| Monday, 21st April 2025, 2:24 pm

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ആകെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്തു: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോസ്റ്റണ്‍: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുവീഴ്ച ചെയ്തുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ തന്നെ തെറ്റുകള്‍ ഉണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബോസ്റ്റണില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെയാണ് രാഹുല്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. തങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ കണക്ക് പ്രകാരം രണ്ട് മണിക്കൂറിനുള്ളില്‍ 65 ലക്ഷം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് അതില്‍ ഉണ്ടായിരുന്നതെന്നും അത് അസംഭവ്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മഹാരാഷ്ട്രയിലെ ആകെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്തു. ഇത് സത്യമാണ്. വൈകുന്നേരം 5:30 ഓടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങള്‍ക്ക് ഒരു കണക്ക് നല്‍കി. അതില്‍ ഏകദേശം 7:30 ഓടെ രണ്ട് മണിക്കൂറിനുള്ളില്‍ 65 ലക്ഷം വോട്ടര്‍മാര്‍ വോട്ട് ചെയ്തു എന്നാണ് ഉണ്ടായിരുന്നത്. അത് അസാധ്യമായ കാര്യമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് വളരെ വ്യക്തമാണ്, സിസ്റ്റത്തില്‍ എന്തോ കുഴപ്പമുണ്ട്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം രാഹുലിന്റെ പരമാര്‍ശം വിദേശ മണ്ണില്‍ രാജ്യത്തേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ബി.ജെ.പി വിമര്‍ശിച്ചു. രാഹുല്‍ തുടര്‍ച്ചയായി ഇത് തന്നെയാണ് ചെയ്യുന്നതെന്നും അദ്ദേഹം ജോര്‍ജ് സോറസിന്റെ ഏജന്റ് ആണെന്നും ബി.ജെ.പി ആരോപിച്ചു.

രാഹുല്‍ ഭരണഘടനയെക്കുറിച്ച് നിരന്തരം പറയുമ്പോഴും ഭരണഘടനയെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ അദ്ദേഹം അപമാനിക്കുകയാണ് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.

ഇത്തരത്തില്‍ രാജ്യത്തെ അപമാനിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വമായി മാറിയെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. ‘അദ്ദേഹം വിദേശത്ത് പോയി ഇന്ത്യയിലെ ജനാധിപത്യം അവസാനിച്ചുവെന്ന് പറയുന്നു. ഇതിലൂടെ മോദി വിരുദ്ധരായ ചില ആളുകള്‍ ഇപ്പോള്‍ ഇന്ത്യ വിരുദ്ധരായി മാറിയിരിക്കുന്നു എന്നാണ് മനസിലാവുന്നത്,’ ഷെഹസാദ് പൂനവാല പറഞ്ഞു.

Content Highlight: More people voted in Maharashtra elections than the total population: Rahul Gandhi

We use cookies to give you the best possible experience. Learn more