2015ല്‍ പുറത്തിറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന മലയാള ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് അഭിരാം രാധാകൃഷ്ണന്‍. പിന്നീട് മലയാളത്തില്‍ ചെറുതും വലുതുമായ വേഷങ്ങളിലായി മുപ്പതോളം ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അഞ്ചാം പാതിര, ഉണ്ട, ജാന്‍.എ.മന്‍, ഫാലിമി, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരരത്തിന് വലിയ രീതിയില്‍ പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളാലയിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യവും ഭരതനാട്യം 2 മോഹിനിയാട്ടവും.
2024ല്‍ പുറത്തിറങ്ങിയ ഭരതനാട്യത്തില്‍ ഉപദ്രവകാരിയല്ലാത്ത വില്ലനായ സുഭാഷ് എന്ന കഥാപാത്രമായിട്ടായിരുന്നു അഭിരാം പ്രത്യക്ഷപ്പെട്ടത്. ചിത്രം തിയേറ്ററുകളില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും ഒ.ടി.ടിയില്‍ കിട്ടിയ ഊര്‍ജം കൈമുതലാക്കി സംവിധായകന്‍ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുകയായിരുന്നു. മോഹിനിയാട്ടം എന്ന പേരില്‍ കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ചിത്രം 40കോടിയിലധികം നേടി മികച്ച വിജയവുമായിട്ടായിരുന്നു തിയേറ്റര്‍ വിട്ടത്. ആദ്യഭാഗത്തില്‍ നെഗറ്റീവ് ഷേഡായിരുന്നെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഹേറ്റേഴ്‌സിനെയും ഫാനാക്കി മാറ്റുന്ന തരത്തിലായിരുന്നു ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രത്തെ സംവിധായകന്‍ അവതരിപ്പിച്ചത്. കഥാപാത്രത്തെ കറക്ട് മീറ്ററില്‍ അവതരിപ്പിച്ച അഭിരാമും പ്രേക്ഷകരുടെ കൈയടിക്ക് അര്‍ഹനായിരുന്നു.
അഭിരാം രാധാകൃഷ്ണന്‍. Photo: X.com
ഇപ്പോഴിതാ മോഹിനിയാട്ടവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ താന്‍ അഭിനയിച്ച് വലിയ ഹിറ്റായി മാറിയ പറവ എന്ന ചിത്രത്തെക്കുറിച്ച് അഭിരാം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായ സൗബിന്‍ ഷാഹിറിന് ചിത്രത്തെ കുറിച്ചുള്ള ധാരണയെക്കുറിച്ചാണ് അഭിരാം ദ ഷോ സ്‌കേപ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചത്.
‘പറവ ചെയ്ത സമയത്ത് സിദ്ദിഖ് ഇക്ക സൗബിന്റെ അടുത്ത് നീയതൊന്ന് ചെയ്ത് കാണിച്ചേ എന്ന് പറയുമായിരുന്നു. അങ്ങനെ സൗബിന്‍ ഓരോ രീതിയില്‍ ആ സീന്‍ ചെയ്ത് കാണിക്കുമായിരുന്നു. പറവ എന്ന സിനിമ സൗബിന്റെ ജീവിതത്തിലെ ഒരുപാട് ഏടുകള്‍ കോര്‍ത്തിണക്കിയ സിനിമയാണ്. സൗബിന്‍ നേരിട്ട് കണ്ട് അനുഭവിച്ച ഒരുപാട് കാര്യങ്ങള്‍ അതിലുണ്ട്.
അത് നമുക്കാര്‍ക്കും എത്ര പറഞ്ഞാലും മനസിലാവില്ല. കാരണം സൗബിനാണ് അത് എക്പീരിയന്‍സ് ചെയിതിരിക്കുന്നത്. അതുകൊണ്ടാണ് സൗബിന്‍ തന്നെ അത് നമുക്ക് ചെയ്ത് കാണിച്ച് തരുന്നത്. അതിന് ശേഷമാണ് നമുക്ക് ഈ പ്രാവുകളെക്കുറിച്ചും ഇവരുടെ പരിപാടിയുമെല്ലാം മനസിലായത്. ഒന്നരക്കൊല്ലത്തോളം കൊച്ചി മട്ടാഞ്ചേരി ഭാഗത്തായിരുന്നു. ഒരു കോളേജില്‍ പോയി ഡിഗ്രി എടുത്തുവന്ന അനുഭവമായിരുന്നു പറവ,’ അഭിരാം പറഞ്ഞു.
പറവ. Photo: DipsicDude
സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ പറവയില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഷെയന്‍ നിഗം, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. 2017ല്‍ പുറത്തിറങ്ങിയ ചിത്രം 20 കോടിയിലധികം നേടി തിയേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു.
Content Highlight: Mohiniyattam Actor Abhiram radhakrishnan talks about his experience of acting in Parava movie directed by Soubin Shahir