മലപ്പുറം: പരപ്പനങ്ങാടി ബിവറേജ് കോര്‍പ്പറേഷന്റെ മദ്യഷാപ്പിലെ ക്യൂവിനുസമീപം ഭര്‍ത്താവിനൊപ്പം നിന്നു എന്ന കൂറ്റമാരോപിച്ച് സദാചാരപോലീസ് ചമഞ്ഞ ഒരു പറ്റം ആളുകള്‍ സ്ത്രീയെ ക്രൂരമായി ആക്രമിച്ചു. ചെമ്മാട് സന്‍മനസ് റോഡില്‍ കല്ലുപറമ്പന്‍ കുഞ്ഞിപ്പോക്കറിനും ഭാര്യക്കുമാണ് മര്‍ദ്ദനമേറ്റത്.
ചൊവ്വാഴ്ച രാവിലെ 10.15 ഓടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന ആള്‍ മദ്യം വാങ്ങാന്‍ കൗണ്ടറിലേക്ക് പണം നല്‍കുന്ന സമയത്ത് ഒരു പറ്റം ആളുകള്‍ ഇയാളെയും സ്ത്രീയെയും പിടിച്ചുവലിച്ചിടുകയായിരുന്നു. പിന്നീട് ആളുകള്‍ ഇവരെ തള്ളിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്തു. ഇവര്‍ പറയുന്നതൊന്നും ചെവികൊള്ളാന്‍ ആള്‍ക്കുട്ടം തയ്യാറായില്ല. ഭാര്യയെ മര്‍ദ്ദിക്കുന്നത് തടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും പൊതിരെ തല്ലി. ഇതിനുശേഷം ഇരുവരെയും റോഡില്‍ പ്രദര്‍ശിപ്പിച്ച് നടത്താനായി സദാചാര പോലീസിന്റെ ശ്രമം. എന്നാല്‍ പോലീസെത്തി ഈ ശ്രമം തടഞ്ഞു.
പോലീസ് ഇവരെ രക്ഷപ്പെടുത്തി കാറില്‍ പറഞ്ഞയച്ചെങ്കിലും ഒരു കിലോമീറ്റര്‍ അപ്പുറത്ത് ചെട്ടിപ്പടിയില്‍വെച്ചും വെച്ച് ഇവര്‍ വീണ്ടും അക്രമിക്കപ്പെട്ടു.
അവിടെനിന്നും രക്ഷപ്പെട്ട ഇവരെ ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിനടുത്ത് വച്ച് ഒരു പ്രത്യേക സംഘടനയുടെ ആളുകള്‍ തടഞ്ഞുവെച്ച് അവരുടെ കേന്ദ്രത്തിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഉച്ചക്ക് ശേഷം ഓട്ടോയില്‍ എത്തിയ ഒരുസംഘം കുഞ്ഞിപ്പോക്കറെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. അതിനാല്‍ തനിക്ക് പരാതിയില്ലെന്ന് ഇയാള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ദമ്പതികളെ ആക്രമിച്ച ആര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടില്ല. മര്‍ദ്ദനമേറ്റവര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കുന്നില്ലെന്നാണ് പോലീസ് നല്‍കിയ വിശദീകരണം.