| Wednesday, 5th November 2025, 11:26 am

ഇതിപ്പോ പുതിയ പടങ്ങളെക്കാള്‍ കൂടുതലും റീ റിലീസാണല്ലോ, സ്‌പൈഡര്‍ മാനുള്‍പ്പെടെ വീണ്ടും തിയേറ്ററിലെത്തുന്നത് പത്തിലധികം സിനിമകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ സന്തോഷം നല്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനില്‍ കാണാനാഗ്രഹിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ റീ റിലീസ് ചെയ്യുന്നുണ്ട്. പത്തിലധികം സിനിമകളാണ് ഒരിക്കല്‍ കൂടി തിയേറ്ററുകളിലെത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലെ സിനിമകളാണ് റീ റിലീസിനൊരുങ്ങുന്നത്.

ഷാരൂഖ് ഖാന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ദേവദാസ് താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് വീണ്ടും തിയേറ്ററുകളിലെത്തിയിരുന്നു. നവംബറിലെ ആദ്യ റീ റിലീസാണിത്. മമ്മൂട്ടിയുടെ ക്ലാസിക് ചിത്രം അമരം, കമല്‍ ഹാസന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ നായകന്‍, വേട്ടൈയാട് വിളയാട് എന്നിവ നവംബര്‍ ഏഴിന് തിയേറ്ററുകളിലെത്തും.

തമിഴിലെ ക്ലാസിക് സിനിമകളിലൊന്നായ ഓട്ടോഗ്രാഫും റീ റിലീസിന് തയാറെടുക്കുന്നുണ്ട്. ചേരന്‍ സംവിധാനം ചെയ്ത് നായകനായ വേഷമിട്ട ചിത്രം നിരവധി ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ബോക്‌സ് ഓഫീസില്‍ വിജയിക്കുകയും ചെയ്തിരുന്നു. ക്ലാസിക് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്.

രാം ഗോപാല്‍ വര്‍മയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ക്ലാസിക് ഗ്യാങ്സ്റ്റര്‍ ചിത്രം ശിവയും 4K സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടും തിയേറ്ററുകളിലെത്തുന്നുണ്ട്. നവംബര്‍ 14നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ഇതേ ദിവസം തന്നെ സൂര്യയുടെ അഞ്ചാനും വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്നുണ്ട്. ആദ്യം പുറത്തിറങ്ങിയ വേര്‍ഷനില്‍ നിന്ന് വ്യത്യസ്തമായി റീ എഡിറ്റ് ചെയ്ത വേര്‍ഷനാണ് ഇനി തിയേറ്ററുകളിലെത്തുക.

വിജയ്- സൂര്യ കോമ്പോയിലൊരുങ്ങിയ ഫ്രണ്ട്‌സും ഈ മാസം 21ന് വീണ്ടും തിയേറ്ററുകളിലെത്തുന്നുണ്ട്. 4K റീമാസ്റ്റേര്‍ഡ് പതിപ്പാണ് പ്രദര്‍ശനത്തിനെത്തുക. അജിത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം അട്ടഹാസവും റീ റിലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും എന്ന് പുറത്തിറങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ മാസത്തെ റീ റിലീസുകളില്‍ ഏറ്റവും ഹൈപ്പുള്ളത് മറ്റൊന്നിനാണ്.

സൂപ്പര്‍ഹീറോ സിനിമാ പ്രേമികളുടെ എക്കാലത്തെയും ഫേവറെറ്റായ സ്‌പൈഡര്‍ മാന്‍ വീണ്ടും ബിഗ് സ്‌ക്രീനിലെത്തുകയാണ്. ടോബി മഗ്വയര്‍ നായകനായ സ്‌പൈഡര്‍ മാന്റെ മൂന്ന് ഭാഗങ്ങളും നവംബര്‍ 22ന് തിയേറ്ററുകളിലെത്തും. പുത്തന്‍ റിലീസുകളെക്കാള്‍ പലരും കാത്തിരിക്കുന്നത് ഈ ക്ലാസിക് സിനിമകള്‍ക്ക് വേണ്ടിയാണ്.

Content Highlight: More than 10 films going to re release this month

We use cookies to give you the best possible experience. Learn more