| Friday, 15th August 2025, 3:20 pm

പൈസ തന്നോ, അല്ലെങ്കില്‍ നെഗറ്റീവ് റിവ്യൂ നല്‍കുമെന്ന് ഫോണില്‍ വിളിച്ച് സംസാരിക്കുന്നവരുണ്ട്: മോഹിത് സൂരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ വിജയമായിരുന്നു ബോളിവുഡ് ചിത്രം സൈയ്യാര സ്വന്തമാക്കിയത്. പുതുമുഖങ്ങള്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ചരിത്രവിജയമാണ് സ്വന്തമാക്കിയത്. 45 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 500 കോടിയും കടന്ന് കുതിക്കുകയാണ്. ബോളിവുഡിന് ഒരുപിടി മികച്ച പ്രണയചിത്രങ്ങള്‍ സമ്മാനിച്ച മോഹിത് സൂരിയാണ് സൈയ്യാര അണിയിച്ചൊരുക്കിയത്.

ആഷിഖി 2, ഏക് വില്ലന്‍, മലംഗ് തുടങ്ങിയ സിനിമകള്‍ ചെയ്ത സംവിധായകനാണ് മോഹിത് സൂരി. സിനിമാലോകത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന റിവ്യൂ സമ്പ്രദായത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹിത് സൂരി. പെയ്ഡ് റിവ്യൂ ഇപ്പോള്‍ വ്യാപകമായി ഉണ്ടെന്ന് പലരും പറയാറുണ്ടെന്നും അത് സത്യമാണെന്ന് തനിക്ക് തോന്നാറുണ്ടെന്നും മോഹിത് സൂരി പറഞ്ഞു.

‘ഇപ്പോള്‍ ഒരു റിവ്യൂ വായിക്കുമ്പോള്‍ അത് ഒറിജിനലാണോ പെയ്ഡ് ആണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. ഇപ്പോള്‍ അതൊരു ബിസിനസ്സായി മാറിയെന്ന് പറഞ്ഞാലും തെറ്റ് പറയാനാകില്ല. ഇങ്ങനെ കുറച്ചുകാലം കൂടി പോകുമെന്ന് ഉറപ്പാണ്. പലപ്പോഴും സിനിമ റിലീസാകുന്ന സമയത്ത് ഞാന്‍ എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്യും.

എന്താണ് ആളുകള്‍ പറയുന്നതെന്ന് വായിക്കാന്‍ ഞാന്‍ മെനക്കെടാറില്ല. അതില്‍ ചിലപ്പോള്‍ നല്ലതും മോശവും ഉണ്ടാകും. പക്ഷേ, എനിക്ക് അതിന്റെ ഭാഗമാകാന്‍ താത്പര്യമില്ല. റിവ്യൂ എന്ന സമ്പ്രദായം ബിസിനസ്സാകുമ്പോള്‍ അവര്‍ ഇങ്ങോട്ട് ഡിമാന്‍ഡ് വെക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. എനിക്ക് ഈയടുത്ത് അങ്ങനെ ഒരു അനുഭവമുണ്ടായി.

ഒരാള്‍ എന്നെ ഫോണ്‍ ചെയ്തിട്ട് ‘സിനിമക്ക് നല്ല റിവ്യൂ പോസ്റ്റ് ചെയ്യണമെങ്കില്‍ പൈസ തരേണ്ടി വരും’ എന്ന് പറഞ്ഞു. ഞാന്‍ അത് കേട്ടിട്ട് വലുതായിട്ട് റിയാക്ട് ചെയ്തില്ല. സിനിമ കാണണോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ ഇഷ്ടം, നിങ്ങളുടെ റിവ്യൂ വായിക്കണോ വേണ്ടയോ എന്നുള്ളത് എന്റെ ഇഷ്ടം എന്ന് പറഞ്ഞ് ഞാന്‍ ആ കോള്‍ കട്ട് ചെയ്തു,’ മോഹിത് സൂരി പറയുന്നു.

അഹാന്‍ പാണ്ഡേ, അനീത് പദ്ദ എന്നിവരാണ് സൈയ്യാരയില്‍ പ്രധാനവേഷം കൈകാര്യം ചെയ്തത്. ക്രിഷ് കപൂര്‍ എന്ന ഗായകന്റെയും അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന വാണി എന്ന പെണ്‍കുട്ടിയുടെയും കഥയാണ് സൈയ്യാര പറയുന്നത്. കൊറിയന്‍ ചിത്രം എ മൊമന്റ് ടൂ റിമംബറിന്റെ അണ്‍ ഒഫിഷ്യല്‍ റീമേക്കായാണ് സൈയ്യാര ഒരുങ്ങിയത്.

Content Highlight: Mohith Suri about the paid review system

We use cookies to give you the best possible experience. Learn more