| Monday, 3rd November 2025, 3:31 pm

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. മുംബൈയിലെയും ദല്‍ഹിയിലെയും നിരവധി സ്ഥാപനങ്ങളുള്‍പ്പെടെ 3000 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി.

റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (ആര്‍.എച്ച്.എഫ്.എല്‍), റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (ആര്‍.സി.എഫ്.എല്‍) എന്നിവ സ്വരൂപിച്ച പൊതുഫണ്ട് വകമാറ്റി വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ നടപടി.

ദല്‍ഹി, നോയ്ഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, കിഴക്കന്‍ ഗോദാവരി എന്നിവിടങ്ങളിലെ സ്വത്തുക്കളും ദല്‍ഹി രഞ്ജിത് സിങ് മാര്‍ഗിലുള്ള ബാന്ദ്ര വസതി, റിലയന്‍സ് സെന്റര്‍ തുടങ്ങിയ നിരവധി സ്വത്തുക്കളും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ) ഇ.ഡി കണ്ടുകെട്ടുകയായിരുന്നു.

മുംബൈയിലെ അംബാനി കുടുംബത്തിന്റെ പാലി ഹില്‍ വസതിയും ദല്‍ഹിയിലെ റിലയന്‍സ് സെന്ററും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഫീസുകളും അവ നിലനില്‍ക്കുന്ന ഭൂമിയും റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും ഇതിലുള്‍പ്പെടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആകെ കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം ഏകദേശം 3084 കോടി രൂപയാണ്.

2017-2019 കാലത്ത് യെസ് ബാങ്ക് ആര്‍.എച്ച്.എഫ്.എല്‍ ഇന്‍സ്ട്രുമെന്റുകളില്‍ 2965 കോടി രൂപയും ആര്‍.സി.എഫ്.എല്‍ ഇന്‍സ്ട്രുമെന്റുകളില്‍ 2045 കോടിയും നിക്ഷേപിച്ചിരുന്നു. 2019 ഡിസംബറോടെ ഇവ നിഷ്‌ക്രിയ നിക്ഷേപങ്ങളായി മാറിയെന്നാണ് ആരോപണം. അന്ന് ആര്‍.എച്ച്.എഫ്.എല്‍ 1353.50 കോടിയും ആര്‍.സി.എഫ്.എല്‍ 1984 കോടിയും കുടിശിക വരുത്തിയെന്നും കണക്കുകള്‍ പറയുന്നു.

സെബിയുടെ മൂച്വല്‍ ഫണ്ട് വിരുദ്ധ ചട്ട പ്രകാരം, മുന്‍ റിലയന്‍സ് നിപ്പോണ്‍ മൂച്വല്‍ ഫണ്ടിന് അനില്‍ അംബാനി ഗ്രൂപ്പ് ധകാര്യ കമ്പനികളില്‍ നേരിട്ട് നിക്ഷേപിക്കുന്നത് നിയമപരമായി സാധ്യമല്ലെന്ന് ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തി.

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് പൊതുജനങ്ങള്‍ മൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച പണം യെസ് ബാങ്ക് എക്‌സ്‌പോഷറുകള്‍ വഴി പരോക്ഷമായി വഴിതിരിച്ചുവിട്ടെന്നും ഇത് അനില്‍ അംബാനിയുടെ കമ്പനികളില്‍ എത്തിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

യെസ് ബാങ്കിന്റെ പണം ആര്‍.എച്ച്.എഫ്.എല്‍, ആര്‍.സി.എഫ്.എല്‍ എന്നിവയിലേക്ക് ഒഴുകിയെന്നും ഇവര്‍ അംബാനി ഗ്രൂപ്പുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കിയെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. റിലയന്‍സ് ഗ്രൂപ്പ് അനുബന്ധ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനുള്ള ഫണ്ട് വകമാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ജനറല്‍ പര്‍പ്പസ് കോര്‍പ്പറേറ്റ് വായ്പകളുടെ ഗണ്യമായ ഒരു ഭാഗം ഒടുവില്‍ റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് തന്നെ എത്തി. ഈ വായ്പകളുടെ അപേക്ഷകളിലും തിരിച്ചടവുകളിലും പിഴവുകള്‍ കണ്ടെത്തി.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡുള്‍പ്പെടെയുള്ള കമ്പനികളുടെ വായ്പാത്തട്ടിപ്പിലും അന്വേഷണം ശക്തമായിട്ടുണ്ടെന്ന് ഇ.ഡി വെളിപ്പെടുത്തി.

കൂടുതല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ഇപ്പോഴുള്ള നടപടികള്‍. പൊതുജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, റിലയന്‍സ് ഗ്രൂപ്പ് വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Highlight: Money laundering; Anil Ambani’s assets worth Rs 3000 crore  ED seized

We use cookies to give you the best possible experience. Learn more