ടെഹ്റാന്: അമേരിക്കയുടെയും ഇസ്രഈലിന്റെയും ഭാഗത്തുനിന്ന് ഏത് തരത്തിലുള്ള ഭീഷണിയുണ്ടായാലും ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ ഉടന്‍ തിരിച്ചടിക്കാന്‍ ഇറാന് സായുധസേനയോട് ഉത്തരവിട്ട് പരമോന്നത നേതാവ് മൊജ്തബ ഖാംനഇ. ശത്രുക്കളുടെ പുതിയ സൈനിക, ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള സമയവും വ്യവസ്ഥകളും ഇറാന് തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗിക ടെലഗ്രാം അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഖാംനഇ അമേരിക്കയ്ക്കും ഇസ്രഈലിനും മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കയുടെയും ഇസ്രഈലിന്റെയും ഭൗതികവും അഭൗതികവുമായ ആസ്തികള്‍ ഇറാന് സൈന്യത്തിന്റെ ആക്രമണപരിധിയില്‍ കൊണ്ടുവരുന്നതിനായി സൈനിക ലക്ഷ്യങ്ങളുടെ പട്ടിക പുതുക്കാനും അദ്ദേഹം നിര്‍ദേശിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരിയില്‍ ഇറാനെതിരെ അമേരിക്കയും ഇസ്രഈലും നടത്തിയ സൈനിക നീക്കത്തില്‍ ഖാംനഇയുടെ പിതാവും നിരവധി മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മേഖലയില്‍ വീണ്ടും സമ്പൂര്‍ണ സൈനിക ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന ആശങ്ക ശക്തമായിരിക്കെയാണ് പുതിയ മുന്നറിയിപ്പ്.
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലാണ് ഖാംനഇ ഈ പ്രസ്താവന നടത്തിയതെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. സായുധ സേനകള്‍ യുദ്ധ സന്നദ്ധത നിലനിര്‍ത്താനും അമേരിക്കയ്ക്കും ഇസ്രഈലിനുമുള്ള ലക്ഷ്യ പട്ടിക അപ്ഡേറ്റ് ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇറാന്റെ സായുധ സേനയും ഇറാനിയന്‍ രാഷ്ട്രവും ചേര്‍ന്ന് ഏത് സാഹചര്യത്തിലാണ് പുതിയ ശത്രുതകള്‍ അവസാനിക്കേണ്ടതെന്ന് തീരുമാനിക്കുമെന്ന് ഖാംനഇയുടെ പ്രസ്താവനയില്‍ പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം യു.എസ് – ഇറാന് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ പുനസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഖത്തര്‍ മധ്യസ്ഥര്‍ ടെഹ്റാനിലെത്തിരുന്നു. ഇറാനും യു.എസും തമ്മിലെ നിലച്ചുപോയ ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്കിടയിലാണ് ഖത്തരി സംഘം ടെഹ്റാനിലെത്തിയതും. ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്.എന്‍.എ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: Mojtaba Khamenei has ordered the Iranian armed forces to immediately retaliate against threats from the United States and Israel