ന്യൂദൽഹി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക-പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിവേചനങ്ങളും കടുത്ത പ്രതിസന്ധികളും തുറന്നുകാട്ടി സുപ്രീം കോടതി നിയോഗിച്ച നാഷണൽ ടാസ്ക് ഫോഴ്സിന്റെ ഇടക്കാല റിപ്പോർട്ട്.
ഐ.ഐ.ടി ബോംബെയിലെ ഇരുപതുകാരനായ ദളിത് വിദ്യാർത്ഥിയുടെ ആത്മഹത്യയെത്തുടർന്ന് ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ആളിക്കത്തുന്ന പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനും ആത്മഹത്യകൾ തടയുന്നതിനുമായി 2025 മാർച്ച് മാസത്തിൽ പരമോന്നത കോടതി ഒരു പ്രത്യേക സമിതിക്ക് രൂപം നൽകിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
പാർലമെന്റിൽ വിവിധ ഘട്ടങ്ങളിലായി സർക്കാർ നൽകിയ ഔദ്യോഗിക കണക്കുകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ 211 പേജുകൾ അടങ്ങുന്ന വിപുലമായ ഇടക്കാല റിപ്പോർട്ടാണ് സമിതി സമർപ്പിച്ചത്.
2018 മുതൽ 2023 വരെയുള്ള അഞ്ച് വർഷത്തെ കാലയളവിൽ മാത്രം രാജ്യത്തെ ഉന്നത നിലവാരമുള്ള പ്രമുഖ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട 13,600-ലധികം വിദ്യാർത്ഥികൾ തങ്ങളുടെ പഠനം പൂർത്തിയാക്കാനാകാതെ പാതിവഴിയിൽ ഉപേക്ഷിച്ചുപോയെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേന്ദ്ര സർവകലാശാലകളിൽ നിന്ന് മാത്രം ഈ കാലയളവിൽ 4,596 ഒ.ബി.സി വിദ്യാർത്ഥികളും, 2,424 പട്ടികജാതി (എസ്.സി) വിദ്യാർത്ഥികളും, 2,622 പട്ടികവർഗ്ഗ (എസ്.ടി) വിദ്യാർത്ഥികളും കൊഴിഞ്ഞുപോയി.
രാജ്യത്തെ മികച്ച സാങ്കേതിക സ്ഥാപനങ്ങളായ ഐ.ഐ.ടികളിൽ നിന്ന് 2,066 ഒ.ബി.സി, 1,068 എസ്.സി, 408 എസ്.ടി വിദ്യാർത്ഥികൾക്കും പഠനം ഉപേക്ഷിക്കേണ്ടിവന്നു. ഇതിനുപുറമെ, മാനേജ്‌മെന്റ് പഠന രംഗത്തെ മുൻനിര സ്ഥാപനങ്ങളായ ഐ.ഐ.എമ്മുകളിൽ നിന്ന് 163 ഒ.ബി.സി, 188 എസ്.സി, 91 എസ്.ടി വിദ്യാർത്ഥികളും ഇതേ കാലയളവിൽ പഠനം നിർത്തിവെച്ചു പോയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിനൊപ്പം തന്നെ അധ്യാപക നിയമനങ്ങളിലെ കടുത്ത പ്രാതിനിധ്യക്കുറവും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഐ.ഐ.ടികളും എൻ.ഐ.ടികളും ഉൾപ്പെടെയുള്ള ദേശീയ പ്രാധാന്യമുള്ള പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഫാക്കൽറ്റി പ്രാതിനിധ്യം വെറും 7.57 ശതമാനവും പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളത് 1.91 ശതമാനവും മാത്രമാണ്.
എന്നാൽ, ഇതേ സ്ഥാപനങ്ങളിലെ ആകെ അധ്യാപകരിൽ 67.71 ശതമാനവും സാമൂഹികമായി മുന്നാക്കം നിൽക്കുന്ന അല്ലെങ്കിൽ ആനുകൂല്യങ്ങൾ അനുഭവിക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് എൻ.ടി.എഫിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് വ്യക്തമാക്കുന്നു.
ക്യാമ്പസുകളിൽ നിലനിൽക്കുന്ന പ്രബലമായ പൊതുസംസ്കാരവുമായി പൊരുത്തപ്പെടാൻ വിദ്യാർത്ഥികൾ പലപ്പോഴും അനൗപചാരികമായ ‘വൈബ് ചെക്കുകൾക്ക്’വിധേയരാകേണ്ടി വരുന്നുണ്ടെന്നും, ഇതിൽ ഉൾക്കൊള്ളാൻ കഴിയാതെ പോകുന്ന പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ക്രമേണ കടുത്ത ഒറ്റപ്പെടലിലേക്കും സൗഹൃദങ്ങളിൽ നിന്നും കൂട്ടായ്മകളിൽ നിന്നുമുള്ള പുറന്തള്ളലിലേക്കും നയിക്കപ്പെടുന്നുവെന്നും വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി സമിതി വിലയിരുത്തുന്നു.
2023-ൽ ഐ.ഐ.ടി ദൽഹിയിൽ രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രാദേശിക പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലും വിമുഖത കാട്ടിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നപ്പോഴാണ് ഈ ദേശീയ ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ ഉത്തരവായത്.
രാജ്യത്തെ മൊത്തം ഉന്നത വിദ്യാഭ്യാസ രംഗമെടുത്താൽ അധ്യാപകരിൽ 56 ശതമാനവും സാമൂഹികമായി പ്രിവിലേജ്ഡ് വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. എലൈറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുമ്പോൾ ഈ അന്തരം കൂടുതൽ ആഴത്തിലുള്ളതാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ, ഐ.ഐ.ടി ബോംബെയിൽ ജീവനൊടുക്കിയ ഇരുപതുകാരനായ ദളിത് വിദ്യാർത്ഥി സാഹിൽ വകോഡിന്റെ മരണത്തിൽ ക്യാമ്പസിനകത്തും പുറത്തും കടുത്ത ജനരോഷവും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും ഉയർന്ന സാഹചര്യത്തിൽ, ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ തങ്ങളുടെ മുൻ നിലപാടുകളിൽ ഖേദം പ്രകടിപ്പിച്ചു.
മിഡ്-ടേം പരീക്ഷയ്ക്കിടെ സാഹിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് പിടികൂടിയിരുന്നുവെന്നും എന്നാൽ തുടർ അച്ചടക്ക നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്നുമായിരുന്നു മാനേജ്‌മെന്റ് നേരത്തെ നൽകിയ വിശദീകരണം. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത ജാതിവിവേചനവും മാനസികമായ അപമാനിക്കലുമാണ് സാഹിലിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് സഹവിദ്യാർത്ഥികളും കുടുംബാംഗങ്ങളും ശക്തമായി ആരോപിക്കുന്നു.
Content Highlight: More than 13,600 students from disadvantaged backgrounds dropped out of leading higher education institutions over five years.