| Monday, 18th May 2026, 11:29 pm

നാച്ചുറലായിട്ടുള്ള അഭിനയം എന്ന സംഭവമില്ല: അഭിരാം രാധാകൃഷ്ണന്‍

അശ്വിന്‍ രാജേന്ദ്രന്‍

2015ല്‍ പുറത്തിറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന മലയാള ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് അഭിരാം രാധാകൃഷ്ണന്‍. പിന്നീട് മലയാളത്തില്‍ ചെറുതും വലുതുമായ വേഷങ്ങളിലായി മുപ്പതോളം ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അഞ്ചാം പാതിര, ഉണ്ട, ജാന്‍.എ.മന്‍, ഫാലിമി, മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് വലിയ രീതിയില്‍ പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളാലയിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യവും ഭരതനാട്യം 2 മോഹിനിയാട്ടവും.

ചിത്രത്തിലെ പ്രകടനത്തിന് വലിയ പ്രശംസയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ദി ഷോസ്‌കേപ് ജേണല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിനയത്തെ കുറിച്ച് പറയുന്ന അഭിരാമിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നാച്ചുറലായിട്ടുള്ള അഭിനയം എന്നൊന്നില്ലെന്നും എല്ലാ ചിത്രങ്ങള്‍ക്കും അത് ആവശ്യപ്പെടുന്ന മീറ്ററിലാണ് അഭിനേതാക്കള്‍ പെര്‍ഫോം ചെയ്യുന്നതെന്നും പറയുകയാണ് താരം.

ഭരതനാട്യം. Photo: IMDB

‘ഞാന്‍ ഇപ്പോള്‍ സംസാരിച്ച് കൊണ്ടിരിക്കുന്നതാണ് നാച്ചുറല്‍. കാരണം ഇതിനൊരു പ്ലാനില്ല. പക്ഷേ സിനിമയിലതിനൊരു പ്ലാനുണ്ട്. ഈ മീറ്ററില്‍ ഈ സ്‌ട്രെസില്‍, ഈ പോസില്‍ സംവിധായകന് വേണ്ടി വരും. അതിനായിട്ട് നമ്മള്‍ ആ രീതിയില്‍ തന്നെ റിഹേഴ്‌സ് ചെയ്ത് ചെയ്യേണ്ടി വരിക തന്നെ ചെയ്യും. ചില സിനിമകളുടെ രീതിയങ്ങനെയാണ് എന്നാല്‍ ചില സിനിമകളുടേത് അങ്ങനെയല്ല.

ചില സംവിധായകര്‍ നമ്മളോട് താനെന്തെങ്കിലും ചെയ്‌തോ എന്നാണ് പറയുക. കാസര്‍ഗോട് പയ്യന്നൂര്‍ ഭാഗത്തെല്ലാം നമ്മള്‍ ആ സ്ലാങ്ങില്‍ സംസാരിക്കേണ്ട പരിപാടിയാണ്. അപ്പോള്‍ നമുക്ക് എങ്ങനെ വേണമെങ്കിലും ചെയ്യാം. ഷൈന്‍ ടോം ചാക്കോയുള്ള വിചിത്രം എന്നൊരു ചിത്രമുണ്ടായിരുന്നു അതിലൊരു തൃശ്ശൂര്‍ ക്യാരക്ടറായിരുന്നു. പക്ഷേ അവിടെ പോയിട്ട് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഇംപ്രൊവൈസേഷന്‍ എന്ന് പറയുന്ന കാര്യം നടക്കില്ല. അതിനവരുടെ സഹായം തന്നെ ആവശ്യമാണ്. അത് പ്രാക്ടീസ് ചെയ്ത് റിഹേഴ്‌സ് ചെയ്തിട്ട് വേണം ചെയ്യാന്‍. ആ പടം കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ഞാനത് നന്നായിട്ട് ചെയ്തിട്ടില്ലെന്നാണ്,’ അഭിരാം പറഞ്ഞു.

ഭരതനാട്യം 2 മോഹിനിയാട്ടO. Photo: Netflix

2024ല്‍ പുറത്തിറങ്ങിയ ഭരതനാട്യത്തില്‍ ഉപദ്രവകാരിയല്ലാത്ത വില്ലനായ സുഭാഷ് എന്ന കഥാപാത്രമായിട്ടായിരുന്നു അഭിരാം പ്രത്യക്ഷപ്പെട്ടത്. ചിത്രം തിയേറ്ററുകളില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും ഒ.ടി.ടിയില്‍ കിട്ടിയ ഊര്‍ജം കൈമുതലാക്കി സംവിധായകന്‍ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുകയായിരുന്നു. മോഹിനിയാട്ടം എന്ന പേരില്‍ കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ചിത്രം 40കോടിയിലധികം നേടി മികച്ച വിജയവുമായിട്ടായിരുന്നു തിയേറ്റര്‍ വിട്ടത്. ആദ്യഭാഗത്തില്‍ നെഗറ്റീവ് ഷേഡായിരുന്നെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഹേറ്റേഴ്സിനെയും ഫാനാക്കി മാറ്റുന്ന തരത്തിലായിരുന്നു ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രത്തെ സംവിധായകന്‍ അവതരിപ്പിച്ചത്. കഥാപാത്രത്തെ കറക്ട് മീറ്ററില്‍ അവതരിപ്പിച്ച അഭിരാമും പ്രേക്ഷകരുടെ കൈയടിക്ക് അര്‍ഹനായിരുന്നു.

Content Highlight: Mohiniyattam Actor Abhiram Radhakrishnan talks about natural acting

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more