| Friday, 10th April 2026, 4:18 pm

ഭരതന്‍ നായരുടെ ലീലാവിലാസങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല

അമര്‍നാഥ് എം.

തിയേറ്റര്‍ റിലീസില്‍ ആരും ശ്രദ്ധിക്കാതെ പോവുകയും പിന്നീട് ഒ.ടി.ടി റിലീസിന് ശേഷം വലിയ ചര്‍ച്ചയാവുകയും ചെയ്ത ചിത്രമായിരുന്നു ഭരതനാട്യം. അധികം ട്വിസ്റ്റും ബഹളങ്ങളുമില്ലാത്ത, എന്നാല്‍ ഒരുപാട് ചിരികളുമുള്ള ചിത്രമായിരുന്നു ഭരതനാട്യം. നാട്ടില്‍ നല്ല മതിപ്പും കാര്യവുമുള്ള ഭരതന്‍ നായര്‍ക്ക് മറ്റൊരു കുടുംബമുണ്ടെന്ന സത്യം വീട്ടുകാര്‍ അറിയുകയും പിന്നീട് അത് നാട്ടുകാര്‍ക്ക് മുന്നില്‍ പിടിക്കപ്പെടാതിരിക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുന്ന കഥയുമാണ് ആദ്യ ഭാഗത്തിലേത്.

ഒളിപ്പിച്ചുവെച്ച രഹസ്യം നാട്ടുകാര്‍ക്ക് മുന്നില്‍ വെളിവാകുന്നിടത്താണ് ഭരതനാട്യം അവസാനിച്ചത്. അതേയിടത്ത് നിന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. എന്നാല്‍ ആദ്യഭാഗത്തില്‍ നിന്ന് ഴോണറില്‍ നിന്ന് ഒരു ഗംഭീര ഷിഫ്റ്റ് സംവിധായകന്‍ നടത്തിയിട്ടുണ്ട്. പുതിയ ചില കഥാപാത്രങ്ങള്‍ വരികയും അതിനൊപ്പം പഴയ കഥാപാത്രങ്ങള്‍ ആദ്യഭാഗത്തിലെ അതേ മീറ്ററില്‍ തന്നെ പെര്‍ഫോം ചെയ്യുകയും ചെയ്തപ്പോള്‍ മികച്ച സിനിമാനുഭവമായിരുന്നു ലഭിച്ചത്.

ഡാര്‍ക്ക് ഹ്യൂമര്‍ ഇത്രയേറെ മികച്ച രീതിയില്‍ അവതരിപ്പിച്ച മലയാളചിത്രം ഈയടുത്തൊന്നും വന്നിട്ടില്ലെന്ന് തന്നെ പറയാം. നാട്ടിലെ വസ്തുവെല്ലാം വിറ്റ് രുഗ്മിണിയമ്മക്ക് നല്ലൊരു വീട് സ്വന്തമാക്കി കൊടുക്കുന്ന ശശിധരനെ കാണിച്ചുകൊണ്ട് സിനിമ ആരംഭിക്കുകയാണ്. ട്രെയ്‌ലറില്‍ കാണിച്ചതുപോലെ ആ കുടുംബത്തിന്റെ സ്വസ്ഥത ഇല്ലാതാക്കാനായി ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വരികയും അയാളെ കൊല്ലേണ്ടി വരികയും ചെയ്യുന്നിടത്ത് ചിത്രം മറ്റൊരു ലെവലിലേക്ക് കടക്കുന്നു.

മോഹിനിയാട്ടം Photo: Theatrical Poster

സാധാരണ ക്രൈം ത്രില്ലര്‍ ഴോണറാണെങ്കില്‍ അമിതമായ വയലന്‍സ് കാരണം ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ട ചിത്രമായിരുന്നു മോഹിനിയാട്ടം. എന്നാല്‍ കൃത്യമായി അതിനെ കോമഡിയിലേക്ക് ബ്ലെന്‍ഡ് ചെയ്തപ്പോള്‍ ഗംഭീര സിനിമാനുഭവമായി ചിത്രം മാറി.

ഭരതനാട്യം Photo: Screen grab/ Speed Music

ആദ്യഭാഗത്തില്‍ രണ്ട് കുടുംബങ്ങളെ പറ്റിച്ച ഭരതന്‍ നായരുടെ റേഞ്ച് നമ്മള്‍ വിചാരിച്ചതിലുമപ്പുറമാണെന്ന് ആദ്യത്തെ 15 മിനിറ്റില്‍ തന്നെ വ്യക്തമാകുന്നുണ്ട്. സ്‌ക്രീനില്‍ വന്നുപോകുന്ന എല്ലാവരും സ്‌കോര്‍ ചെയ്യുന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം തൊട്ടാല്‍ പൊള്ളുന്ന ചില വിഷയങ്ങളെ അങ്ങേയറ്റം എയറിലാക്കി ട്രോളുന്നുമുണ്ട്. വ്യത്യസ്തമായ ആചാരങ്ങളും പ്രസാദങ്ങളും നല്‍കുന്ന അമ്പലങ്ങളെയാണ് സംവിധായകന്‍ ഇത്തവണ വിമര്‍ശിക്കുന്നത്.

പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ആദ്യഭാഗത്തിലുണ്ടായിരുന്ന എല്ലാവരും അതേ റേഞ്ചില്‍ തന്നെ ഇപ്രാവശ്യവും പെര്‍ഫോം ചെയ്തിട്ടുണ്ട്. അതില്‍ നന്ദു പൊതുവാളും കലാരഞ്ജിനിയും കുറച്ചധികം സ്‌കോര്‍ ചെയ്‌തെന്ന് തന്നെ പറയാം. ഗംഭീര കൗണ്ടറുകളാണ് ഇരുവരും ചില സീനില്‍ അങ്ങോട്ടുമിങ്ങോട്ടും നല്‍കുന്നത്.

മോഹിനിയാട്ടം Photo: Screen grab/ Think Music India

പുതിയ കഥാപാത്രങ്ങളില്‍ സുരാജ് വെഞ്ഞാറമൂട് ആദ്യാവസാനം നിറഞ്ഞുനിന്നു. ഒരേസമയം കോമഡിയും സീരിയസും മാറി മാറി പെര്‍ഫോം ചെയ്ത് ആ കഥാപാത്രത്തിന്റെ റേഞ്ച് വേറെ ലെവലാക്കി. ഈയടുത്ത് മലയാളത്തില്‍ ഹിറ്റായ ഒരു സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ ഡാര്‍ക്ക് ഹ്യൂമര്‍ വേര്‍ഷനെന്ന് ഗോവിന്ദരാജയെ പറയാം.

മോഹിനിയാട്ടം Photo: Screen grab/ Think Music India

ഞെട്ടിച്ചുകളഞ്ഞത് ബേബി ജീനാണ്. പാട്ട് പാടാന്‍ മാത്രമല്ല, സ്‌ക്രീനില്‍ ഗംഭീര പ്രകടനം നടത്താനും അറിയാമെന്ന് ആലപ്പുഴ ജിംഖാനയിലൂടെ ബേബി ജീന്‍ തെളിയിച്ചു. എന്നാല്‍ നല്ല വെടിപ്പായി ഹ്യൂമര്‍ ചെയ്ത് ഫലിപ്പിക്കാനും സാധിക്കുമെന്ന് മോഹിനിയാട്ടത്തിലൂടെ കാണിച്ചുതന്നു. സെക്കന്‍ഡ് ഹാഫിലെ ഒരു സീനില്‍ ബേബി ജീനിന്റെ പെര്‍ഫോമന്‍സ് കണ്ട് ചിരി നിര്‍ത്താന്‍ തന്നെ പാടുപെട്ടു.

നിസ്താര്‍ സേട്ട്- സന്തോഷ് നായര്‍ കോമ്പോ ഗംഭീരമായിരുന്നു. ആദ്യമൊന്നും വലിയ പ്രാധാന്യമില്ലാത്ത ജഗദീഷ് അവസാനത്തോടടുക്കുമ്പോള്‍ നടത്തിയ പെര്‍ഫോമന്‍സിനെ ഗംഭീരമെന്നേ പറയാനാകൂ. മമ്മൂട്ടിയുടെ ഇമോഷണല്‍ ഡയലോഗുകളിലൊന്ന് ജഗദീഷ് പറഞ്ഞപ്പോള്‍ തിയേറ്ററില്‍ ചിരിയുടെ പൂരമായിരുന്നു. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ വന്ന വിനയ് ഫോര്‍ട്ടും മോശമല്ലാത്ത രീതിയില്‍ തന്റെ കഥാപാത്രത്തെ മികച്ചതാക്കി.

മോഹിനിയാട്ടം Photo: Screen grab/ Think Music India

റഫറന്‍സ് ഡയലോഗുകളില്‍ ചിലത് കൃത്യമായി വര്‍ക്കായിട്ടുണ്ട്. ബെളുത്തിട്ട് പാറ്, ഏഴാം അറിവ്, ബിഗില്‍, ദൃശ്യം 4 റഫറന്‍സിനെല്ലാം തിയേറ്ററില്‍ കിടിലന്‍ റെസ്‌പോണ്‍സായിരുന്നു.

ആദ്യഭാഗം തിയേറ്റര്‍ പരാജയമായിരുന്നിട്ടും രണ്ടാം ഭാഗത്തെ സമീപിക്കാന്‍ സംവിധായകന്‍ കൃഷ്ണദാസ് മുരളി കാണിച്ച കോണ്‍ഫിഡന്‍സ് വിജയിച്ചെന്ന് തന്നെ പറയാം. മൊത്തത്തില്‍ ഭരതനാട്യം കണ്ട് ഇഷ്ടമായവര്‍ക്കെല്ലാം തിയേറ്ററില്‍ ചിരിച്ച് മറിയാന്‍ കഴിയുന്ന ചിത്രം തന്നെയാണ് മോഹിനിയാട്ടം.

Content Highlight: Mohiniyattam movie review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more