| Thursday, 15th January 2026, 8:45 am

തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ ചിത്രം ഷൂട്ട് 23 ന് തുടങ്ങുമെന്ന് സൂചന; ജനുവരിയില്‍ ഓടി നടന്ന് അഭിനയിച്ച് മോഹന്‍ലാല്‍

അശ്വിന്‍ രാജേന്ദ്രന്‍

ലൂസിഫറല്ലാതെ ഹിറ്റൊന്നുമില്ലെന്ന് പറഞ്ഞ് പരിഹസിച്ചവരുടെ വായടപ്പിച്ചാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ 2025 അവസാനിപ്പിച്ചത്. കണ്ണു തട്ടാതിരിക്കാന്‍ ദിലീപ് ചിത്രം ഭ ഭ ബയില്‍ കാമിയോ റോളില്‍ എത്തിയതും തെലുങ്ക് ചിത്രം വൃഷഭയും ഒഴികെ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയായിരുന്നു താരം കളംവിട്ടത്.

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍, തരുണ്‍ മൂര്‍ത്തി സംവിധാനത്തില്‍ പിറന്ന തുടരും, എവര്‍ഗ്രീന്‍ കോംബോയായ സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഹൃദയപൂര്‍വ്വം തുടങ്ങി മറ്റൊരു നടനും അടുക്കാന്‍ പറ്റാത്ത വിധത്തില്‍ കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ തന്റെതാക്കിയിരുന്നു.

പാട്രിയറ്റ് . Photo: Indian Tv News

2025 ലെ ഇതേ ഫോം 2026 ലും തുടരാനുള്ള ഒരുക്കത്തിലാണ് താരം. അന്യഭാഷയിലടക്കം വമ്പന്‍ ചിത്രങ്ങളാണ് പുതുവര്‍ഷത്തില്‍ മോഹല്‍ലാലിന്റെയായി വരാനിരിക്കുന്നത്. താരത്തിന്റെ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാമിയോ റോളാണ് ജയിലര്‍ 2 വിലേത്. രജിനികാന്ത് നായകനായ ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യൂ എന്ന കഥാപാത്രം വലിയ ആരാധക പിന്തുണ നേടിയിരുന്നു. ഇതിന്റെ എക്സ്റ്റന്റഡ് വേര്‍ഷനായിരിക്കും രണ്ടാം ഭാഗമായ ജയിലര്‍ 2 വില്‍.

ഇതിന് പുറമെ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടായ കത്തനാറില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ പ്രിയദര്‍ശന്‍-സെയ്ഫ് അലി ഖാന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ഹൈവാനിലും മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുമെന്ന് വാര്‍ത്തകളുണ്ട്.

ലോകസിനിമയില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിയ 2013 ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഏപ്രില്‍ 2 ന് തിയ്യേറ്ററുകളിലെത്തുമെന്ന് അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ദീര്‍ഘകാലത്തിന് ശേഷം മലയാളത്തിലെ ബിഗ് എം’സ് ആയ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന പാട്രിയറ്റ് അവസാന ഘട്ട മിനുക്ക് പണികളിലാണ്.

ദൃശ്യം 3. Photo: screengrab/ Mohanlal/ facebook.com

ജനുവരിയില്‍ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഷൂട്ടിങ്ങിന്റെ തിരക്കുകളില്‍ മുഴുകിയിരിക്കുകയാണ് മോഹന്‍ലാല്‍. വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ഖലീഫയില്‍ അഭിനയിക്കുന്ന ലാല്‍ ജനുവരി 23 മുതല്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന പേരിടാത്ത ‘L365’ ചിത്രത്തിന്റെ ഷൂട്ടിന്റെ ഭാഗമാകും. തരുണും നിര്‍മാതാവ് ആഷിഖ് അബുവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് ഷൂട്ടിങ്ങ് 23 ന് തുടങ്ങുമെന്ന് സൂചന നല്‍കിയത്.

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘തുടക്ക’ത്തിന്റെ ചിത്രീകരണത്തിലും താരം ഈ ആഴ്ച്ചയില്‍ ഭാഗമായിരുന്നു. ഹിറ്റ് ചിത്രം 2018 ന്റെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി അവസാനത്തില്‍ കത്തനാറിലും മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Mohanlal to be part of several fil shooting in January

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more