| Sunday, 3rd May 2026, 4:55 pm

ഇനി ബ്രില്യന്‍സുകളുടെ വരവാണ്, ഒ.ടി.ടി ഭരിക്കാന്‍ ഭരതന്‍ നായരുടെ കുടുംബം വരുന്നു, മോഹിനിയാട്ടം ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്

അമര്‍നാഥ് എം.

മലയാളത്തില്‍ ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രമെന്ന് പലരും അഭിപ്രായപ്പെട്ട സിനിമയായിരുന്നു മോഹിനിയാട്ടം. തിയേറ്ററില്‍ പരാജയപ്പെടുകയും ഒ.ടി.ടിയില്‍ മികച്ച പ്രതികരണം നേടുകയും ചെയ്ത ഭരതനാട്യത്തിന്റെ സീക്വലാണ് മോഹിനിയാട്ടം. വിഷു റിലീസായി തിയേറ്ററുകളിലെത്തിയ മോഹിനിയാട്ടം വന്‍ വിജയമാണ് സ്വന്തമാക്കിയത്.

ആദ്യഭാഗത്തില്‍ നിന്ന് ഴോണര്‍ ഷിഫ്റ്റ് നടത്തിയാണ് സംവിധായകന്‍ കൃഷ്ണദാസ് മുരളി മോഹിനിയാട്ടം ഒരുക്കിയത്. മലയാളത്തിലെ ഡാര്‍ക്ക് കോമഡി സിനിമകളിലെ ബെഞ്ച്മാര്‍ക്കെന്ന് മോഹിനിയാട്ടത്തെ വിശേഷിപ്പിക്കാം. ബോക്‌സ് ഓഫീസില്‍ 38 കോടിക്കടുത്ത് ചിത്രം നേടിക്കഴിഞ്ഞു. വാഴ 2ന്റെ കുതിപ്പിനിടയില്‍ തിയേറ്ററുകളിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നോട്ട് കുതിച്ചത്.

ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിലെത്തുകയാണ്. നെറ്റ്ഫ്‌ളിക്‌സാണ് ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്‌സ് സ്വന്തമാക്കിയത്. മെയ് എട്ടിന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ആദ്യഭാഗമായ ഭരതനാട്യം ആമസോണ്‍ പ്രൈമായിരുന്നു ഏറ്റെടുത്തത്. പേ പെര്‍ വ്യൂ രീതിയില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രം റെക്കോഡ് കാഴ്ചക്കാരെയായിരുന്നു സ്വന്തമാക്കിയത്.

തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം നടക്കുമ്പോള്‍ തന്നെ മോഹിനിയാട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമാപേജുകളില്‍ സജീവമായിരുന്നു. നുറുങ് തമാശകള്‍ കൊണ്ടുപോലും ചിരിപ്പിച്ച ചിത്രമെന്നാണ് മോഹിനിയാട്ടത്തെ വിശേഷിപ്പിച്ചത്. ഒ.ടി.ടി റിലീസിന് ശേഷം ഓരോ സീനും ഡയലോഗും വരെ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

ഭരതനാട്യം നിര്‍ത്തിയ പോയിന്റില്‍ നിന്നാണ് മോഹിനിയാട്ടം കഥ പറഞ്ഞുതുടങ്ങുന്നത്. നാട്ടിലെ പ്രശ്‌നങ്ങളെല്ലാം ഒരുവിധത്തില്‍ ഒതുക്കിയ ശശിധരന്‍ നായര്‍ക്കും കുടുംബത്തിനും പുതിയതായി നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് ചിത്രത്തിന്റെ കഥ. ആദ്യാവസാനം ഗ്രാഫ് താഴാതെ പീക്ക് കോമഡിയിലാണ് സംവിധായകന്‍ കഥ പറയുന്നത്.

ആദ്യ ഭാഗത്തെ താരങ്ങള്‍ക്കൊപ്പം പുതിയ കഥാപാത്രങ്ങളും ഇത്തവണ രംഗപ്രവേശം ചെയ്തിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട്, ബേബി ജീന്‍, വിനയ് ഫോര്‍ട്ട്, ജഗദീഷ്, നിസ്താര്‍ സേട്ട് തുടങ്ങി വലിയ താരനിരയാണ് മോഹിനിയാട്ടത്തിലുള്ളത്. തിയേറ്റര്‍ റിലീസിലെന്ന പോലെ ഒ.ടി.ടിയിലും വാഴ 2വുമായിട്ടാണ് മോഹിനിയാട്ടത്തിന്റെ ക്ലാഷ്.

Content Highlight: Mohiniyattam movie OTT release date out now

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more