ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യ നേരിട്ട് തന്റെ കൈയില്‍ നിന്ന് വാങ്ങാതെ നല്‍കില്ലെന്ന നിലപാടിലാണ് ഇപ്പോഴും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വിയെന്ന് റിപ്പോര്‍ട്ട്. തന്റെ അനുമതിയോ ശാരീരിക സാന്നിധ്യമോ ഇല്ലാതെ ആര്‍ക്കും ട്രോഫി നല്‍കരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. നഖ്‌വിയുടെ നിര്‍ദേശപ്രകാരം ട്രോഫി ദുബായിലെ എ.സി.സി ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
‘ദുബായിലെ എ.സി.സി ഓഫീസിലാണെന്ന് നഖ്‌വിയുമായിട്ടുള്ള അടുത്ത വൃത്തങ്ങള്‍ പി.ടി.ഐയോട് പറഞ്ഞു. ഏഷ്യാ കപ്പ് ട്രോഫി തന്റെ അനുമതിയോ സാന്നിധ്യമോ ഇല്ലാതെ ആര്‍ക്കും നല്‍കുകയും മാറ്റുകയും ചെയ്യരുതെന്ന് നഖ്‌വി നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യ തയ്യാറാകുമ്പോള്‍ നേരിട്ട് ട്രോഫി ഇന്ത്യന്‍ ടീമിനോ ബി.സി.സി.ഐക്കോ കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്,’ ഒരു വൃത്തം പറഞ്ഞു.
ഏഷ്യാ കപ്പിന്റെ കിരീടപ്പോരാട്ടത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യ പാക് മന്ത്രി കൂടിയായ മൊഹ്സിന്‍ നഖ്‌വിയുടെ കയ്യില്‍ നിന്നും ട്രോഫി സ്വീകരിക്കില്ല എന്ന് നിലപാടെടുത്തിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെയാണ് ഇന്ത്യ ഏഷ്യാ കപ്പ് വേദിയില്‍ അസാധാരണ നടപടി സ്വീകരിച്ചത്.
ഇന്ത്യയുടെ നിലപാടിന് പിന്നാലെ ട്രോഫിയുമായി നഖ്‌വി പോയതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് കിരീടം വേണമെങ്കില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് എ.സി.സി ആസ്ഥാനത്തെത്തി തന്റെ കയ്യില്‍ നിന്ന് തന്നെ വാങ്ങിക്കണമെന്ന പിടിവാശിയിലായിരുന്നു മൊഹ്സിന്‍ നഖ്‌വി.
അതേ നിലപാട് തന്നെയാണ് ഇപ്പോഴും നഖ്‌വി തുടരുന്നത്. അതോടെ ടൂര്‍ണമെന്റ് അവസാനിച്ച് ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഇന്ത്യയ്ക്ക് കിരീടം ‘സ്വന്തമാക്കാന്‍’ സാധിച്ചിട്ടില്ല
Content Highlight: Mohasin Naqvi says no handover of Asia Cup Trophy without consent and physical presence