| Saturday, 4th October 2025, 1:52 pm

ഏഷ്യാ കപ്പ് 'അടിച്ചുമാറ്റിയ' നഖ്‌വിയെ സ്വര്‍ണമെഡല്‍ നല്‍കി ആദരിക്കാന്‍ പാകിസ്ഥാന്‍; ഉറച്ച നിലപാടിനുള്ള സമ്മാനമെന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

2025 ഏഷ്യാ കപ്പ് വിവാദങ്ങളൊഴിയും മുമ്പ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയും എ.സി.സി സെക്രട്ടറിയും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയെ ആദരിക്കാനൊരുങ്ങി പാകിസ്ഥാന്‍.

ഏഷ്യാ കപ്പ് ഫൈനലിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ സ്വീകരിച്ച ഉറച്ച നിലപാടിനുള്ള ആദരമായാണ് പാകിസ്ഥാന്‍ നഖ്‌വിയെ ഷഹീദ് സുല്‍ഫിക്കല്‍ ഗോള്‍ഡ് മെഡല്‍ നല്‍കി ആദരിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദി നേഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കറാച്ചി ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് ഗുലാം അബ്ബാസ് ജമാലാണ് നഖ്‌വിക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്. കറാച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഭാരവാഹിക്ക് മെഡല്‍ സമ്മാനിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചടങ്ങില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി മുഖ്യാതിഥിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏഷ്യാ കപ്പ് ഫൈനലിന് പിന്നാലെ ഇന്ത്യക്കെതിരേ സ്വീകരിച്ച കടുത്ത നിലപാടാണ് നഖ്‌വിയെ ആദരിക്കുന്നതിന് പിന്നില്‍.

ഏഷ്യാ കപ്പിന്റെ കിരീടപ്പോരാട്ടത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യ മൊഹ്‌സിന്‍ നഖ്‌വിയുടെ കയ്യില്‍ നിന്നും ട്രോഫി സ്വീകരിക്കില്ല എന്ന് നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ട്രോഫിയുമായി നഖ്‌വി പോയതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് കിരീടം വേണമെങ്കില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് എ.സി.സി ആസ്ഥാനത്തെത്തി തന്റെ കയ്യില്‍ നിന്ന് തന്നെ വാങ്ങിക്കണമെന്ന പിടിവാശിയിലായിരുന്നു മൊഹ്‌സിന്‍ നഖ്‌വി. ഇതോടെ ഫൈനല്‍ കഴിഞ്ഞ് ദിവസമേറെയായിട്ടും ഇന്ത്യന്‍ ടീമിന് ഇനിയും കിരീടത്തില്‍ ‘മുത്തമിടാന്‍’ സാധിച്ചിട്ടില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് എ.സി.സി ചേര്‍ന്ന യോഗത്തില്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് നഖ്‌വിയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.

കിരീടം നല്‍കാന്‍ മറ്റ് ഏതെങ്കിലും രാജ്യത്തെ പ്രതിനിധിയെ അയക്കണമെന്ന് നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എ.സി.സിയെ അറിയിച്ചിരുന്നു. എന്നാല്‍ എ.സി.സി ഇതിന് അനുകൂലമാകുന്ന നടപടികളൊന്നും കൈക്കൊണ്ടില്ല. യോഗത്തില്‍ ഇന്ത്യയുടെ നിലപാടായിരുന്നു മറ്റ് രാജ്യങ്ങള്‍ക്കും ഉണ്ടായത്.

Content Highlight: Mohsin Naqvi will be honored for not giving India the 2025 Asia Cup Trophy to India

We use cookies to give you the best possible experience. Learn more