| Wednesday, 8th April 2026, 3:07 pm

വോട്ടിന് പണം: കോണ്‍ഗ്രസുകാരുടെ തിരക്കഥ; പണം നല്‍കിയ സ്ത്രീയെ അറിയില്ല;കൃത്യമായ ഉത്തരമില്ലാതെ ശോഭ സുരേന്ദ്രന്‍

അനിത സി

പാലക്കാട്: വോട്ടിന് പണമെന്ന ആരോപണം കോണ്‍ഗ്രസ് തയ്യാറാക്കിയ തിരക്കഥ പ്രകാരം കെട്ടിച്ചമച്ചതാണെന്ന് പാലക്കാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. തന്നെ പണം നല്‍കുന്നയാളായി ചിത്രീകരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

പണം നല്‍കുന്നെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് കോണ്‍ഗ്രസുകാര്‍ തന്റെ കാറിനെ പിന്തുടര്‍ന്നത്. പണം നല്‍കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനെന്ന പേരില്‍ തന്നെ പിന്തുടര്‍ന്ന കാറിലുള്ള യുവാവ് മോശമായ ആംഗ്യം കാണിച്ചു.

ലൈംഗിക അധിക്ഷേപകരമായ ആംഗ്യം കാണിച്ചതുകൊണ്ടാണ് കാറില്‍ നിന്നിറങ്ങിച്ചെന്ന് അവരെ ചോദ്യം ചെയ്തതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കാറിലുണ്ടായിരുന്നത് വിനേഷെന്ന 20ഓളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയാണെന്നും അവരാണ് പണം നല്‍കിയ സ്ത്രീയെ കൊണ്ടുവന്നതെന്നും ശോഭ ആരോപിച്ചു.

വയോധികയ്ക്ക് പണം കൊടുത്തെന്ന് പറയുന്ന വെള്ള ചുരിദാര്‍ ധരിച്ച സ്ത്രീയെ അറിയില്ല. അവര്‍ തന്റെ കാറില്‍ കയറിയിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതേ സ്ത്രീ ശോഭയുടെ കാറില്‍ നിന്നിറങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ കാണിച്ചിട്ടും അവര്‍ നിഷേധിക്കുകയും ചെയ്തു.

ദൃശ്യങ്ങളിലുള്ള സ്ത്രീയെ അറിയില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയല്ലാതെ, മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ശോഭ സുരേന്ദ്രന്‍ തയ്യാറായില്ല.

നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന വീഡിയോ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകായാണ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോടികളൊഴുക്കുകയാണ് ബി.ജെ.പിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.

Content Highlight: Money for Vote visuals are fake and scripted says  Sobha Surendran

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more