നല്ല സിനിമയായിരുന്നിട്ടും മലയാളികള്‍ യാതൊരു ദയയുമില്ലാതെ പരാജയപ്പെടുത്തിയ ചിത്രമാണ് ഭരതനാട്യം. നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രത്തില്‍ സൈജു കുറപ്പായിരുന്നു നായകന്‍. 2024ല്‍ പുറത്തിറങ്ങിയ ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോഴിതാ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം റിലീസിന് തയാറെടുക്കുകയാണ്. ആദ്യഭാഗം നിര്‍ത്തിയ ഇടത്ത് നിന്ന് തുടങ്ങുന്ന ചിത്രത്തില്‍ പുതിയ പല താരങ്ങളുമുണ്ട്. ഏപ്രില്‍ 10നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ഫൈനല്‍ മിക്‌സിന്റെ ഫോട്ടോകള്‍ കഴിഞ്ഞദിവസം സംവിധായകന്‍ പങ്കുവെച്ചിരുന്നു.
ചിത്രത്തിന്റെ താങ്ക്‌സ് കാര്‍ഡും ടൈറ്റില്‍ കാര്‍ഡുമാണ് പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചത്. ദൈവത്തിനും രക്ഷിതാക്കള്‍ക്കും പകരം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനാണ് നന്ദി അറിയിച്ചത്. മിഥുന്‍ മാനുവലിന്റെ ആദ്യചിത്രമായ ആടിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള താങ്ക്‌സ് കാര്‍ഡ് എല്ലാവരെയും ചിരിപ്പിച്ചു.
‘ആദ്യ സിനിമ തിയേറ്ററില്‍ ഭേഷായി പൊട്ടുകയും അതേ സിനിമയുടെ തന്നെ രണ്ടാം ഭാഗം സൂപ്പര്‍ഹിറ്റാക്കുകയും ചെയ്ത മിഥുന്‍ മാനുവല്‍ തോമസാണ് ഞങ്ങളുടെ പ്രചോദനം’ എന്ന താങ്ക്‌സ് കാര്‍ഡും രജിനികാന്തിന്റെ ടൈറ്റില്‍ കാര്‍ഡിനെ ഓര്‍മിപ്പിക്കുന്നതുപോലെ സൈജു കുറുപ്പിന് കിടിലന്‍ ടൈറ്റില്‍ കാര്‍ഡുമാണ് സംവിധായകന്‍ കൃഷ്ണദാസ് മുരളി പങ്കുവെച്ചത്.
കൃഷ്ണദാസ് മുരളി Photo: Krishnadas Murali/ Facebook
‘സൂപ്പര്‍ സ്റ്റാര്‍ രജിനി’ എന്ന കാര്‍ഡ് പോലെ ‘സൈജു കുറുപ്പ് 150’ എന്നാണ് സംവിധായകന്‍ ഒരുക്കിയ ടൈറ്റില്‍ കാര്‍ഡ്. റിലീസിന് മുമ്പ് തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ട്രെയ്‌ലര്‍ തന്ന ഹൈപ്പ് ചിത്രം നിലനിര്‍ത്തുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആദ്യഭാഗം പരാജയമാക്കിയതിന്റെ ക്ഷീണം രണ്ടാം ഭാഗത്തില്‍ പ്രേക്ഷകര്‍ തീര്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍.
സൈജു കുറുപ്പ്, കലാരഞ്ജിനി, ശ്രീജ രവി, നന്ദു പൊതുവാള്‍, സ്വാതി ദാസ് പ്രഭു എന്നിവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, ബേബി ജീന്‍, ജഗദീഷ്, വിനയ് ഫോര്‍ട്ട് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കോമഡിക്കൊപ്പം കുറച്ച് ത്രില്ലര്‍ എലമെന്റുമുള്ള ചിത്രമാണ് മോഹിനിയാട്ടമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി റിലീസ് മാറ്റിയത് മോഹിനിയാട്ടത്തിന് ലാഭമായിരിക്കുകയാണ്. നിലവില്‍ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന വാഴ 2നൊപ്പം മോഹിനിയാട്ടത്തിനും പിടിച്ചുനില്‍ക്കാനാകുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.
Content Highlight: Mohiniyattam final mix completed and ready to release