കോഴിക്കോട്: സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നുണ്ട്. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകൾക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ എട്ട് ജില്ലകൾക്ക് ഓറഞ്ച് അലേർട്ടുമാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് യെല്ലോ അലേർട്ടാണ്.
നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് നാളെ ഓറഞ്ച് അലേർട്ട് ആയിരിക്കും.
സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. വരും മണിക്കൂറിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിന് സമീപം ഉയർന്ന ലെവലിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതാ നിർദേശങ്ങൾ
Content Highlight: Monsoon strengthens again in the state; Red alert in 4 districts