| Sunday, 8th November 2026, 11:03 am

ആണ്‍ദൈവങ്ങള്‍ക്ക് മാത്രമേ രക്ഷയുള്ളൂ? ബോക്‌സ് ഓഫീസില്‍ പച്ചപിടിക്കാതെ മൂക്കുത്തി അമ്മന്‍; രണ്ട് ദിവസം കൊണ്ട് ആകെ നേടിയത് ഏഴ് കോടി

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ഏറ്റവും വലിയ മാര്‍ക്കറ്റുള്ള ഴോണറുകളിലൊന്നാണ് ഭക്തി സിനിമകള്‍. ദൈവങ്ങളുടെ കഥ കൊമേഷ്‌സ്യല്‍ രീതിയില്‍ പ്രേക്ഷകര്‍ക്ക് കണക്ടാകുന്ന രീതിയില്‍ പല ഇന്‍ഡസ്ട്രിയിലും ഒരുങ്ങുന്നുണ്ട്. തെലുങ്കിലാണ് ഇത്തരം സിനിമകള്‍ കൂടുതലെങ്കിലും മറ്റ് ഇന്‍ഡസ്ട്രികളും ഇക്കാര്യത്തില്‍ പിന്നിലല്ല.

മലയാളത്തില്‍ മാളികപ്പുറം (85 കോടി), ഹനുമാന്‍ (തെലുങ്ക് 400 കോടി), കറുപ്പ് (തമിഴ് 330 കോടി), ഹനുമാന്‍ അന്‍ഷ് ( ഹിന്ദി 330 കോടി) രാമായണ (240 കോടി*) എന്നിവയാണ് സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിച്ച ഭക്തി സിനിമകള്‍. ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് തമിഴ് ചിത്രം മൂക്കുത്തി അമ്മന്‍ 2.

നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രം ദീപാവലി റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. എന്നാല്‍ 100 കോടിക്കടുത്ത് ചെലവഴിച്ച് ഒരുങ്ങിയ ചിത്രം പരാജയത്തിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് വെറും ഏഴ് കോടി മാത്രമാണ് മൂക്കുത്തി അമ്മന്‍ 2 നേടിയത്.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചക്ക് തുടക്കമായി. ബോക്‌സ് ഓഫീസില്‍ ഭക്തി സിനിമകള്‍ വിജയിക്കണമെങ്കില്‍ ആണ്‍ദൈവങ്ങളുടെ കഥയാകണമെന്നാണ് സിനിമാപേജുകളുടെ പുതിയ കണ്ടുപിടിത്തം. അടുത്ത കാലത്ത് ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയമായി മാറിയ സിനിമകളെല്ലാം പറയുന്നത് ആണ്‍ ദൈവങ്ങളുടെ കഥയാണ്.

മാളികപ്പുറം (അയ്യപ്പന്‍), ഹനുമാന്‍ (ഹനുമാന്‍), കറുപ്പ് (കറുപ്പസാമി), ഹനുമാന്‍ അന്‍ഷ് (കരോലി ബാബി), രാമായണ (രാമന്‍) എന്നിങ്ങനെയാണ് ലിസ്റ്റിലെ സിനിമകളും ദൈവങ്ങളും. പെണ്‍ദൈവമായ മൂക്കുത്തി അമ്മന്‍ ബോക്‌സ് ഓഫീസില്‍ കിതക്കുകയാണെന്നും ആണ്‍ ദൈവത്തിന്റെ കഥയായിരുന്നെങ്കില്‍ വിജയിച്ചേനെയെന്നുമാണ് കമന്റുകള്‍.

ദൈവത്തിന്റെ ജന്‍ഡറല്ല പ്രശ്‌നമെന്നും ഔട്ട്‌ഡേറ്റഡായ തിരക്കഥയാണ് മൂക്കുത്തി അമ്മന്‍ 2ന് വില്ലനായതെന്നുമാണ് കമന്റുകള്‍. നല്ല ഫാന്‍ ബേസുള്ള മൂക്കുത്തി അമ്മന്‍ ഫ്രാഞ്ചൈസിയിലെ ചിത്രമെന്ന ഹൈപ്പ് ഉണ്ടായിരുന്നിട്ടും സംവിധായകന് അതിനെ കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനങ്ങളുണ്ട്.

കേരളത്തിലും പരിതാപകരമായ കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യദിനം വെറും ഏഴ് ലക്ഷം മാത്രം സ്വന്തമാക്കിയ ചിത്രം രണ്ടാം ദിനം വെറും എട്ട് ലക്ഷമാണ് നേടിയത്. തമിഴ്‌നാട്ടില്‍ പകുതിയിലധികം സ്‌ക്രീനുകളുണ്ടെങ്കിലും ഒരിടത്തും വലിയ മുന്നേറ്റം മൂക്കുത്തി അമ്മന്‍ 2ന് ഉണ്ടാക്കാനായിട്ടില്ല. വിതരണക്കാരായ റെഡ് ജയന്റിന്റെ പിടിവാശി കാരണം തിയേറ്റര്‍ ഉടമകളും ഇപ്പോള്‍ പ്രതിസന്ധിയിലാണ്.

Content Highlight: Mookuhi Amman 2 movie struggling in Box Office

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more