| Monday, 21st September 2026, 4:12 pm

തെരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നത് പണം; ദല്‍ഹിയിലെ എ.ബി.വി.പി വിജയത്തെ വിമര്‍ശിച്ച് അഭിജീത് ദിപ്‌കെ

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നത് പണമാണെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ എ.ബി.വി.പി വിജയത്തെ വിമര്‍ശിച്ചായിരുന്നു ദീപ്‌കെയുടെ പ്രതികരണം.

ദല്‍ഹി സര്‍വകലാശാലയില്‍ പ്രചാരണത്തിനായി കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍ ഉപയോഗിച്ചെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതായി റിപ്പോര്‍ട്ട്‌.

ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാല് കേന്ദ്ര പാനല്‍ സ്ഥാനങ്ങളില്‍ മൂന്നും എ.ബി.വി.പി നേടിയിരുന്നു. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലാണ് എ.ബി.വി.പി വിജയിച്ചത്. കോണ്‍ഗ്രസ് പിന്തുണയുള്ള നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയ്ക്ക് നാല് പ്രധാന സീറ്റുകളിലും വിജയിക്കാനായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പണത്തിന്റെ സ്വാധീനം നിര്‍ണായകമാണെന്നായിരുന്നു ദീപ്‌കെയുടെ പ്രതികരണം. ദല്‍ഹി സര്‍വകലാശാലയിലെ പ്രചാരണ പ്രവര്‍ത്തകര്‍ റോള്‍സ് റോയ്‌സ്, ഓ.ഡി, ബി.എം.ഡബ്ല്യു തുടങ്ങിയ വിലകൂടിയ വാഹനങ്ങളില്‍ എത്തുന്നുവെന്നും അതിനാല്‍ തെരഞ്ഞെടുപ്പില്‍ പണത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘തെരഞ്ഞെടുപ്പുകളില്‍ പണം മാത്രമെ പ്രവര്‍ത്തിക്കൂ… മറ്റൊന്നുമല്ല. ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പ്രചാരണം നടത്തുന്നവര്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന റോള്‍സ് റോയ്‌സിലാണ് വരുന്നത്,’ ദീപ്‌കെ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആശയപരമായ സ്വാധീനം ഉണ്ടാകുന്നുവെന്നും ദീപ്‌കെ ഉന്നയിച്ചു.

മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുമായി ബന്ധപ്പെട്ടും വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകളുമായി ബന്ധപ്പെട്ടും അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. വിദ്യാര്‍ഥി പ്രതിഷേധങ്ങളോട് സര്‍വകലാശാലകള്‍ സ്വീകരിക്കുന്ന സമീപനത്തെയും ദീപ്‌കെ ചോദ്യം ചെയ്തു.

‘വിദ്യാര്‍ഥികള്‍ എന്തെങ്കിലും പ്രതിഷേധിച്ചാല്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നു. എന്നാല്‍ എ.ബി.വി.പി എന്തെങ്കിലും എതിര്‍ക്കുമ്പോഴോ എതെങ്കിലും ഗേറ്റ് പൂട്ടുമ്പോഴോ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല,’ ദീപ്‌കെ പറഞ്ഞു.

മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷകളിലെ സുതാര്യത സംബന്ധിച്ചും ദിപ്‌കെ പ്രതികരിച്ചു. കമ്മിഷന്‍ ചെയര്‍മാന്‍ വിവേക് ഭീമന്‍വാറിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ക്കൊപ്പം ഓണ്‍ലൈന്‍ പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഐ.ഐ.ടി. ബോംബെയിലെ വിദ്യാര്‍ഥിയുടെ മരണവും അദ്ദേഹം പരാമര്‍ശിച്ചു.

വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദം പരിഹരിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനും കൂടുതല്‍ ശ്രദ്ധ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലെ ആദിവാസി വിദ്യാര്‍ഥികളുടെ താമസസൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി പ്രചാരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Money controls elections; Abhijit Dipke criticizes ABVP’s victory in Delhi.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more