ഖാർത്തും: സുഡാൻനിൽ വർധിച്ചുവരുന്ന അരക്ഷിതാവസ്ഥ കാരണം ഒറ്റ ദിവസം കൊണ്ട് 1,600-ലധികം പൗരന്മാർ പലായനം ചെയ്‌തെന്ന് യു.എന്നിന്റെ മൈഗ്രേഷൻ ഏജൻസി ഐ.ഒ.എം( ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ).
ആർ.എസ്.എഫിന്റെ ആക്രമണങ്ങൾ വർധിച്ചതോടെയാണ് സുഡാനിലെ സൗത്ത് കോർഡോഫാനിലെ കെർത്തലയിൽ നിന്നും ഒറ്റ ദിവസം കൊണ്ടുള്ള കൂട്ടപലായനം നടന്നത്.
സുഡാനിലെ മോശം സുരക്ഷാ സാഹചര്യങ്ങൾ കാരണം നവംബർ 28ന് 1625 പേർ കെർത്തലയിൽ നിന്നും പലായനം ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഡിസ്‌പ്ലേസ്‌മെന്റ് ട്രാക്കിങ് മാട്രിക്‌സിലെ ഫീൽഡ് ടീമുകളാണ് യു.എൻ ഏജൻസിയെ ഇക്കാര്യമറിയിച്ചത്.
പലായനം ചെയ്തവർ ദലാമി പ്രദേശത്തെ വിവിധ സ്ഥലങ്ങളിലേക്ക് താമസം മാറിയതായി യു.എൻ ഏജൻസി അറിയിച്ചു. എന്നാൽ പ്രദേശത്തെ സുരക്ഷാ സ്ഥിതികൾ വഷളായിക്കൊണ്ടിരിക്കുകയാണെന്നും യു.എൻ പറഞ്ഞു.
അതേസമയം നിർബന്ധിത സൈനിക റിക്രൂട്ട്മെന്റിനായി യുവാക്കളെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്.
സുഡാനിലെ എൽ ഫാഷറിൽ നിന്നും പലായനം ചെയ്ത കുട്ടികൾ ഒറ്റപ്പെട്ടതായി മാനുഷിക സംഘടനയായ നോർവീജിയൻ അഭയാർത്ഥി കൗൺസിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ആർ.എസ്.എഫിൻ്റെ ആക്രമണത്തിന് ശേഷം ഏകദേശം 400 കുട്ടികൾ മാതാപിതാക്കളില്ലാതെ വടക്കൻ ഡാഫറിലെ തവിലയിൽ എത്തിയെന്നാണ് റിപ്പോർട്ട്.
400 ഓളം കുട്ടികൾ അനാഥരായി എത്തിയിട്ടുണ്ടെന്നും എന്നാൽ യഥാർത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നും സംഘടന പറഞ്ഞു. മരുഭൂമിയിലൂടെ ദിവസങ്ങളോളം നടന്നതിന് ശേഷം വളരെ ക്ഷീണത്തോടെയാണ് തവിലയിലേക്ക് കുട്ടികൾ എത്തുന്നതെന്നും സംഘടന വ്യക്തമാക്കി.
2023 ഏപ്രിലിൽ ആരംഭിച്ച സുഡാനീസ് സൈന്യവും ആർ.എസ്.എഫും തമ്മിലുള്ള സംഘർഷത്തിൽ കുറഞ്ഞത് 40,000 പേർ കൊല്ലപ്പെടുകയും 12 ദശലക്ഷം പേർക്ക് അഭയാർത്ഥികളാകുകയും ചെയ്‌തെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.
Content Highlight: More than 1,600 civilians displaced in Sudan in a single day: UN agency