| Wednesday, 10th November 2021, 10:48 am

ഇതും ഒ.ടി.ടിയിലേക്കാണോ; മോണ്‍സ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട ലാലിനോട് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുലിമുരുകന് ശേഷം മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. മോഹന്‍ലാല്‍ തന്നെയായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നതെന്നും ഷൂട്ടിങ് ഇന്ന് തന്നെ ആരംഭിക്കുമെന്നും ലാല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

എന്നാല്‍ മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ ചോദ്യങ്ങളുമായി ആരാധകര്‍ എത്തുകയാണ്. എല്ലാവര്‍ക്കും പ്രധാനമായി അറിയേണ്ട കാര്യം മോണ്‍സ്റ്ററും ഒ.ടി.ടിയിലേക്കാണോ എന്നതാണ്.

മോഹന്‍ലാല്‍ നായകനായ, പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹവും പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയും ഷാജി കൈലാസ് ചിത്രം എലോണും ജീത്തു ജോസഫിന്റെ ട്വല്‍ത്ത് മാനും ഒ.ടി.ടി റിലീസായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോണ്‍സ്റ്ററും ഒ.ടി.ടിയിലേക്ക് തന്നെയാണോ എന്ന ചോദ്യവുമായി ആരാധകര്‍ എത്തുന്നത്.

മോണ്‍സ്റ്ററെങ്കിലും ഒ.ടി.ടിയില്‍ ഇറക്കരുതെന്നും തിയേറ്റര്‍ റിലീസിനെ കുറിച്ച് ആലോചിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ലാലേട്ടന്റെ ചിത്രം തിയേറ്ററില്‍ കണ്ടിട്ട് നാളുകളായെന്നും ഇതെങ്കിലും ഒ.ടി.ടിക്ക് കൊടുക്കരുതെന്നുമാണ് ചിലരുടെ കമന്റ്.

ഈ ചിത്രവും ഒ.ടി.ടിക്ക് കൊടുക്കുവാണോ അങ്ങനെയെങ്കില്‍ നിങ്ങളുടെ പടം കാണുന്നത് നിര്‍ത്തി. ഇനി എന്ന് നിങ്ങളുടെ പടം തിയേറ്ററില്‍ എന്ന് റിലീസ് ചെയ്യുന്നോ അന്ന് പോയി കാണും എന്നെല്ലാമാണ് ചില കമന്റുകള്‍.

അതേസമയം മോണ്‍സ്റ്ററിലെ ലാലേട്ടന്റെ ലുക്ക് ലോക്പാല്‍ സിനിമയിലേതിന് സമാനമാണെന്നും ലോക്പാല്‍ 2 ആണോ എന്നും ചിലര്‍ ചോദിക്കുന്നത്. ലോക്പാലിനെപ്പോലെ ആവാതിരുന്നാല്‍ കൊള്ളാമെന്നും ചിലര്‍ കമന്റിടുന്നുണ്ട്.

ലക്കി സിങ് എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മതവിശ്വാസിയെപ്പോലെ ദസ്തര്‍ ധരിച്ച് കൈയില്‍ തോക്കുമേന്തി നില്‍ക്കുന്ന ലാലാണ് പോസ്റ്ററിലുള്ളത്.

പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെയും രചന. പുലിമുരുകന്‍ ടീം ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് കൊവിഡിന് മുന്‍പ് തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പുലിമരുകന്റെ വന്‍വിജയത്തിന് ശേഷം പഴയ ടീം വീണ്ടും ഒന്നിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. സംഗീതം ദീപക് ദേവ്. ആര്‍ട് ഷാജി നടുവില്‍. ആക്ഷന്‍ സ്റ്റണ്ട്‌സ് സില്‍വ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Mohnalal New Movie Monster Fans comment

Latest Stories

We use cookies to give you the best possible experience. Learn more