായത് ഏകദേശം മൂന്നിലൊന്ന് ഫാക്കൽറ്റി തസ്തികകൾക്കും നിയമനമില്ല.
ചില സ്ഥാപനങ്ങളിൽ ഒഴിവുകളുടെ തോത് കൂടുതൽ ഗുരുതരമാണ്. എയിംസ് രാജ്കോട്ടിൽ 183 ഫാക്കൽറ്റി തസ്തികകളിൽ 94 പേർ മാത്രമാണുള്ളത്. ഗുവാഹത്തിയിൽ 183ൽ 119, ബിലാസ്പൂരിൽ 217ൽ 139, ഗോരഖ്പൂരിൽ 213ൽ 121 എന്നിങ്ങനെയാണ് നിയമനം നടന്നിട്ടുള്ളത്.
ഈ സ്ഥാപനങ്ങളുടെ പ്രവർത്തനശേഷിയിലും വലിയ വ്യത്യാസമുണ്ട്. 2025-26ൽ 18 എയിംസുകളിലായി ആകെ 13,809 പ്രവർത്തനക്ഷമമായ കിടക്കകളാണുള്ളത്. എയിംസ് ബിബിനഗറിൽ 200, രാജ്കോട്ടിൽ 288, ദേവ്ഘറിൽ 380, വിജയ്പൂരിൽ 450, ഗുവാഹത്തിയിൽ 457 കിടക്കകൾ മാത്രമാണുള്ളത്.
‘ആവശ്യമായ കിടക്കകൾ ഇല്ലാത്തതിനാൽ നരകതുല്യമായ അവസ്ഥയിൽ നടപ്പാതയിൽ കിടക്കേണ്ടി വരുന്ന രോഗികളെയും എയിംസിൽ കാണാൻ കഴിയു’മെന്ന് ഡോ:വി ശിവദാസൻ പറഞ്ഞു.
എയിംസുകൾക്ക് പുറത്തുള്ള കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങളിലും ജീവനക്കാരുടെ കുറവ് രൂക്ഷമാണ്. PGIMER ചണ്ഡീഗഢിൽ 1,936, JIPMER പുതുച്ചേരിയിൽ 1,223, സഫ്ദർജംഗ് ആശുപത്രിയിൽ 1,179, RIMS ഇംഫാലിൽ 599, NIMHANS ബെംഗളൂരുവിൽ 507, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ 469, ഷില്ലോങ്ങിലെ NEIGRIHMS-ൽ 386 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
‘എയിംസിൽ മാത്രം ഒതുങ്ങുന്നതല്ല നിയമനം ഇല്ലായ്മയുടെ കണക്കുകൾ രാജ്യത്തെ പ്രധാനപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളിൽ എല്ലാം ഈ സ്ഥിതിയാണ്.’എന്ന് അദ്ദേഹം വിഡിയോയിൽ പറയുന്നു.
ഫാക്കൽറ്റി ക്ഷാമം മെഡിക്കൽ അധ്യാപനത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സ്പെഷ്യലിസ്റ്റ്, സൂപ്പർ സ്പെഷ്യലിസ്റ്റ് ചികിത്സ, ക്ലിനിക്കൽ സേവനങ്ങൾ, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളെയെല്ലാം ഇത് നേരിട്ട് ബാധിക്കും.
സ്ഥിരം തസ്തികകൾ കുറയുന്നു, കരാർ നിയമനം വർധിക്കുന്നു എന്ന വിമർശനവും വി ശിവദാസൻ സഭയിൽ ഉന്നയിക്കുകയുണ്ടായി.
സ്ഥിരം തസ്തികകളുടെ എണ്ണത്തിലും കുറവുണ്ടാകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ലേഡി ഹാർഡിങ് മെഡിക്കൽ കോളജിലും അനുബന്ധ ആശുപത്രികളിലും അനുവദിച്ച സ്ഥിരം തസ്തികകൾ 2023-24ലെ 3,387ൽ നിന്ന് 2025-26ൽ 2,841 ആയി കുറഞ്ഞു. 546 തസ്തികകളുടെ കുറവാണിത്.
റാം മനോഹർ ലോഹ്യ ആശുപത്രിയിലും സമാനമായ മാറ്റമാണുള്ളത്. 2021-22ൽ 4,093 സ്ഥിരം തസ്തികകളുണ്ടായിരുന്നിടത്ത് 2025-26ൽ എണ്ണം 3,152 ആയി കുറഞ്ഞു. അഞ്ച് വർഷത്തിനിടെ 941 സ്ഥിരം തസ്തികകളാണ് ഇല്ലാതായത്.
അതേസമയം കരാർ ജീവനക്കാരുടെ എണ്ണം ചില സ്ഥാപനങ്ങളിൽ ഉയർന്നിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസിൽ 2021-22ൽ 259 ആയിരുന്ന കരാർ ജീവനക്കാരുടെ എണ്ണം 2025-26ൽ 311 ആയി. RIMS ഇംഫാലിൽ ഇത് 368ൽ നിന്ന് 404 ആയും JIPMER-ൽ 2022ലെ 82ൽ നിന്ന് 2025ൽ 120 ആയും ഉയർന്നു.
സ്ഥിരം നിയമനങ്ങൾക്ക് പകരം കരാർ ജീവനക്കാരെ ആശ്രയിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നതെന്ന് വി. ശിവദാസൻ എം.പി വിമർശിച്ചു.രാജ്യത്തെ ആരോഗ്യ മേഖലയിലെ വിഷയങ്ങൾ വി ശിവദാസൻ നിരവധി തവണ പാർലമെൻറിൽ ഉന്നയിച്ചിരുന്നു.
ആരോഗ്യമേഖലയ്ക്ക് ആവശ്യമായത്ര ഫണ്ട് അനുവദിക്കാത്ത നിലപാട് സർക്കാർ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ കെട്ടിടങ്ങളും കൂടുതൽ കിടക്കകളും പ്രഖ്യാപിക്കുന്നതിൽ മാത്രം ആരോഗ്യ മേഖലയിലെ വികസനം ഒതുങ്ങരുതെന്നും പ്രഖ്യാപിച്ച പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കി രോഗികൾക്ക് സമയബന്ധിതവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയ്ക്കായി ഈ സർക്കാർ ജി.ഡി.പിയുടെ കേവലം 0 .29 %മാത്രമാണ് മാറ്റിവെയ്ക്കുന്നതെന്നും ഡോ:വി ശിവദാസൻ എം.പി പറഞ്ഞു.ജിഡിപി യിലെ ഈ നീക്കിയിരിപ്പ് അമേരിക്കയുടെയും ഫ്രാൻസിന്റെയും ദക്ഷിണാഫ്രിക്കയുടെയും ബ്രസീലിന്റെയും പുറകിലാണ് എന്ന വിമർശനവും വീഡിയോയിലൂടെ എം.പി ഉന്നയിച്ചു.
സ്വകാര്യ ആശുപത്രി മേഖലയെ സഹായിക്കുന്ന തരത്തിൽ പൊതുജനാരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തരുതെന്നും, ആശുപത്രികളിലെ കിടക്കകളുടെ എണ്ണം, രോഗികളുടെ എണ്ണം, ചികിത്സാഭാരം എന്നിവ കണക്കിലെടുത്ത് ആവശ്യമായ സ്ഥിരം തസ്തികകൾ സൃഷ്ടിക്കുകയും നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി നികത്തുകയും വേണമെന്നും ശിവദാസൻ എം.പി ആവശ്യപ്പെട്ടു.
Content Highlight:More than 23,000 posts vacant in AIIMS alone; CPI(M) MP V. Sivadasan criticises Central Government.
–