| Monday, 17th August 2026, 9:25 am

രാജുവേട്ടന്റെ കിന്റല്‍ ഇടിയിലും ലാലേട്ടന്റെ കാമിയോയുടെയും ഇടയില്‍ ആരും ശ്രദ്ധിക്കാത്ത കംബാക്ക്... 15 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി മോഹിനി

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഖലീഫ. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ ഹൈപ്പ് ഇരട്ടിയായി. ആക്ഷന്‍ ഡ്രാമയായിട്ടാണ് വൈശാഖ് ഖലീഫ അണിയിച്ചൊരുക്കുന്നത്.

അമീര്‍ അലി എന്ന യുവാവ് സ്വര്‍ണക്കടത്ത് സിന്‍ഡിക്കേറ്റിന്റെ തലവനായി മാറുന്നതും അയാള്‍ നേരിടേണ്ടി വരുന്ന തിരിച്ചടികളുമാണ് ഖലീഫയുടെ കഥയെന്ന് ട്രെയ്‌ലറില്‍ വ്യക്തമാണ്. ഫാമിലി ഇമോഷനുകള്‍ക്കൊപ്പം ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഖലീഫ പ്രേക്ഷകരിലേക്കെത്തുന്നത്. പൃഥ്വിരാജിന്റെ സ്റ്റാര്‍ഡം പരമാവധി ഉപയോഗിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

മോഹിനി Photo: Screen grab/ Sony Music Malayalam

പൃഥ്വിരാജിന്റെ കിന്റല്‍ ഇടിയും മോഹന്‍ലാലിന്റെ കാമിയോയും ഉണ്ടെങ്കിലും ട്രെയ്‌ലറില്‍ പലരുടെയും ശ്രദ്ധയാകര്‍ഷിച്ചത് മോഹിനിയുടെ സാന്നിധ്യമാണ്. ഒരുകാലത്ത് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന മോഹിനിയുടെ തിരിച്ചുവരവ് കൂടിയാണ് ഖലീഫ. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹിനി വീണ്ടും ക്യാമറക്ക് മുന്നിലെത്തുന്നത്.

2011ല്‍ പുറത്തിറങ്ങിയ കളക്ടര്‍ എന്ന ചിത്രത്തിലാണ് മോഹിനി അവസാനമായി വേഷമിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ശക്തമായ കഥാപാത്രമാകും മോഹിനിയുടേതെന്നാണ് കരുതുന്നത്. പൃഥ്വിരാജിന്റെ അമ്മയായിട്ടാണ് മോഹിനി ഖലീഫയിലെത്തുന്നത്. നൂര്‍ജഹാന്‍ എന്നാണ് മോഹിനിയുടെ കഥാപാത്രത്തിന്റെ പേര്.

പൃഥ്വി- മോഹിനി കോമ്പോ സിനിമയുടെ ഇമോഷണല്‍ ഹൈലൈറ്റുകളിലൊന്നാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജിനു എബ്രഹാമിന്റെ തിരക്കഥയില്‍ ഇമോഷന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് സ്ഥിരം കാഴ്ചയാണ്. ഖലീഫയിലും അത് ആവര്‍ത്തിക്കാനായാല്‍ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കാന്‍ സാധിക്കും.

40 കോടിയോളം ചെലവഴിച്ചാണ് വൈശാഖ് ഖലീഫ അണിയിച്ചൊരുക്കുന്നത്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷാണ് ചിത്രത്തിലെ വില്ലനായി വേഷമിടുന്നത്. ഷമ്മി തിലകന്‍, മാളവിക ശര്‍മ, സഞ്ജു ശിവറാം, ഇന്ദ്രന്‍സ് തുടങ്ങി വലിയ താരനിര ഖലീഫയില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാലിന് പുറമെ ടൊവിനോയും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ടെന്ന് റൂമറുകളുണ്ട്.

മാമ്പറക്കല്‍ അഹമ്മദ് അലിയായി എത്തുന്ന മോഹന്‍ലാലിന്റെ സീനുകള്‍ക്കായാണ് പലരും കാത്തിരിക്കുന്നത്. പത്ത് മിനിറ്റ് മാത്രമുള്ള വേഷത്തില്‍ മലയാളത്തിന്റെ മോഹന്‍ലാല്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Mohini’s comeback in Khalifa movie discussing in Social Media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more