തിരുവനന്തപുരം: കേരളത്തിലേക്ക് പ്രവാസികള്‍ പണമയക്കുന്ന റെമിറ്റന്‍സ് എക്കോണമിയെക്കുറിച്ച് അഭിമാനിക്കാറുണ്ടെങ്കിലും, സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയിളക്കുന്ന ‘റിവേഴ്‌സ് റെമിറ്റന്‍സ്’ (പണം തിരികെ പുറത്തേക്ക് പോകല്‍) എന്ന ഗുരുതരമായ പ്രതിഭാസത്തെക്കുറിച്ച് കേരളം ഗൗരവമായി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സഭയിലെ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കറന്‍സിയുടെ വിനിമയം കുറയുന്നതും പണം സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകുന്നതും വരും ദിവസങ്ങളില്‍ വലിയ ലിക്വിഡിറ്റി ക്രഞ്ചിലേക്ക് (പണലഭ്യതക്കുറവ്) നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കേരളത്തിന്റെ പണം അതിഥി തൊഴിലാളികളിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്ന പ്രസ്താവന അദ്ദേഹം നടത്തിയിരുന്നു.
കേരളത്തില്‍ നിലവില്‍ 40 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവര്‍ കേരളത്തില്‍ വളരെ കുറഞ്ഞ പണം മാത്രമാണ് ചെലവഴിക്കുന്നത്. ഗോതമ്പുപൊടി, ഉള്ളി, പരിപ്പ് തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ മാത്രം വാങ്ങി പെരുമ്പാവൂര്‍ പോലുള്ള കേന്ദ്രങ്ങളില്‍ വളരെ ചെലവ് ചുരുക്കിയാണ് ഇവര്‍ ജീവിക്കുന്നത്.
മദ്യപാനത്തിലൂടെ സര്‍ക്കാരിലേക്ക് എത്തുന്ന നികുതി മാത്രമാണ് ഇവരില്‍ നിന്നുള്ള പ്രധാന വരുമാനം. അത് വളരെ ചെറിയൊരു ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍കാലങ്ങളില്‍ ശനിയാഴ്ച കൂലി കിട്ടിയാല്‍ തിങ്കളാഴ്ച ബാങ്കുകള്‍ വഴിയാണ് ഇവര്‍ നാട്ടിലേക്ക് പണമയച്ചിരുന്നതെങ്കില്‍, ഇന്ന് സാങ്കേതികവിദ്യ വളര്‍ന്നതോടെ ശനിയാഴ്ച കൂലി കിട്ടുന്ന നിമിഷം തന്നെ ഗൂഗിള്‍ പേ വഴി പണം സ്വന്തം സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിനഞ്ച് വര്‍ഷം മുമ്പുള്ള സാഹചര്യവുമായി ഇന്നത്തെ അവസ്ഥയെ താരതമ്യം ചെയ്തുകൊണ്ടും മുഖ്യമന്ത്രി സംസാരിച്ചു.
’15 വര്‍ഷം മുമ്പ് കൊച്ചിയിലോ തിരുവനന്തപുരത്തോ 100 കോടി രൂപയുടെ ഒരു കെട്ടിടം നിര്‍മിച്ചാല്‍, അതില്‍ 40 മുതല്‍ 50 ശതമാനം വരെ ലേബര്‍ ചാര്‍ജ് ആയി ഇവിടെത്തന്നെയുള്ള പ്രാദേശിക തൊഴിലാളികളുടെ വീടുകളിലേക്കാണ് എത്തിയിരുന്നത്. ആ പണം നമ്മുടെ വിപണിയില്‍ത്തന്നെ ചുറ്റിക്കറങ്ങി സമ്പദ്വ്യവസ്ഥയെ സജീവമാക്കി നിര്‍ത്തിയിരുന്നു.
എന്നാല്‍ ഇന്ന് നിര്‍മ്മാണ മേഖലയിലാകെ ഇതരസംസ്ഥാന തൊഴിലാളികളാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ സര്‍ക്കുലേറ്റ് ചെയ്യപ്പെടേണ്ട ഈ വന്‍ തുക റിവേഴ്‌സ് റെമിറ്റന്‍സ് ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണ്,’ അദ്ദേഹം പറഞ്ഞു.
ഈ പ്രതിസന്ധിക്ക് എളുപ്പത്തില്‍ ഒരു പരിഹാരം കാണുക അസാധ്യമാണെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
ഇവിടുത്തെ ഇതരസംസ്ഥാന തൊഴിലാളികളെ നമുക്ക് പറഞ്ഞുവിടാന്‍ സാധിക്കില്ല. അവര്‍ ചെയ്യുന്ന കഠിനമായ ജോലികള്‍ ചെയ്യാന്‍ കേരളത്തിലെ പ്രാദേശിക തൊഴിലാളികള്‍ തയ്യാറുമല്ല.
ഇത്തരമൊരു സങ്കീര്‍ണമായ സാഹചര്യത്തില്‍, നമ്മള്‍ റെമിറ്റന്‍സിനെക്കുറിച്ച് കോളര്‍ പൊക്കി സംസാരിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് ഇക്കോണമിക്ക് വലിയ അപകടം സംഭവിക്കുന്നുണ്ട്.
ഈ ‘റിവേഴ്‌സ് റെമിറ്റന്‍സ്’ കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ വിശദമായ പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: We will examine this; Kerala’s money is flowing out through migrant workers: Chief Minister in the Assembly.