| Wednesday, 10th June 2026, 12:46 pm

അഞ്ച് ദിവസത്തിൽ ഇത്ര കോടി; ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടർന്ന് ‘മോളിവുഡ് ടൈംസ്’

നന്ദന എം.സി

മലയാള സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ ‘മോളിവുഡ് ടൈംസ്’ ബോക്‌സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 15 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയതായി സൗത്ത് ഇന്ത്യൻ ബോക്‌സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ മികച്ച പ്രതികരണമാണ് നേടുന്നത്.

ആഷിക് ഉസ്‍മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്‍മാൻ നിർമിച്ച ചിത്രത്തിൽ നസ്‍ലെൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മോളിവുഡ് ടൈംസ്, Photo: IMDb

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിനവ് സുന്ദർ നായക് ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിനീത് മാധവൻ എന്ന യുവാവിന്റെ സിനിമാസ്വപ്നങ്ങളിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

ഇതുവരെ കാണാത്ത ലുക്കിലും പ്രകടന ശൈലിയിലുമാണ് നസ്‍ലെൻ ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായാണ് സിനിമയിലെ കഥാപാത്രത്തെ വിലയിരുത്തുന്നത്.

സിനിമാ വ്യവസായത്തിനുള്ളിലെ രാഷ്ട്രീയം, അധികാര ഘടനകൾ, അവസരങ്ങൾക്കായുള്ള പോരാട്ടങ്ങൾ എന്നിവയെ ആസ്പദമാക്കി കഥ വികസിക്കുന്നതിനാൽ പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നതായും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

മോളിവുഡ് ടൈംസ്, Photo: YouTube/ Screengrab

തിരക്കഥ ഒരുക്കിയിരിക്കുന്നത് രാമു സുനിലാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയുടെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. നിധിൻ രാജ് അരോൾ എഡിറ്റിങ് നിർവഹിച്ചപ്പോൾ, വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും മിക്സിംഗും കൈകാര്യം ചെയ്തു.

ആശിഖ് എസ് ആണ് ആർട്ട് ഡയറക്ഷൻ നിർവഹിച്ചിരിക്കുന്നത്. മാഷർ ഹംസയുടെ കോസ്റ്റ്യൂം ഡിസൈനും റോണെക്‌സ് സേവ്യറിന്റെ മേക്കപ്പും കഥാപാത്രങ്ങളുടെ അവതരണത്തിന് കൂടുതൽ മികവ് പകരുന്നുണ്ട്. ഡിജി ബ്രിക്സ് വിഎഫ്എക്‌സ് ഒരുക്കിയ ചിത്രത്തിന്റെ കളറിസ്റ്റ് ശ്രീക് വാരിയറാണ്.

തിയറ്ററുകളിൽ മികച്ച പ്രകടനം തുടരുന്ന ‘മോളിവുഡ് ടൈംസ്’ തിയറ്റർ റൺ പൂർത്തിയാക്കിയതിന് ശേഷം ജിയോ ഹോട്‍സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. മികച്ച മൗത്ത് പബ്ലിസിറ്റിയും കുടുംബപ്രേക്ഷകരുടെ പിന്തുണയും ലഭിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷൻ ഉയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

Content Highlight: Mollywood Times’ collection report is out.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more