| Sunday, 9th October 2011, 9:40 pm

മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണം: റിട്ട:സൈനികോദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂപ്പര്‍താരം മോഹന്‍ലാലിന്റെ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിരോധമന്ത്രാലയത്തിന് റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥന്റെ പരാതി. പദവിക്ക് യോജിക്കാത്ത തരത്തില്‍ സൈനിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു, ലഫ്റ്റ്‌നന്റ് കേണല്‍ പദവി സാമ്പത്തിക ലാഭമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്യുന്നു എന്നു കാണിച്ച് റിട്ട. ബ്രിഗേഡിയര്‍ സി.പി. ജോഷിയാണ് പരാതി നല്‍കിയിരിക്കുന്നത്.

2010 ഡിസംബര്‍ ഒന്നു മുതല്‍ 2011 ജനുവരി 15 വരെ നീണ്ടുനിന്ന ഗ്രാന്റ് കേരള ഷോപ്പിംങ് ഫെസ്റ്റിവലിന്റെ പരസ്യമാണ് പരാതിക്കാധാരം. മോഹന്‍ലാലും അമിതാഭ് ബച്ചനും പ്രത്യക്ഷപ്പെടുന്ന പ്രസ്തുത പരസ്യത്തില്‍ ലാല്‍ സൈനികവേഷത്തില്‍ തന്റെ പദവലിക്ക് നിരക്കാത്ത രീതിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് പ്രതിരോധമന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ ബ്രിഗേഡിയര്‍ സി.പി. ജോഷി ആരോപിച്ചിരിക്കുന്നത്. ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് സംസ്ഥാന സര്‍ക്കാര്‍ മോഹന്‍ലാലിന് 50 ലക്ഷം രൂപ പ്രതിഫലം നല്‍കി. യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രചാരണ പരിപാടികളില്‍ മാത്രം ഉപയോഗിക്കേണ്ട പദവി ധനസമ്പാദനത്തിനായി വിനിയോഗിച്ചുവെന്നും പദവിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി രണ്ട് വര്‍ഷം മുമ്പാണ് പ്രതിരോധ മന്ത്രാലയം മോഹന്‍ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. ദില്ലിയിലെ സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ ദീപക് കപൂറാണ് മോഹന്‍ലാലിന് ടെറിറ്റോറിയല്‍ ആര്‍മി അംഗത്വം നല്‍കിയത്. ക്രിക്കറ്റ് താരം കപില്‍ദേവിനുശേഷം ഈ പദവി ലഭിക്കുന്ന പ്രമുഖനാണ് മോഹന്‍ലാല്‍

നേരത്തേ സുകുമാര്‍ അഴീക്കോടക്കമുള്ള പല പ്രമുഖരും മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവിക്കെതിരെ വിമര്‍ശമുയര്‍ത്തിയിരുന്നു. ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത് തിരിച്ചെടുക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്ന് സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തിയെന്ന് വാര്‍ത്തയോട് പ്രതികരിക്കവെയായിരുന്നു അഴീക്കോട് ആഴശ്യമുന്നയിച്ചത്. മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവിയെക്കുറിച്ച് മറ്റ് ചില സൈനിക മേധാവികളും രംഗത്തുവന്നതായാണ് സൂചന. മലയാളത്തിലെ പ്രധാന വാര്‍ത്താ ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഈ പരാതിയില്‍ പ്രതിരോധ മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കുമെന്നാണറിയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more