2026 പകുതിയോളം പിന്നിടുമ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമക്ക് അത്ര നല്ല കാലമല്ല. സമ്മര്‍ സീസണടക്കം പല വലിയ ഫെസ്റ്റിവലുകള്‍ക്കും സൂപ്പര്‍താര ചിത്രങ്ങളില്ലാതെയാണ് തമിഴ്, തെലുങ്ക്, കന്നഡ ഇന്‍ഡസട്രികള്‍ കടന്നുപോയത്. മലയാളസിനിമക്കല്ലാതെ മറ്റൊരു ഇന്‍ഡസ്ട്രിക്കും കാര്യമായ നേട്ടം ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
2026 ജൂണ്‍ പകുതിയാകുമ്പോഴേക്ക് ഈ വര്‍ഷത്തെ മൊത്തം കളക്ഷന്‍ 1000 കോടി എന്ന മാന്ത്രിക സംഖ്യയിലേക്കെത്തിക്കാന്‍ മോളിവുഡിന് സാധിച്ചു. ഒരു ഇന്‍ഡസ്ട്രി ഹിറ്റടക്കം രണ്ട് 200 കോടി ചിത്രങ്ങളും ഒരു 100 കോടി ചിത്രവും മോളിവുഡില്‍ പിറന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും 1000 കോടി എന്ന മാന്ത്രിക സംഖ്യയിലേക്കെത്തിയിരിക്കുകയാണ് ഈ കൊച്ച് ഇന്‍ഡസ്ട്രി.
കോടികള്‍ കൊണ്ട് അമ്മാനമാടുന്ന, പാന്‍ ഇന്ത്യന്‍ സിനിമകള്‍ ഒരുപാട് നിര്‍മിക്കുന്ന തെലുങ്ക്, തമിഴ്, കന്നഡ ഇന്‍ഡസ്ട്രികള്‍ ഈ വര്‍ഷം ഇതുവരെ 1000 കോടി നേടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതില്‍ കന്നഡ ഇന്‍ഡസ്ട്രിയുടെ മൊത്തം കളക്ഷന്‍ 100 കോടി പോലും ആയിട്ടില്ലെന്നത് എടുത്തുപറയേണ്ട കാര്യമാണ്. വന്‍ ബജറ്റിലെത്തിയ കെ.ഡി അടക്കം ഭൂരിഭാഗം സിനിമകളും പരാജയമായി മാറി.
റാം ചരണിന്റെ പെദ്ദി 300 കോടിയിലേറെ നേടിയത് മാറ്റി നിര്‍ത്തിയാല്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ കൂട്ടത്തോടെ പരാജയപ്പെട്ട അവസ്ഥയാണ് തെലുങ്കില്‍. പ്രഭാസിന്റെ രാജാസാബ്, പവന്‍ കല്യാണിന്റെ ഉസ്താദ് ഭഗത് സിങ്, രവി തേജയുടെ ബി.എം.ഡബ്ല്യൂ തുടങ്ങിയ വമ്പന്‍ സിനിമകളെല്ലാം ബജറ്റ് പോലും തിരിച്ചുപിടിക്കാതെയാണ് കളംവിട്ടത്.
സൂപ്പര്‍താര സിനിമകളൊന്നുമില്ലാതിരുന്നിട്ടും ചെറിയ സിനിമകള്‍ കൂട്ടത്തോടെ വിജയിപ്പിച്ച് തമിഴ് സിനിമയും പിടിച്ചുനിന്നു. സൂര്യയുടെ കറുപ്പാണ് നിലവിലെ ഇയര്‍ ടോപ്പര്‍. 340 കോടിയിലേറെയാണ് ചിത്രം നേടിയത്. കറുപ്പല്ലാതെ മറ്റൊരു സിനിമയും ഇതുവരെ 100 കോടി നേടിയിട്ടില്ല. തായ് കിഴവി (84 കോടി), യൂത്ത് (70 കോടി) ബ്ലാസ്റ്റ് (60 കോടി) എന്നിങ്ങനെ ചെറിയ സിനിമകള്‍ വിജയിച്ചപ്പോള്‍ 100 കോടിയിലേറെ ചെലവഴിച്ച് ഒരുങ്ങിയ പരാശക്തി പരാജയമായി മാറി.
2026ന്റെ രണ്ടാം പകുതി എല്ലാ ഇന്‍ഡസ്ട്രികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. ഓണം സീസണില്‍ മോളിവുഡില്‍ റിലീസാകുന്ന മൂന്ന് വമ്പന്‍ സിനിമകള്‍ ബോക്‌സ് ഓഫീസിന് തീയിടുമെന്നാണ് പ്രതീക്ഷ. ജയിലര്‍ 2, വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നിങ്ങനെ തമിഴ് ചിത്രങ്ങളും പാരഡൈസ്, രണബാലി തുടങ്ങിയ സിനിമകളിലൂടെ ടോളിവുഡും മുന്നേറുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
Content Highlight: Mollywood crossed 1000 crore collection in this year
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ