റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മോഹിത് ശര്‍മ. ഇപ്പോഴത്തെ വിലയേക്കാള്‍ ഇരട്ടി മൂല്യമുള്ള താരമാണ് ഭുവിയെന്നും താരത്തിന്റെ സ്‌കില്‍ സീറ്റും പന്ത് എക്‌സിക്യൂട്ട് ചെയ്യാനുള്ള കഴിവും അസാമാന്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കാലങ്ങളില്‍ ബൗളിങ് യൂണിറ്റ് മോശമായിരുന്ന ബെംഗളൂരുവിന്റെ ഏറ്റവും മികച്ച തീരുമാനമാണ് ഭുവിയെ ടീമിലെത്തിച്ചതും ജോഷ് ഹെയ്‌സല്‍വുഡിനെ കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക് ബസില്‍ സംസാരിക്കുകയായിരുന്നു മോഹിത് ശര്‍മ.
മോഹിത് ശര്‍മ.
‘ആര്‍.സി.ബിയുടെ ബാറ്റിങ് നിര തുടക്കം തൊട്ടേ മികച്ചതായിരുന്നു. വലിയ സ്‌കോര്‍ എടുത്താലും അത് പ്രതിരോധിക്കാന്‍ സാധിക്കാത്തതായിരുന്നു അവരുടെ പ്രശ്‌നം. അവരുടെ പഴയ ബൗളിങ് യൂണിറ്റ് വെച്ച് 230 റണ്‍സ് പോലും സുരക്ഷിതമായിരുന്നില്ല.
അനുഭവസമ്പത്തുള്ള താരങ്ങളെ എത്തിച്ചതാണ് ലേലത്തില്‍ അവരെടുത്ത മികച്ച തീരുമാനം. ടി – 20യില്‍ അനുഭവ പരിചയം പ്രധാനമാണ്. ലേലത്തിന്റെ അവസാനം വരെ അവര്‍ ഭുവിക്കായി നിലകൊണ്ടു. അവന് അത്ര വിലയില്ലെന്ന് കരുതിയാവും മറ്റ് ടീമുകള്‍ പിന്‍വാങ്ങിയത്.
യഥാര്‍ത്ഥത്തില്‍ നിലവിലെ പ്രൈസ് ടാഗിനേക്കാള്‍ ഇരട്ടി മൂല്യമുള്ള താരമാണ് അവന്‍. ഭുവിയുടെ സ്‌കില്‍ സെറ്റും പന്തുകള്‍ എക്‌സിക്യൂട്ട് ചെയ്യാനുള്ള കഴിവും അസാമാന്യമാണ്. അതിന് ശേഷം ആര്‍.സി.ബി ഹെയ്‌സല്‍വുഡിനെയും (ജോഷ്) ടീമിലെത്തിച്ചു. ഇരുവരുടെയും അനുഭവസമ്പത്ത് ഒന്നിച്ചപ്പോള്‍ ബൗളിങ് നിരയിലെ മാറ്റം പ്രകടമാണ്,’ മോഹിത് ശര്‍മ പറഞ്ഞു.
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഭുവനേശ്വർ കുമാർ. Photo: IndianPremierLeague/x.com
കഴിഞ്ഞ ദിവസം മത്സരത്തില്‍ ബെംഗളൂരു ദല്‍ഹി ക്യാപിറ്റല്‍സിനെ 75 റണ്‍സിന് പുറത്താക്കിയിരുന്നു. പവര്‍പ്ലേയിലെ ഭുവനേശ്വര്‍ കുമാറിന്റെയും ഹെയ്‌സല്‍വുഡിന്റെയും ബൗളിങ്ങായിരുന്നു ടീമിനെ തരിപ്പണമാക്കിയത്.
ദല്‍ഹിക്കെതിരെ മൂന്ന് ഓവര്‍ എറിഞ്ഞ ഭുവി മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം.
Content Highlight: Mohit Sharma says Bhuvneshwar Kumar is worth double his current price tag