| Sunday, 3rd May 2026, 10:22 pm

50 കോടി നേടേണ്ടിയിരുന്ന പടം, പെട്ട് പോയത് വാഴ 2വിനും പേട്രിയറ്റിനും ഇടയില്‍

അശ്വിന്‍ രാജേന്ദ്രന്‍

കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തില്‍ 2024 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭരതനാട്യം. തുടക്കം മുതല്‍ ഒടുക്കം വരെ ആസ്വദിച്ചിരുന്ന് കാണാന്‍ സാധിക്കുന്ന ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയിനറായിരുന്നു ചിത്രമെങ്കിലും തിയേറ്ററുകളില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകിക്കൊണ്ട് വലിയ നിരൂപക പ്രശംസയായിരുന്നു ഒ.ടി.ടിയില്‍ നിന്നും ചിത്രത്തിന് ലഭിച്ചിരുന്നത്.

ഈ അഭിനന്ദനങ്ങളെ ഊര്‍ജമാക്കി കൊണ്ടാണ് ചിത്രത്തിന് രണ്ടാം ഭാഗമെന്ന ധീരമായ തീരുമാനവുമായി ഏപ്രില്‍ 10 ന് ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടവുമായി കൃഷ്ണദാസ് മുരളിയും കൂട്ടരും തിയേറ്ററുകളിലേക്കെത്തിയത്. ആദ്യഭാഗത്തിനുണ്ടായ അപ്രതീക്ഷിത പരാജയം രണ്ടാം ഭാഗത്തിലുമുണ്ടാകാതിരിക്കാന്‍ എല്ലാവിധ മുന്‍കരുതലുമായാണ് സൈജു കുറുപ്പിന്റെ നിര്‍മാണത്തില്‍ മോഹിനിയാട്ടം തിയേറ്ററുകളിലേക്കെത്തിയത്.

ഭരതനാട്യം. Photo: IMDB

ആദ്യ ഭാഗത്തില്‍ തിളങ്ങിയവര്‍ക്ക് പുറമെ ഹാസ്യരാജാക്കന്മാരായ സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട് , ബേബി ജീന്‍ തുടങ്ങിയവരെയും പ്രധാനവേഷങ്ങളിലെത്തിച്ചാണ് ചിത്രം ബോക്‌സ് ഓഫീസിലേക്കെത്തിയത്. പുറത്തിറങ്ങി ആദ്യദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചെങ്കിലും റിലീസ് ചെയ്ത സമയമാണ് മോഹിനിയാട്ടത്തെ പ്രതികൂലമായി ബാധിച്ചത്.

വലിയ ഹൈപ്പില്ലാതെയെത്തി ബോക്‌സ് ഓഫീസിനെ തൂക്കിയടിച്ച വാഴ 2 റിലീസ് ചെയ്ത് ഒരാഴ്ച്ചക്കുള്ളിലാണ് മോഹിനിയാട്ടം റിലീസ് ചെയ്തത്. മൗത്ത് പബ്ലിസിറ്റി കൊണ്ട് ദിനംപ്രതി ഷോകള്‍ വര്‍ധിപ്പിച്ച വാഴ 2വിന്റെ തേരോട്ടത്തില്‍ നന്നേ പാടുപെട്ടാണ് മോഹിനിയാട്ടം പിടിച്ചുനിന്നത്. മലയാളത്തില്‍ സമീപകാലത്ത് കാണാത്ത വിധത്തിലുള്ള സ്വീകാര്യതയായിരുന്നു ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹാഷിറിനും ടീമിനും ലഭിച്ചത്. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ തന്നെ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയതിരുന്നു.

മോഹിനിയാട്ടം. Photo: District

എന്നാല്‍ വാഴയുടെ തിരക്കിനിടിയിലും മികച്ച പ്രതികരണത്തിലൂടെ ഷോകള്‍ വര്‍ധിപ്പിച്ചുകൊണ്ട് പ്രകടനം മെച്ചപ്പെടുത്തി കൊണ്ടിരുന്ന സാഹചര്യത്തിലാണ് മലയാളത്തിലെ ബിഗ് എംസിന്റെ പേട്രിയറ്റ് തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രം എത്തിയതോടെ വാഴ 2വിനും മോഹിനിയാട്ടത്തിനും കാര്യമായി തിയേറ്ററുകളില്‍ ഒന്നും ചെയ്യാനില്ലാതെ ഒ.ടി.ടിയിലേക്കെത്തുകയാണ്.

നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസിനെത്തുന്നത്. റിലീസ് ചെയ്ത് 20 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ചിത്രം ഏകദേശം 30 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Mohiniyattam which has the capability achieve 50 crores goes for early ott release

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more