| Sunday, 20th September 2026, 2:50 pm

അവൻ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാറുമെന്ന് എനിക്ക് തോന്നുന്നില്ല; യുവ താരത്തിന്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് മോണ്ടി പനേസർ

അഞ്ജലി പി.കെ.

ടി-20 ക്രിക്കറ്റിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ യുവ ഇന്ത്യൻ താരം വൈഭവ് സൂര്യവംശിയുടെ ടെസ്റ്റ് ഭാവിയെക്കുറിച്ച് പ്രതികരിച്ച് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ.

ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാറാൻ വൈഭവിന് കഴിയുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നാണ് പനേസർ വ്യക്തമാക്കിയത്. ബിയോണ്ട്23 പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടയിലാണ് മുൻ താരം ഇത്തരമൊരു ആശങ്ക പ്രകടിപ്പിച്ചത്.

‘വൈഭവ് സൂര്യവംശി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാറുമെന്ന് എനിക്ക് തോന്നുന്നില്ല. ടെസ്റ്റിലും ടി-20യിലും ഇപ്പോൾ ആദ്യ പത്തിൽ ഇടം നേടിയ ഒരേയൊരു വ്യക്തി ഹാരി ബ്രൂക്ക് മാത്രമാണ്. പക്ഷേ സൂര്യവംശിക്ക് ആ സാങ്കേതിക വിദ്യ മനസിലായിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്,’ മോണ്ടി പനേസർ

ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച സൂര്യവംശി, 2026ലെ ഐ.പി.എല്ലിലും തകർപ്പൻ പ്രകടനം നടത്തി. 776 റൺസുമായി ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായ അദ്ദേഹം 237ന് മുകളിലുള്ള സ്ട്രൈക്ക് റേറ്റും സ്വന്തമാക്കി. ഇതോടെ 15കാരനെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി-20 ടീമിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.

2026ലെ ദുലീപ് ട്രോഫി കിരീടം ഈസ്റ്റ് സോൺ സ്വന്തമാക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചു. ഇതിലൂടെ റെഡ്-ബോൾ ക്രിക്കറ്റിലും മികച്ച പ്രകടനം നടത്താനുള്ള തന്റെ കഴിവും സൂര്യവംശി തെളിയിച്ചിരിക്കുകയാണ്.

സെൻട്രൽ സോണിനെതിരായ സെമിഫൈനലിൽ 81 പന്തിൽ 92 റൺസ് നേടിയതോടെ ദുലീപ് ട്രോഫിയിൽ അർധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും സൂര്യവംശി മാറി.

എന്നിരുന്നാലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ താരത്തിന്റെ കണക്കുകൾ അത്ര മികച്ചതല്ല. 11 മത്സരങ്ങളിൽ നിന്ന് 24ൽ താഴെയാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.

അടുത്തിടെ അവസാനിച്ച ഇന്ത്യ-അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടിയിരുന്നെങ്കിലും ഒരു മത്സരത്തിലും വൈഭവിന് കളിക്കാൻ അവസരം ലഭിച്ചില്ല.

Content Highlight: Monty Panesar talks Vaibav Sooryavanshi future in test cricket

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more