റാഞ്ചി: മാവോയിസ്റ്റുകള്‍ മാര്‍ച്ച് 31നുള്ളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തിന്റെ ഭാഗമായി സുരക്ഷ സേന കര്‍ശനമായ നടപടികളിലേക്ക് കടക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡെഡ്‌ലൈന് ഒരാഴ്ച മാത്രം ശേഷിക്കെ മാവോയിസ്റ്റ് പ്രദേശങ്ങളില്‍ കേഡറുകളെ കണ്ടെത്തുന്നതിനും കീഴടങ്ങുന്നതിന് പ്രേരിപ്പിക്കുന്നതിനും സുരക്ഷാ സേന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.
ഛത്തീസ്ഗഡ്-ജാര്‍ഖണ്ഡ് മേഖലയില്‍ നിന്നും ഏകദേശം അഞ്ച് കേന്ദ്ര സായുധ പൊലീസ് സേനയെ പിന്‍വലിക്കുമെന്നും ക്ഷേമ പദ്ധതികള്‍ ഭാവിയില്‍ നടപ്പിലാക്കുകയും ചെയ്യും. ഇതിനായുള്ള രൂപരേഖയുടെ പണിപ്പുരയിലാണ് കേന്ദ്രമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഛത്തീസ് ഗഡിലെ പശ്ചിമ സിങ്ഭൂം ജില്ലയിലെ സാരന്ദ വനങ്ങളില്‍ പ്രത്യേക ഓപ്പറേഷന്റെ ഭാഗമായി നിയോഗിച്ചിരിക്കുന്ന സി.ആര്‍.പി.എഫിന്റെ നാലോളം കോബ്ര യൂണിറ്റുകളെ ജാര്‍ഖണ്ഡിലേക്ക് മാറ്റും.
ജാര്‍ഖണ്ഡില്‍ ഇതുവരെ കീഴടങ്ങാത്ത മാവോയിസ്റ്റ് നേതാവായ ഭാസ്‌കര്‍ എന്ന മിസിര്‍ ബസ്രയെയും കൂട്ടാളികളെയും കോബ്ര സംഘങ്ങള്‍ തിരയുകയാണ്.
ഛത്തീസ്ഗഡിലെ ബസ്തറില്‍ സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് തുടങ്ങിയ സംഘങ്ങളെ പുനര്‍വിന്യസിച്ചിട്ടുണ്ട്.
നിരോധിച്ച സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയുടെ രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങളേയും ഡിവിഷണല്‍ റാങ്ക് പ്രവര്‍ത്തകരേയും ഉള്‍പ്പടെ 150ഓളം സായുധ കേഡര്‍മാരെ തിരഞ്ഞുകൊണ്ടിരിക്കകുയാണെന്ന് സുരക്ഷ സേന അറിയിച്ചു.
ഗണപതി, ലക്ഷ്മണ്‍ റാവു എന്നെല്ലാം അറിയപ്പെടുന്ന രാമ്മണ്ണ തെലങ്കാന പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മാര്‍ച്ച് 31 നകം കീഴടങ്ങുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവസാനത്തെ 5-6 ദിവസങ്ങളില്‍ വലിയ ഓപ്പറേഷനുകള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഉന്നത സി.എ.പി.എഫ് കമാന്‍ഡര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് 31നകം മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാനാണ് പദ്ധതി. 100 ശതമാനം മാവോയിസവും ഇല്ലാതാക്കുകയെന്നതാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ദേശിച്ച പദ്ധതി. ഏറ്റുമുട്ടലിലൂടെയോ സ്വയം കീഴടങ്ങുന്നതിലൂടെയോ പദ്ധതി നടപ്പാക്കാമെന്നും കമാന്‍ഡര്‍ പറഞ്ഞു.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തെലങ്കാന, ഒഡീഷ എന്നിവ ഉള്‍പ്പെടുന്ന അതിര്‍ത്തി കടന്നുള്ള ഓപ്പറേഷനും പുരോഗമിക്കുകയാണെന്നും സേനാവൃത്തങ്ങള്‍ അറിയിച്ചു.
Content Highlight: March 31 deadline for Maoists; More Cobra units to Jharkhand; Army says possibility of major operations