ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പരമ്പരയില്‍ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ വിമര്‍ശനവുമായി മുന്‍ താരം മുഹമ്മദ് കൈഫ്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ബലിയാടാണ് കുല്‍ദീപെന്നും താരത്തിന് അര്‍ഹിക്കുന്ന അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കുൽദീപ് യാദവ്
‘കുല്‍ദീപ് യാദവിന് വീണ്ടും താന്‍ തഴയപ്പെട്ടുവെന്ന തോന്നലുണ്ടാകും. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ബലിയാടാണ് അദ്ദേഹം. മോശം പ്രകടനം നടത്തുന്നതിനാലോ കളിച്ചിട്ട് പരാജയപ്പെടുന്നതിനാലോ അല്ല അദ്ദേഹത്തെ പുറത്തിരുത്തുന്നത്. അര്‍ഹിക്കുന്ന അവസരങ്ങള്‍ പോലും അദ്ദേഹത്തിന് ലഭിക്കുന്നില്ല.
ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറെ ടീമില്‍ നിന്ന് ഒഴിവാക്കി, ഒരു അരങ്ങേറ്റക്കാരന് നേരിട്ട് ഉത്തരവാദിത്വം ഏല്‍പ്പിച്ച് മികച്ച പ്രകടനം പ്രതീക്ഷിച്ചു. ഇവിടെ സാരാന്‍ഷ് ജെയിനെ കുറ്റപ്പെടുത്താനാകില്ല. ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ എത്തി മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.
എന്റെ അഭിപ്രായത്തില്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കി സാരാന്‍ഷ് ജെയിനെ കളിപ്പിച്ചത് മാനേജ്‌മെന്റിന്റെ ഏറ്റവും വലിയ പിഴവായിരുന്നു. അത് മാനേജ്‌മെന്റിന്റെ മോശം തീരുമാനമായിരുന്നു,’ മുഹമ്മദ് കൈഫ് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. മത്സരത്തില്‍ കുല്‍ദീപിന് പകരക്കാരനായി ഇറങ്ങിയ സാരാന്‍ഷ് ജെയിന്‍ ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും നേടിയിരുന്നു.
ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ അവസരം ലഭിച്ച കുല്‍ദീപിന് ഒരു വിക്കറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.
അതേസമയം കൊളംബോയിലെ സിംഹളീസ് സ്പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഫോളോ ഓണിനിറങ്ങിയ ലങ്കയുടെ അപരാജിത ചെറുത്തുനില്‍പ്പാണ് മത്സരം സമനിലയിലേക്കെത്തിച്ചത്.
മത്സരത്തിന്റെ നാല് ദിവസവും വിജയം മുമ്പില്‍ കണ്ട ഇന്ത്യയുടെ കൈകളില്‍ നിന്നും അവസാന ദിവസത്തെ ചെറുത്തുനില്‍പ്പിലൂടെ ലങ്ക വിജയം തട്ടിയകറ്റുകയായിരുന്നു.
ഇന്ത്യ: 503/9d
ശ്രീലങ്ക: 290 & 429/9 (F/O)
Content Highlight: Mohemmed Kaif Talking About Kuldeep Yadav