| Thursday, 16th October 2025, 11:47 am

ഗസയിലേക്ക് സഹായമെത്തിക്കാൻ കൂടുതൽ പ്രവേശന കവാടങ്ങൾ തുറക്കണം: യു.എൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: ഗസയിലേക്കുള്ള സഹായ വിതരണങ്ങൾ വർധിപ്പിക്കുന്നതിനായി കൂടുതൽ പ്രവേശന കവാടങ്ങൾ തുറക്കാൻ ഇസ്രഈൽ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ. സഹായങ്ങൾ തടസമില്ലാതെ ഗസയിലേക്ക് എത്തിക്കുന്നത് ഉറപ്പാക്കണമെന്ന് യു.എൻ ഹ്യുമാനിറ്റേറിയൻ ചീഫ് ടോം ഫ്ലെച്ചർ പറഞ്ഞു.

കൂടുതൽ പ്രവേശന കവാടങ്ങൾ തുറക്കേണ്ടതുണ്ടെന്നും സഹായമെത്തിക്കുന്നതിനായുള്ള തടസങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പരിഹാരമാണ് വേണ്ടതെന്നും ടോം ഫ്ലെച്ചർ പറഞ്ഞു.

സാധാരണക്കാർക്കുള്ള സഹായം തടയരുതെന്നും സഹായം വർധിപ്പിക്കുക എന്നത് മാനുഷിക പരമായ നിയമബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവന് വേണ്ടത് അത്യാവശ്യ ഭക്ഷണവും പോഷകാഹാരവുമാണ് അത് അതിർത്തികളിൽ എത്തിക്കുമെന്നും ഫ്ലെച്ചർ പറഞ്ഞു.

ഈജിപ്തിൽ നടന്നുകൊണ്ടിരിക്കുന്ന ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മറ്റ് നേതാക്കളും ഗസയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാനുള്ള അനുവാദം നൽകണമെന്നും യു.എൻ പറഞ്ഞു.

ഗസയിലേക്കുള്ള മാനുഷിക സഹായത്തിൽ വർദ്ധനവ് വേണമെന്നും ആയിരകണക്കിന് ട്രക്കുകൾ ഗസയിലേക്ക് കടക്കാൻ കൂടുതൽ പ്രവേശന കവാടങ്ങൾ വേണമെന്നും യു.എൻ ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിരുന്നു.

ഈജിപ്തുമായുള്ള റഫ ക്രോസിങ് വീണ്ടും തുറക്കുമെന്ന് ഇസ്രഈൽ നേരത്തെ അറിയിച്ചിരുന്നു. ഇസ്രഈലിലൂടെ കടന്നുപോകാതെ ഗസയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു അതിർത്തിയാണ് റഫ.

ഇസ്രഈൽ നിലവിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള മറ്റ് ചെക്ക്‌പോസ്റ്റുകൾ വഴി ഗസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നുണ്ട്. എന്നാൽ കർശനമായ പരിശോധനകളും മറ്റും സഹായം വിതരണം ചെയ്യുന്നത്
മന്ദഗതിയിലാക്കിയിട്ടുണ്ടെന്ന് സഹായ ഏജൻസികൾ പറയുന്നു.

ഗസ സമാധാന ഉച്ചകോടി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്‌ദുൾ ഫത്താഹ് എൽ- സിസിയുടെയും നേതൃത്വത്തിലാണ് നടന്നത്. 20 ലധികം രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.

Content Highlight: More entry points must be opened to deliver aid to Gaza: UN

Latest Stories

We use cookies to give you the best possible experience. Learn more