| Thursday, 11th September 2025, 9:30 am

അശാസ്ത്രീയ ഗര്‍ഭഛിദ്രം നടന്നത് നാലാം മാസം; മരുന്നെത്തിച്ച് നല്‍കിയത് രാഹുലിന്റെ സുഹൃത്തായ യുവ വ്യവസായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കെതിരായ നിര്‍ണായക തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി റിപ്പോര്‍ട്ട്. അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിനായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ യുവ വ്യവസായിയാണ് മരുന്നെത്തിച്ച് നല്‍കിയതെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നതെന്ന വിവരം. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാലാം മാസമാണ് അശാസ്ത്രീയമായി ഗര്‍ഭഛിദ്രം നടന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം ഗര്‍ഭഛിദ്രത്തിനായി യുവതിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ യുവതിയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.

പത്തനംതിട്ട സ്വദേശിയാണ് അനുയായിയായ വ്യവസായി എന്നാണ് വിവരം. ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. രാഹുലിന് പുറമേ ഇയാളും യുവതിയെ ഭീഷണിപ്പെടുത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ലൈംഗികാതിക്രമ കേസുകളില്‍ ക്രൈം ബ്രാഞ്ച് വിശദമായ ആന്വേഷണം തുടരുകയാണ്. രാഹുലിനെതിരെയുള്ള തെളിവുശേഖരണമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന് പുറമേ മറ്റൊരാള്‍ കൂടി യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നുള്ള വിവരം ലഭിച്ചത്. ഇയാള്‍ രാഹുലിന്റെ നാട്ടുകാരന്‍ തന്നെയാണ്. ഇയാള്‍ വഴിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിക്ക് ഗര്‍ഭഛിദ്രത്തിന് മരുന്ന് എത്തിച്ച് നല്‍കിയത്.

ഡോക്ടറുടെ സാന്നിധ്യമില്ലാതെ തീര്‍ത്തും അശാസ്ത്രീയമായ തരത്തിലായിരുന്നു ഗര്‍ഭഛിദ്രം. മരണം പോലും സംഭവിക്കാന്‍ സാധ്യതയുള്ള രണ്ട് മരുന്നുകള്‍ നാലാം മാസത്തില്‍ കഴിച്ചാണ് യുവതി ഗര്‍ഭഛിദ്രം നടത്തിയത്.

അതേസമയം, ലൈംഗികാതിക്രമ കേസില്‍ കഴിഞ്ഞ ദിവസം രാഹുലിനെതിരെ യുവനടി മൊഴി നല്‍കി. ഡി.വൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനാണ് നടി മൊഴി നല്‍കിയത്. രാഹുലിനെതിരായ തെളിവുകളും ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറി.

രാഹുലിനെതിരെ ആദ്യമായി പരാതിയുമായി രംഗത്തെത്തിയ യുവനടിയാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇതിനുപിന്നാലെയാണ് രാഹുലിന് എതിരെ കൂടുതല്‍ പരാതികള്‍ പുറത്തെത്തിയത്.

നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തില്‍ നടിക്ക് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും കൈമാറിയിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നു വന്ന 13 പരാതികളിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഈ പരാതികളില്‍ അധികവും മൂന്നാംകക്ഷി നല്‍കിയതാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും ഇരകളെ സമീപിക്കുക.

Content Highlight: More evidence in sexual assault case against Rahul Mamkootatil

We use cookies to give you the best possible experience. Learn more