| Sunday, 15th November 2026, 1:47 pm

ജയിക്കാന്‍ മൂന്ന് റണ്‍സ്: പന്ത് അതിര്‍ത്തി കടത്തി ഹീറോ ആയി മോഹിത് ഉല്‍വ

ദേവിക ജയചന്ദ്രന്‍

ഒമാനിലെ അല്‍ അമെരാത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അണ്ടര്‍ 10 ഏഷ്യാകപ്പ് ഫൈനല്‍ പുരോഗമിക്കുകയാണ്. അവസാന ഓവര്‍ എറിയാന്‍ പാകിസ്ഥാന്റെ ലെഗ് സ്പിന്നര്‍ അഹമ്മദ് ഹുസൈന്‍ എത്തുമ്പോള്‍ വിജയത്തിലേക്കുള്ള ഇന്ത്യയുടെ അകലം 8 റണ്‍സായിരുന്നു. പാകിസ്ഥാന്റേത് ഒരു വിക്കറ്റും. ക്രീസില്‍ നില്‍ക്കുന്നത് പത്താമനായി എത്തിയ മോഹിത് ഉല്‍വയും പതിനൊന്നാമനായി എത്തിയ ചിഗുരുപാട്ടി വെങ്കട്ടയും.

വെറും വാലറ്റക്കാരായിരുന്നില്ല അവര്‍. 42ാം ഓവറില്‍ എട്ടാം വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 51 പന്തില്‍ 87 റണ്‍സ് വേണമായിരുന്നു. അവിടെ നിന്ന് മനാല്‍ ചൗഹാനെ കൂട്ടുപിടിച്ച് ഒമ്പതാം വിക്കറ്റില്‍ 57 റണ്‍സ് ആണ് മോഹിത് കൂട്ടിച്ചേര്‍ത്തത്.

48ാം ഓവറിന്റെ മൂന്നാം പന്തില്‍ മനാല്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവിടെ അവസാനിച്ചേനെ. 16 പന്തില്‍ വേണ്ടിയിരുന്നത് 30 റണ്‍സ്. കയ്യിലുള്ളത് ഒരൊറ്റ വിക്കറ്റും.

പതിനൊന്നാമനായി ഇറങ്ങിയ വെങ്കട്ട താന്‍ നേരിട്ട രണ്ടാം പന്ത് ബൗണ്ടറി കടത്തി. ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് രണ്ടോവറില്‍ 25 റണ്‍സ്.

രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ ഇരുവരും ചേര്‍ന്ന് 19ാം ഓവറില്‍ 17 റണ്‍സ് നേടി. മത്സരം ഇന്ത്യയുടെ കൈപ്പിടിയിലെത്തി. അവസാന ഓവറില്‍ വേണ്ടത് എട്ട് റണ്‍സ്.

ആദ്യ പന്ത് ഡോട്ട് ആയി. രണ്ടാം പന്ത് വൈഡ്. തുടര്‍ന്നുള്ള നാല് പന്തിലും സിംഗിള്‍ മാത്രം. ഇന്ത്യയില്‍ നിന്നും വിജയം അകന്നു പോകുന്നു എന്ന് കരുതിയ നിമിഷങ്ങള്‍.

അവസാന പന്തില്‍ വേണ്ടത് നാല് റണ്‍സ്. ക്രീസില്‍ മോഹിത് ഉല്‍വ എന്ന 18 വയസുകാരന്‍. ഓഫ്സ്റ്റംപിന് പുറത്തേക്ക് എറിഞ്ഞ അഹമ്മദ് ഹുസൈന്റെ പന്ത് മുന്നോട്ട് കയറിവന്ന് ലോങ് ഓഫിലൂടെ ബൗണ്ടറി കടക്കുമ്പോള്‍ അസാധ്യമെന്ന് കരുതിയ ഒന്ന് സംഭവിച്ചിരുന്നു.

26 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറുകളുമടക്കം 49 റണ്‍സ് നേടിയ മോഹിത് ക്രീസില്‍ അജയ്യനായി നിന്നു. പ്രതിസന്ധിഘട്ടത്തില്‍ മനക്കരുത്ത് കൈവിടാതെ ടൂര്‍ണമെന്റിലെ തന്റ ആദ്യ മത്സരം മാത്രം കളിക്കുന്ന വെങ്കട്ടയുമായി ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു.

ഇന്ത്യ എട്ട് വിക്കറ്റിന് 252 നിലയില്‍ നില്‍ക്കുമ്പോള്‍ പാകിസ്ഥാന്‍ തങ്ങളുടെ വിജയം ഉറപ്പിച്ചിരുന്നു. ഏതാനും ഓവറുകള്‍ കൊണ്ടാണ് പാകിസ്ഥാന്റെ കയ്യില്‍ നിന്നും ജയം പിടിച്ചെടുത്ത് ഇന്ത്യയെ മോഹിത് ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരാക്കിയത്. ഫൈനലിലെ താരവും മോഹിത് തന്നെയാണ്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയ അണ്ടര്‍ 19 മായി നടന്ന ടെസ്റ്റ് മത്സരത്തില്‍ എട്ടാമനായിറങ്ങിയ മോഹിത് 84 പന്തില്‍ 92 റണ്‍സ് നേടി 293/8 എന്ന നിലയില്‍ നിന്നും ഇന്ത്യയെ 494 റണ്‍സിലെത്തിച്ചിരുന്നു. അന്ന് ഇന്നിങ്‌സ് വിജയം നേടിയ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും മോഹിത് നേടി.

ഗുജറാത്ത് സ്വദേശിയാണ് വലം കയ്യന്‍ പേസറും ബാറ്ററുമായ മോഹിത്. ഫൈനലിലെ ഹീറോയിസത്തിന് പിന്നാലെ സയീദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള ടീമിലേക്ക് മോഹിതിന് വിളി വന്നിട്ടുണ്ട്.

ജാം നഗറിലെ ക്രിക്കറ്റ് ബംഗ്ലോവില്‍ മോഹീന്ദ്ര നാഥ് ചൗഹാന്റെ കീഴിലാണ് മോഹിത് ട്രെയിനിങ് നടത്തുന്നത്.

Content Highlight: Mohit Ulva becomes hero in  India’s last  ball win in U19 Asia cup win.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more