| Friday, 25th November 2011, 12:18 pm

ഷഹീദ് ബാവ മരിച്ചു; ഫാസില്‍ ജീവിച്ചിരിപ്പുണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്


സ്റ്റാഫ് റിപ്പോര്‍ട്ടര്‍

2011 നവംബര്‍ ഒമ്പത് രാത്രി 12.00

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തില്‍ വില്ലേജ് ഓഫീസ് പരിസരത്തുവെച്ച് യുവാവിനെ ഒരു സംഘമാളുകള്‍ പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. തലക്കും മറ്റിടങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടും അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നു. നാട്ടുകാരില്‍ ചിലരും യുവാവിന്റെ ബന്ധുക്കളും തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആരോ ഒരാള്‍ പോലീസിനെ വിവരമറിയിച്ചു. ആറ് കിലോ മീറ്റര്‍ അകലെയുള്ള മുക്കത്ത് നിന്ന് പോലീസുകാരെത്തി. അപ്പോഴും നാട്ടുകാര്‍ മര്‍ദനം തുടര്‍ന്നുകൊണ്ടിരിക്കയായിരുന്നു. പോലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ അനുവദിച്ചില്ല.

പോലീസുകാര്‍ ഉടന്‍ മേലുദ്യോഗസ്ഥനെ വിവരമറിയിച്ചു. മുക്കം എ.എസ്.ഐ കൂടുതല്‍ പോലീസുമായി സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു കളഞ്ഞു. പോലീസാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ആറ് ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ച യുവാവ് ബുധനാഴ്ച ആശുപത്രിയില്‍ മരിച്ചു. പുരുഷന്‍മാരില്ലാത്ത വീട്ടില്‍ സംശയാസ്പദമായി കണ്ടുവെന്നാരോപിച്ച് കൊടിയത്തൂര്‍ ചെറുവാടി തേലീരി ഷഹീദ് ബാവ എന്ന 27 കാരനെ ജനക്കൂട്ടം അടിച്ചുകൊന്നു.

2011 നവംബര്‍ ഒമ്പത് രാത്രി 9.30

കൊടിയത്തൂരിന് രണ്ട് കിലോമീറ്റര്‍ അകലെ ചുള്ളിക്കാപറമ്പിലെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടു വന്ന മറ്റൊരു യുവാവിനെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദനം തുടങ്ങി. അന്‍പതോളം പേരുണ്ടായിരുന്നു അക്രമി സംഘം. ആദ്യ അടിയേറ്റ ഉടന്‍ തന്നെ യുവാവ് ബോധ രഹിതനായി. യുവാവിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തിയെങ്കിലും ജനക്കൂട്ടത്തിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ അവര്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. രക്ഷപ്പെടുത്താന്‍ വന്ന ബന്ധുക്കളോട് യുവാവിനെ മര്‍ദിക്കാനാണ് അക്രമി സംഘം ആജ്ഞാപിച്ചത്. വിവരറിഞ്ഞ് യുവാവിന്റെ മാതാവ് സ്ഥലത്തെത്തിയെങ്കിലും അവരെ ബലം പ്രയോഗിച്ച് തള്ളിമാറ്റി.

ഷഹീദ് ബാവയെപ്പോലെ ചുള്ളിക്കാപ്പറമ്പ് ആലുങ്ങല്‍ചാലില്‍ ഫാസിലിന് (23) ജീവന്‍ നഷ്ടപ്പെട്ടില്ല. പരിക്കേറ്റ ഫാസില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫാസിലിന്റെ തലക്കും ജനനേന്ദ്രിയത്തിനും പരിക്കേറ്റിട്ടുണ്ട്. ആദ്യം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോയിരുന്നുവെങ്കിലും മൂത്ര തടസ്സം നേരിട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

കൊടിയത്തൂരും ചെറുവാടിയും ചുള്ളിക്കാപ്പറമ്പും മൂന്ന് കിലോമീറ്റര്‍ ചുള്ളവിലുള്ള പ്രദേശമാണ്. ഷഹീദ് ബാവയെ കൊടിയത്തൂരില്‍ ജനക്കൂട്ടം അടിച്ചുകൊന്നത് വലിയ വാര്‍ത്തയായി എന്നാല്‍ അതേ ദിവസം ചുള്ളിക്കാപ്പറമ്പില്‍ ഫാസില്‍ ആക്രമിക്കപ്പെട്ടത് അധികമൊന്നും വാര്‍ത്തയായിട്ടില്ല. കൊടിയത്തൂരിലെ ആക്രമണത്തിന് തീവ്രവാദ ബന്ധമുണ്ടെന്നും ഇല്ലെന്നും പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഡൂള്‍ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ചുള്ളിക്കാപ്പറമ്പില്‍ നടന്ന സദാചാര പോലീസ് ആക്രമണത്തിന് പിന്നില്‍ ഒരു തീവ്രവാദ സംഘടനയുടെ കറുത്ത കയ്കളുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. ഈ തീവ്രവാദ സംഘത്തിന് കൊടിയത്തൂര്‍ സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് പറയാന്‍ തക്ക തെളിവുകളൊന്നും തന്നെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുമില്ല.

ഫാസിലിന് സംഭവിച്ചതെന്ത്?

ഓട്ടോ ഡ്രൈവറായ ഫാസില്‍ നാട്ടിലെ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയെ പ്രണയിച്ചതാണ് ആക്രമണത്തിന് കാരണം. പ്രണയത്തെക്കുറിച്ച് ഇരു വീട്ടുകാരും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. സംഭവ ദിവസം രാവിലെ ഫാസിന്റെ ഉമ്മ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് ഇരുവീട്ടുകാര്‍ക്കും എതിര്‍പ്പില്ല. വിവാഹത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയാണ് ഉമ്മ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നിറങ്ങിയത്. ഇതിനിടെ ഫാസില്‍ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി പെണ്‍കുട്ടിക്ക് നല്‍കിയിരുന്നു.

അന്ന് രാത്രി ഒമ്പത് മണിയോടെയാണ് ഫാസിലിന്റെ പരിചയത്തിലുള്ള രണ്ട് പേര്‍ വന്ന് വിഷയം ചര്‍ച്ച ചെയ്യണമെന്നും തങ്ങളുടെ കൂടെ വരണമെന്നും ഫാസിലിനോട് ആവശ്യപ്പെട്ടത്. ഫാസില്‍ ഉടന്‍ അവരോടൊപ്പം തിരിച്ചു. ഫാസിലിനെ സംഘം കൊണ്ടു പോയത് വിജനമായ തേനങ്ങാപ്പറമ്പ് പാടത്തേക്കാണ്. യുവാവിനെ മരത്തോട് ചേര്‍ത്തുകെട്ടി മര്‍ദ്ദനം തുടങ്ങി. ” നീ അവളെ ഫോണ്‍ ചെയ്യുമല്ലേടാ”… എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. അമ്പതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. അവരില്‍ പലര്‍ക്കും ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ഫാസിലും ബന്ധുക്കളും പറയുന്നു. ഈ തീവ്രവാദ സംഘടനയുടെ ജില്ലാ നേതാവിന്റെ നേതൃത്വത്തിലാണ് ഇവര്‍ സംഘടിച്ചതെന്നും ഞങ്ങള്‍ക്ക് മനസ്സിലാക്കാനായി.

ഫാസിലിനെ ആക്രമിക്കുന്ന വിവരം കേട്ടെത്തിയ യുവാവിന്റെ അമ്മാവന്‍മാരെ അക്രമിസംഘം തടഞ്ഞുവെച്ചു. അവനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട അവരെയും കയ്യേറ്റം ചെയ്തു. അമ്മാവന്‍മാരെ ഭീഷണിപ്പെടുത്തി ഫാസിലിനെ മര്‍ദിക്കാന്‍ ആവശ്യപ്പെട്ടു. ഫാസിലിന്റെ ജനനേന്ദ്രിയത്തില്‍ മുളകുപൊടി പ്രയോഗിച്ചു. വിവരമറിഞ്ഞെത്തിയ ഉമ്മയെ അക്രമിസംഘം പിടിച്ചു തള്ളി. ഫാസില്‍ ബോധരഹിതനായെന്ന് കണ്ടപ്പോള്‍ അക്രമം അവസാനിപ്പിക്കുകയായിരുന്നു. ഉടന്‍ ഫാസിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇപ്പോഴയാള്‍ ജീവനോടെയിരിക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു

ചുള്ളിക്കാപ്പറമ്പിലെ സദാചാര പോലീസ്

അനധികൃത മണല്‍ ഖനനം നടത്തുന്ന സംഘങ്ങളുള്‍പ്പെട്ട പ്രദേശത്തെ ഒരു ഗുണ്ടാ സംഘമാണ് ഫാസിലിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഈ ഗുണ്ടാ സംഘം പ്രവര്‍ത്തിക്കുന്നതാകട്ടെ പ്രദേശത്തെ ഒരു തീവ്രവാദ സംഘടനയുടെ തണലിലാണ്. തീവ്രവാദ സംഘടനയുടെ ജില്ലാ നേതാവാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഫാസിലിന്റെ ബന്ധുക്കളും മറ്റും സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ ഒരു ബസ് കണ്ടക്ടര്‍ക്ക് നേരെ ഇതേ സംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. ബസ് യാത്രക്കാരനായ ഒരു ആണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചായിരുന്നു ആക്രമണം.

ഫാസില്‍ പ്രണയിക്കുന്നുവെന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയാതെയാണ് ആക്രമണം നടന്നതെന്നതാണ് ശ്രദ്ധേയം. പ്രണയമുള്‍പ്പെടെയുള്ള ധാര്‍മ്മിക വിഷയങ്ങളുണ്ടാകുമ്പോള്‍ ഇടപെടാന്‍ ഞങ്ങളുണ്ടെന്ന സന്ദേശം നല്‍കുകയാണ് ഈ തീവ്രവാദ സംഘടന ചെയ്യുന്നത്. കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇതിന് മുമ്പും ഇത്തരം സംഘടനകളുടെ ഇടപടെലുണ്ടായിട്ടുണ്ട്. സദാചാര വിഷയത്തില്‍ ഇടപെട്ട് ആള്‍ക്കൂട്ടത്തിന്റെ പിന്തുണ തേടുകയാണ് ഇവര്‍ ചെയ്യുന്നത്. പ്രത്യേക മതത്തിന്റെ വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വളരെ ആസൂത്രിതമായ ഇത്തരം ഇടപെടല്‍ കാണാം. നേരത്തെ അശ്ലീല സിനിമാ ശാലകള്‍ക്ക് നേരെ ആക്രമണം നടത്തി കുപ്രസിദ്ധി നേടിയ സംഘടനയാണിത്. അടുത്ത കാലത്ത് പ്രവാചക നിന്ദയാരോപിച്ച് കോളജ് അധ്യാപകന് നേരെ നടന്ന ആക്രമണവും ഇത്തരത്തിലുള്ളതായിരുന്നു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഫാസിലിനെ ആക്രമിച്ചതില്‍ ഭൂരിഭാഗവും. ഫാസിലിന്റെ നാട്ടില്‍ ഈ രാഷ്ട്രീയ പാര്‍ട്ടിക്ക് തീവ്രവാദ സംഘടനയുമായി അടുത്ത ബന്ധമാണുള്ളത്. രണ്ട് സംഘടനയുടെയും പ്രവര്‍ത്തകര്‍ ഒന്നു തന്നെയാണെന്നും കണ്ടെത്താന്‍ കഴിഞ്ഞു.

കൊടിയത്തൂരും പരിസര പ്രദേശങ്ങളും സാംസ്‌കാരികമായി ഏറെ പ്രബുദ്ധരായ നാടാണ്. ഒട്ടുമിക്ക സംഘടനകള്‍ക്കും ഇവിടെ ശാഖകളുണ്ട്. മുസ്‌ലിം മത വിശ്വാസികളിലെ മുഴുവന്‍ സംഘടനകള്‍ക്കും കൊടിയത്തൂരില്‍ ശാഖകളുണ്ട്. തീവ്രവാദ സംഘടനക്ക് എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

സദാചാര പോലീസിങ് നടത്തുന്നതിന് ആശയപരമായ പ്രചോദനം നല്‍കുകയും അക്രമണങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുകയെന്ന തന്ത്രവും ഇവിടെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കൊടിയത്തൂരില്‍ ഷഹീദ് ബാവക്ക് നേരെ നടന്ന ആക്രമത്തിലും ചുള്ളിക്കാപ്പറമ്പിലെ ആക്രമണത്തിലും ഏറെ സമാനതകള്‍ കാണാന്‍ കഴിയും. രണ്ടും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമാണ്. സംഘടിതമായി നടത്തിയ ആക്രമണം തടയാന്‍ ശ്രമിച്ചവരെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. “ജനക്കൂട്ടം” നിലിവലുള്ള എല്ലാ നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച് പരസ്യമായി നിയമം കയ്യിലെടുക്കുന്ന സാഹചര്യമുണ്ടായി.

കൊടിയത്തൂര്‍ ആക്രമണത്തില്‍ പ്രതിപ്പട്ടികയില്‍പ്പെട്ടവര്‍ക്ക് പല സംഘടനകളുമായും ബന്ധമുണ്ട്. കേസില്‍ പത്ത് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. പിടികൂടാനുള്ള അഞ്ച് പ്രതികള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രദേശത്തെ പ്രമുഖ സമുദായ പാര്‍ട്ടിയുടെ നേതാക്കളുടെ അടുത്ത ബന്ധുക്കളാണ് ഈ അഞ്ചു പേര്‍. പോലീസ് പിടികൂടിയവരിലൊരാള്‍ തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്…

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more