| Friday, 17th July 2026, 11:42 am

'ഇയാളെ തട്ടിയതിന്റെ പേരില് ഇവിടുന്ന് ആരും ജയിലില്‍ കേറില്ല'; അറയ്ക്കല്‍ അബുവിനെയല്ലേ ആ കണ്ടത്; മോഹിനിയാട്ടം ഡിലീറ്റഡ് സീനിന് കയ്യടി

ആര്യ.പി

ഭരതനാട്യം സിനിമയുടെ രണ്ടാം ഭാഗമായി തിയേറ്ററില്‍ എത്തി ഗംഭീര വിജയം സ്വന്തമാക്കിയ ചിത്രമാണ് കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിലെത്തിയ മോഹിനിയാട്ടം. ചിത്രത്തിന്റെ മൂന്നാം ഭാഗമായ രാസലീല അണിയറ പ്രവര്‍ത്തകര്‍ അനൗണ്‍സ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് മോഹിനിയാട്ടം സിനിമയിലെ മറ്റൊരു ഡിലീറ്റഡ് സീന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇതുവരെ പുറത്തുവന്ന ഡിലീറ്റഡ് സീനുകള്‍ക്കും മുകളില്‍ നില്‍ക്കുന്ന സീനെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.

ഗോവിന്ദരാജയുടെ മരണത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തോളാമെന്നും നിങ്ങള്‍ എല്ലാവരും ഇവിടെ നിന്ന് രക്ഷപ്പെട്ടോളൂവെന്നും രുഗ്മിണിയുടെ കഥാപാത്രം പറയുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭാഷണങ്ങളുമാണ് സീനില്‍.

ഇപ്പോള്‍ പോയാല്‍ മൂന്നര മണിയുടെ ‘വന്ദേമാതരം’ കിട്ടുമെന്നും എന്തെങ്കിലും ഉണ്ടങ്കില്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതിയെന്നും നന്ദുപൊതുവാള്‍ അവതരിപ്പിച്ച അശോകന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ചിരിപടര്‍ത്തുന്നുണ്ട്.

രുഗ്മിണിയമ്മയുടെ നല്ല മനസുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും ഇതിന്റെയൊക്കെ മൂലകാരണം വേറൊരാളാണെന്നും ജീവനോടെ ഇല്ലാതെ പോയെന്നും പറഞ്ഞ് ഭരതന്‍നായരെ പഴിക്കുന്ന സരസ്വതിയും സീനിലുണ്ട്.

എന്നാല്‍ ഇതിന് പിന്നാലെയുള്ള സൈജു കുറുപ്പിന്റെ എന്‍ട്രിയും ഡയലോഗുമാണ് കയ്യടി മുഴുവന്‍ നേടുന്നത്. ഗോവിന്ദരാജ ജീവനോടെ ഇരുന്നെങ്കിലുള്ള അവസ്ഥ എല്ലാവരും ആലോചിക്കണമെന്നും പാപം ചെയ്‌തെന്ന തോന്നല്‍ ആര്‍ക്കും വേണ്ടെന്നും അയാളെ തട്ടിയതിന്റെ പേരില്‍ ഇവിടെ നിന്നും ആരും ജയിലില്‍ പോകില്ലെന്നും സൈജുവിന്റെ കഥാപാത്രം പറയുന്ന ഡയലോഗും അതിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോറും ഗംഭീരമായെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

എന്നാല്‍ സോഷ്യല്‍മീഡിയയില്‍ മറ്റുചിലര്‍ കണ്ടുപിടിച്ചത് ഈ സീനിലെ സൈജുവിന്റെ മാനറിസവും മറ്റൊരു കഥാപാത്രവുമായുള്ള സാമ്യതയുമാണ്.

ആ ഒരൊറ്റ ഡയലോഗില്‍ അറയ്ക്കല്‍ അബു മിന്നിമാഞ്ഞെന്നാണ് പലരും കമന്റ് ചെയ്തത്. ഈ സീനുകളൊക്കെ എന്തിനാണ് ഡിലീറ്റ് ചെയ്തതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ഒരു അണ്‍കട്ട് വേര്‍ഷന്‍ ഇറക്കി വിടെന്നും ഈ സീന്‍ പടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ നല്ല ഒരു ഇന്റര്‍വെല്‍ ബ്ലോക്ക് കിട്ടിയേനെയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Mohiniyattam Deleted Scene and Saiju Kurupp Performance

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more