എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും .. അങ്ങനെ പവനായി ശവമായി എന്ന് പറഞ്ഞ പോലെയായി വളരെ ഹൈപ്പോടുകൂടി വന്ന ഭ ഭ ബ യുടെ അവസ്ഥ. എന്തിനേറെ പറയാൻ വെറുതേ പോയിരുന്ന മോഹൻലാലിനെ വരെ എയറിലാക്കുക എന്നതായിരുന്നു നൂറിന്റെ തിരക്കഥയിൽ പിറന്ന ഈ ചിത്രത്തിന്റെ ലക്ഷ്യമെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
മോഹൻലാലിന്റെ തോൾ ചരിച്ചുള്ള നടപ്പ്, മുണ്ട് മടക്കി കുത്തൽ, മീശപിരി ഇവയൊക്കെയും മലയാളികൾക്ക് എന്നും ഒരു ഹരമായിരുന്നു. എന്നാൽ ആ ഹരത്തെ തന്നെ ഇല്ലാതാക്കുന്നതാണ് ഭ ഭ ബയിൽ ലാലേട്ടൻ ചെയ്തതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഐക്കോണിക് ആയ ഈ ഘടകങ്ങൾ സിനിമയിൽ മാസ് ആയി മാറുന്നതിന് പകരം, ഒരുതരം കോമാളിത്തരമായി അവതരിപ്പിക്കപ്പെട്ടുവെന്നതാണ് പൊതുവായ അഭിപ്രായം.
മോഹൻലാൽ, Photo: ZEE5/ Screen grab
മലയാള സിനിമയിലെ ഏറ്റവും വലിയ താരമൂല്യമുള്ള നടനാണ് മോഹൻലാൽ. അദ്ദേഹം ഒരു പ്രദർശന വസ്തുവല്ല. ഭ ഭ ബയിൽ മോഹൻലാലിനെ ഒരു മഹാനടനായി അല്ല, മറിച്ച് ഒരു കോമാളിയായി അവതരിപ്പിച്ചുവെന്നും, ഒരു സീനിൽ അത് വ്യക്തമായി തെളിയിക്കുന്നുവെന്നും ആരാധകരും ട്രോളന്മാരും ചൂണ്ടിക്കാണിക്കുന്നു.
ദിലീപിന്റെ കഥാപാത്രം മുണ്ട് ഉടുത്ത് വരുമ്പോൾ ബിജു പപ്പന്റെ കഥാപാത്രം പറയുന്നുണ്ട് ‘മുണ്ട് ഉടുത്തപ്പോൾ ആളാകെ മാറി പോയല്ലോ.. ഒരു കാര്യം ചെയ്യ് അനിയാ, മുണ്ട് അങ്ങ് മടക്കി കുത്ത് എന്ന് അതിന് മറുപടിയായി ദിലീപ് എല്ലാ വിനയത്തിലുമായിട്ട് പറയും ‘അയ്യോ മുണ്ട് മടക്കി കുത്താൻ എനിക്ക് വലിയ പിടിയില്ല’ എന്ന്.
അതുവരെ സംഭവം ഓക്കെ ആണ് പക്ഷെ അവിടുന്ന് അങ്ങോട്ട് പിന്നെ സീൻ മാറും.
മോഹൻലാൽ, Photo: ZEE5/ Screen grab
ഗോകുലം ഗോപാലൻ ഉടനെ ‘എന്നാ നീ നല്ല സ്ഥലത്താ എത്തിയിരിക്കുന്നത്’ എന്നും പറഞ്ഞൊരു തുടക്കമിടും. അത് കേട്ടിട്ട് ബിജു പപ്പൻ ‘അണ്ണനൊന്ന് മുണ്ട് മടക്കി കുത്തിയാൽ ആയിരം ലൈറ്റ് ആണ്’ എന്നൊരു പിന്തുണയും ഗോപാലന് കൊടുക്കും.
പിന്നെ കാണുന്നത് അവിടെ കൂടി നിന്ന ജനങ്ങൾ മൊത്തം കൂടി ഇളകി മറിഞ്ഞിട്ട് മോഹൻലാലിന്റെ ഗില്ലി ബാലയോട് മുണ്ട് മടക്കി കുത്താൻ വേണ്ടി പറഞ്ഞ് ഇളകി മറിയുന്നതാണ്. ആദ്യം ഒന്ന് മടി കാണിക്കുമെങ്കിലും ആരാധകരുടെ ആവശ്യം മാനിച്ച് വിശാല മനസ്കനായ ഗില്ലി ബാലേട്ടൻ എല്ലാവരുടെയും മുന്നിൽ വന്ന് നിന്ന് ആ മുണ്ട് എടുത്ത് അങ്ങ് എൻജോയ് ചെയ്ത് കുറച്ച് സമയമെടുത്തങ്ങ് മടക്കും.
അവിടം കൊണ്ടും തീർന്നില്ല, വീണ്ടും ഗോകുലം ഗോപാലൻ ‘ആ മീശയും കൂടി ഒന്ന് പിരിക്ക് ബാലാ’ എന്ന് പറഞ്ഞ് ഒന്ന് കൂടി അങ്ങ് ഹൈപ്പ് കേറ്റും. ഇത്തവണ വലിയ മടി ഒന്നും കാണിക്കാതെ ഗില്ലി ബാലേട്ടൻ ആ മീശ അങ്ങ് പിരിച്ച് കാണിച്ച് കൊടുക്കും.
മോഹൻലാൽ, Photo: JioHotstar,/ Screen grab
എന്തോ വലിയ മാസ്സ് സീൻ പോലെയാണ് ഇതെഴുതി വെച്ചിരിക്കുന്നത്. പ്രേക്ഷകർ എങ്ങനെ പ്രതികരിക്കണം എന്നത് ദിലീപ്, ബിജു പപ്പൻ, ഗോകുലം ഗോപാലൻ എന്നിവരുടെ എക്സ്പ്രഷനുകളിലൂടെ സംവിധായകനും തിരക്കഥാകൃത്തും വ്യക്തമാക്കാൻ ശ്രമിക്കുന്നുമുണ്ട്.
എന്നാൽ മലയാളികൾ വർഷങ്ങളായി ആഘോഷിച്ച മോഹൻലാലിന്റെ ഈ ഐക്കോണിക് മുഹൂർത്തങ്ങൾ മാർക്കറ്റിങ്ങിനായി മാത്രം ഉപയോഗിച്ചതാണ്, അതും ഒരുതരം കോമാളിത്തരമായി അവതരിപ്പിച്ചുവെന്നാണ് പ്രേക്ഷകരുടെ ആരോപണം.
ഇത്തരം കാര്യങ്ങൾ ഒരു സിനിമയിൽ വരേണ്ടത് കഥയുടെ സ്വാഭാവികമായ ഫ്ലോയിലൂടെയാണെന്നും ‘തുടരും’ ഒരു കംപ്ലീറ്റ് മാസ് സിനിമ അല്ലെങ്കിലും, ജയിൽ ഫൈറ്റ് സീനിനിടയിൽ മോഹൻലാൽ മുണ്ട് മടക്കി കുത്തുമ്പോൾ പ്രേക്ഷകർ കൈയ്യടിച്ചുപോയത് അതിന്റെ ഉദാഹരണമാണെന്നും പ്രേക്ഷകർ പറയുന്നു. അത്തരം നിമിഷങ്ങൾ പ്ലാൻ ചെയ്ത് ഉണ്ടാക്കേണ്ടതല്ല, അറിയാതെ തോന്നേണ്ടതാണെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിച്ചു.
ലോജിക്കില്ലാതെ എന്തും എഴുതി വെച്ചാൽ കയ്യടി വീഴില്ല, മോഹൻലാലിനെ മുന്നിൽ നിർത്തി ഒരു കാഴ്ച വസ്തുവിനെ പോലെ ഓരോന്നും ചെയ്യിപ്പിക്കുന്നതാണ് ഈ സീനിൽ, എന്തിനാ ലാലേട്ടാ ഇത്തരം അബദ്ധങ്ങൾ ചെയ്യുന്നത് തുടങ്ങി നിരവധി കമന്റുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
Content Highlight: Mohanlal trolled on social media after Bha Bha Ba movie