സമസ്തിപൂര്‍: ബീഹാറില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ആള്‍ക്കൂട്ട അതിക്രമം. ജമുയിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരായ സദാചാര പൊലീസിങ്ങിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണിത്.
പൊതുസ്ഥലത്ത് വെച്ച് ഒരു പെണ്‍കുട്ടിയെ നാലംഗ സംഘം പിന്തുടര്‍ന്ന് അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചിട്ടുണ്ട്. ഇതോടെ നാല് പേര്‍ക്കെതിരെയും പൊലീസ് കേസെടുക്കുകയായിരുന്നു.
ഒരു പെണ്‍കുട്ടി സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയും ഫോട്ടോ എടുക്കാനായി വഴിയില്‍ നിര്‍ത്തുകയും ചെയ്തപ്പോഴാണ് ഒരു കൂട്ടം യുവാക്കള്‍ ഇരുവരെയും വളഞ്ഞത്. യുവാക്കള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും തെറിവിളിക്കുകയും ചെയ്യുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിക്കെതിരായ ലൈംഗികാതിക്രമം ബി.ജെ.പി ഭരിക്കുന്ന ബീഹാറിലെ ക്രമസമാധാന നിലയെക്കുറിച്ചുള്ള ഭയാനകതയാണ് തുറന്ന് കാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു.
‘ജാതി വിദഗ്ധനായ മുഖ്യമന്ത്രി നടപടിയെടുക്കുന്നതിന് മുമ്പ് ആദ്യം പ്രതിയുടെ ജാതി പരിശോധിക്കുമോ? അതോ കേസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുമോ? കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി ഇപ്പോള്‍ഈ കേസിലും എന്തെങ്കിലും ബന്ധുത്വം കണ്ടെത്തുമോ? ലജ്ജാകരം തന്നെ,’ യാദവ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ജാമുയിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കോച്ചിങ് ക്ലാസ് കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങുമ്പോള്‍ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തുകയും, സുഹൃത്തിനെ മര്‍ദിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഈ സംഭവത്തില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് പ്രതിയുടെ കാലിന് വെടിയേറ്റിരുന്നതായാണ് പൊസീസ് പറയുന്നത് ബീഹാാറില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കകള്‍ക്കും രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
Content Highlight: Moral policing in Bihar again; four arrested.