ഐ.പി.എല്‍ 2026ലും പഞ്ചാബ് കിങ്സ് ഫൈനലില്‍ പ്രവേശിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം മോഹിത് ശര്‍മ. ഈ വര്‍ഷം കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമാണ് പഞ്ചാബെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിന് സ്ഥിരതയുണ്ടെന്നും കഴിഞ്ഞ സീസണ്‍ മുതലേ അവര്‍ ഈ മികവ് തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു മോഹിത് ശര്‍മ.
മോഹിത് ശർമ.
‘ടീമില്‍ സ്ഥിരത വളരെ പ്രധാനമാണ്. നിങ്ങളുടെ പ്ലെയിങ് ഇലവന്‍ സ്ഥിരതയുള്ളതാണെങ്കില്‍ മാറ്റം വരുത്തേണ്ടതില്ല. പഞ്ചാബ് കിങ്സ് ഇതുവരെ ഒരു മാറ്റവും വരുത്തിയിട്ടില്ല. അവര്‍ ഈ വര്‍ഷം കിരീടമുയര്‍ത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളവരാണ്.
പഞ്ചാബ് ടീമിലെ സ്ഥിരത കഴിഞ്ഞ വര്‍ഷം മുതലേ കാത്ത് സൂക്ഷിക്കുന്നുണ്ട്. അത് വലിയൊരു നേട്ടമാണ്. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ഒരു ടീം ഇത്തവണത്തെ ശക്തരായ പോരാളികളല്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വ്യത്യസ്ത ചിന്താഗതിക്കാരാണെന്ന് പറയേണ്ടി വരും. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അവര്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്,’ മോഹിത് ശര്‍മ പറഞ്ഞു.
ഐ.പി.എല്ലില്‍ ഇതുവരെ പഞ്ചാബ് കിരീടമുയര്‍ത്തിയിട്ടില്ല. 18 സീസണുകളില്‍ രണ്ട് തവണ മാത്രമാണ് ടീം ഫൈനലില്‍ എത്തിയത്. എന്നാലും രണ്ട് തവണയും കിങ്സ് പരാജപ്പെട്ടുകയായിരുന്നു. 2014ലിലായിരുന്നു പഞ്ചാബിന്റെ ആദ്യ ഫൈനല്‍ പ്രവേശം. എന്നാല്‍, അന്ന് കൊല്‍ക്കത്തയോട് പരാജയപ്പെട്ട ടീം കപ്പ് അടിയറവ് പറഞ്ഞു.
പഞ്ചാബ് കിങ്‌സ്. Photo: IndianPremierLeague/x.com
പിന്നീട് 11 വര്‍ഷങ്ങള്‍ക്ക് ശേഷം 2025ലാണ് പഞ്ചാബ് ഫൈനലിലെത്തിയത്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു. സീസണില്‍ മികച്ച പ്രകടങ്ങളുമായി മുന്നേറിയ ടീമിന് പക്ഷേ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചില്ല. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ടീം പരാജയപ്പെട്ട് റണ്ണേഴ്സ് അപ്പായി.
ഈ സീസണില്‍ പഞ്ചാബ് മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാണ് ടീമിന്റെ മുന്നേറ്റം. ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. ടീമിനുളളത് അഞ്ച് പോയിന്റാണ്. +0. 637 നെറ്റ് റണ്‍ റേറ്റും ടീമിനുണ്ട്.
Content Highlight: Mohit Sharma says that Punjab Kings are strongest contenders to win IPL 2026